മുംബൈ: ശ്രീലങ്ക കേന്ദ്രീകരിച്ച് ദക്ഷിണേന്ത്യയില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ ഒരുങ്ങുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിനായി പാകിസ്ഥാനിലെ ഭീകര പരിശീലന ക്യാമ്പില്‍ എട്ട് ലഷ്കര്‍ ഭീകരര്‍ക്ക് പരിശീലനം നല്‍കിവരുന്നതായി മഹാരാഷ്ട്ര പോലീസിന് റിപ്പോര്‍ട്ട് ലഭിച്ചു.
ശ്രീലങ്കന്‍ മത്സ്യതൊഴിലാളികളുടെ വേഷത്തില്‍ കടല്‍കടന്ന് ആക്രമണം നടത്താനാണ് ലഷ്ക്കര്‍ ഇ തോയിബ പദ്ധതിയിടുന്നതെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു.
ശ്രീലങ്കയിലെ ജാഫ്ന കേന്ദ്രമാക്കി തമിഴ്നാട്ടിലെ മധുരയിലോ മയിലാടുംതുറൈയിലോ ആകാം ആക്രമണമെന്നാണ് സൂചന.
ഭീകരരില്‍ നാല് പേര് പഞ്ചാബികളും മറ്റുള്ളവര്‍ കശ്മീരികളുമാണ്. ഏതാനും മാസങ്ങള്‍ക്കകം തന്നെ ആക്രമണം ഉണ്ടായേക്കുമെന്നും അതിനാല്‍ തന്നെ സുരക്ഷാ ഏജന്‍സികള്‍ ജാഗ്രത പാലിക്കണമെന്നും ഇന്റലിന്‍ജന്‍സ് റിപ്പോര്‍ട്ടിലുണ്ട്. ശ്രീലങ്കന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് തിരുവനന്തപുരത്തും മുംബൈയിലും സന്ദര്‍ശനം നടത്തിയ പാക് പൗരന്മാരെന്ന് സംശയിക്കുന്ന മൂന്ന് പേരെ ശ്രീലങ്കന്‍ പോലീസ് ഫെബ്രുവരി രണ്ടിന് അറസ്റ്റ് ചെയ്തിരുന്നു.
ലഷ്കര്‍ ഇ തോയിബക്ക് പുറമെ, ബാബര്‍ ഖാല്‍സ ഇന്റര്‍നാഷണല്‍, ജൈഷ ഇ മൊഹമ്മദ്, ജമത്ത് ഉദ് ദവാ, ലഷ്കര്‍ ഇ ജാന്ഗ്വി, അല്‍ ഉമര്‍ മുജാഹിദീന്‍, ഹിസുള്ള മുജാഹിദീന്‍ എന്നീ ഭീകര സംഘടനകള്‍ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ കൈകോര്‍ത്തതായും പോലീസ് സംശയിക്കുന്നുണ്ട്.
പതാക താഴ്ത്തല്‍ ചടങ്ങിനിടെ വാഗ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറ്റം നടത്താനും ഭീകരര്‍ ശ്രമിച്ചേക്കുമെന്ന് സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: