എന്റെ മലയാളി സുഹൃത്തുക്കളേ……ഞാനെഴുപതുലക്ഷം രൂപയുടെ പാവപ്പെട്ട കടക്കാരനാണേ.. ധൂര്‍ത്തും മദ്യപാനവും കൊണ്ടുണ്ടായ കടമാണേ…..ഒരുകാലത്ത് കോടികള്‍കൊണ്ട് അമ്മാനമാടിയവനാണേ…..
(ഒരു റിയാലിറ്റിഷോയില്‍ പങ്കെടുക്കാനെത്തിയ പണ്ഡിതബുദ്ധന്‍ ജി.എസ്.പ്രദീപിന്റെ കുമ്പസാരം)
* * * * * *
ദൈവമേ! നീയെന്തിനെനിക്കിത്ര സൗന്ദര്യം തന്നു? സൗന്ദര്യം ഒരു ശാപമാണോ? ഞാനത്രയ്ക്ക് ശപിക്കപ്പെട്ടവളാണോ?
(അതേ ഷോയിലെ മറ്റൊരു മത്സരാര്‍ത്ഥി, നടിയും മോഡലുമായ റോസിന് ജോളി വിലപിക്കുന്നത്)
* * * * * *
ചോദ്യം: കേരളത്തില്‍ ധനമന്ത്രിയുണ്ടോ?
ഉത്തരം: ഉണ്ടാകും. ഉണ്ടാകണം. ഉണ്ടാകേണ്ടതാണ്.
(മറ്റൊരു ഷോയിലെ വിധികര്‍ത്താവും കൗമാരക്കാരിയായ മത്സരാര്‍ത്ഥിയും തമ്മിലുള്ള സംഭാഷണത്തില്‍നിന്ന്)
* * * * * *
ന്‍ഘേ! ഇയാളിതുവരെ ഒരാഭരണക്കടയിലും കയറിയിട്ടില്ലെന്നോ? അവിശ്വസനീയം!
(അതേ ഷോയിലെ അവതാരക കൗമാരക്കാരിയായ മറ്റൊരു മത്സരാര്‍ത്ഥിയെക്കുറിച്ച് അത്ഭുതപ്പെടുന്നത്)
* * * * * *
മലയാളിയുടെ ദൃശ്യബോധം പ്രതീതി യാഥാര്‍ത്ഥ്യത്തിന്റെ പെരുമഴപ്പെയ്ത്തില്‍ ഇളകിമറിയുകയാണ്. ടെലിവിഷന്‍ ചാനലുകളുടെ വര്‍ണചിത്രങ്ങള്‍ യാഥാര്‍ത്ഥ്യത്തിന്റെയും അയഥാര്‍ത്ഥത്തിന്റെയും അതിര്‍രേഖകള്‍ അവനില്‍നിന്നും മായ്ച്ചു കളയുന്നു. കച്ചവടമുതലാളിത്തത്തിന്റെ സാംസ്കാരിക രൂപത്തെ സ്വീകരണമുറിയില്‍ ആനയിച്ചിരുത്തുകയും ജീവിതത്തെ അതിന് വിധേയപ്പെടുത്തുകയും ചെയ്യുന്ന മധ്യവര്‍ഗ സമൂഹത്തിന്റെ സ്വാഭാവിക വിധിയാണത്.
പ്രതീതി യാഥാര്‍ത്ഥ്യമാണ് കമ്പോളാധിഷ്ഠിത ദൃശ്യമാധ്യമസംസ്കാരത്തിന്റെ മുടക്കുമുതല്‍. കമ്പോളം എന്ന കുഴലൂത്തുകാരന് സൃഷ്ടിക്കുന്ന മായാപ്രപഞ്ചം. കമ്പോളമാണ് ശരിയും സ്വീകാര്യവുമെന്നുറപ്പിക്കുന്ന, കമ്പോളത്തിന് പിന്നാലെ ഭ്രാന്തെടുത്ത് പായുന്ന ഉന്മാദിയായ ജനക്കൂട്ടമാണ് അതിന്റെ ലക്ഷ്യം. ടിവി റിയാലിറ്റി ഷോകളാല്‍ സമൃദ്ധമാക്കപ്പെട്ട മലയാളിയുടെ രാത്രികാല ജീവിതം ഈ ലക്ഷ്യത്തിന്റെ സാധൂകരണമായി ഇവിടെ വായിക്കുകയാണ്.
റിയാലിറ്റി ഷോകളും റിയല്‍ റിയാലിറ്റി ഷോകളും
യാഥാര്‍ത്ഥ്യബോധം തീര്‍ത്തും ശൂന്യമായ, മനുഷ്യന്റെ സാമാന്യബുദ്ധിയെപ്പോലും അപഹസിക്കുന്ന പരിപാടികളാണ് ‘റിയാലിറ്റി ഷോ’ എന്ന് പേരിട്ട് ഇറക്കുമതി ചെയ്യപ്പെടുന്ന ടെലിവിഷന്‍ ഷോകള്‍. വ്യത്യസ്ത ചാനലുകളില്‍ വ്യത്യസ്ത രൂപങ്ങളില്‍ ഇറക്കുമതി ചെയ്യപ്പെടുന്ന എല്ലാ ഷോകളുടേയും ലക്ഷ്യം ഒന്നു തന്നെയാണ്-കാഴ്ചക്കാരന് മായിക വിഭ്രാന്തി ഉണ്ടാക്കുക; അവനെ മനോരോഗിയാക്കുക. നിലവിലുള്ള റിയാലിറ്റി ഷോകളില്‍ റിയാലിറ്റി ഇല്ല എന്ന് വ്യംഗ്യരൂപേണ ആരോപിച്ചുകൊണ്ടാണ് ഒരു ചാനല്‍ പ്രവര്‍ത്തകര്‍ അവരുടെ പരിപാടിക്ക് ‘റിയല്‍ റിയാലിറ്റി ഷോ’ എന്ന് പേരിട്ടത്. ഇവിടെ ജീവിതം കേവലം ‘ഷോ’; ജീവിത വൃത്തികള്‍ മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട ടാസ്കുകള്.
റിയാലിറ്റി ഷോകളില്‍ കാഴ്ചക്കാരില്ല; പങ്കാളികളേ ഉള്ളൂ-ഈ വസ്തുതയുടെ ഉറപ്പിക്കലാണ് പ്രായോജകരുടെ പ്രാഥമിക ടാസ്ക്. ഷോ സംഭവിക്കുന്നത് കാഴ്ചക്കാരന്റെ സ്വീകരണമുറിയിലാണ്, അയാളുടെ അരികിലാണ്, അയാളുടെ ജീവിതത്തില്‍ തന്നെയാണ് എന്ന് ബോധ്യപ്പെടുത്തിക്കൊണ്ട് മാത്രമേ പരിപാടിക്ക് മുന്നോട്ട് നീങ്ങാനാകുകയുള്ളൂ. ഒരു തീപ്പെട്ടിക്കൂടിന്റെ ഫ്രീഗിഫ്റ്റില്പ്പോലും പ്രലോഭിതമാകുന്ന മധ്യവര്‍ഗ ജീവിതത്തെ ഇതിലേക്ക് നയിക്കുക ശ്രമകരമായ കാര്യമല്ല എന്നതാണ് വാസ്തവം.
അങ്ങനെയാണ്, ‘നിങ്ങള്‍ക്കുമാകാം കോടീശ്വരന്’ എന്നുപറഞ്ഞ് ഒരു സിനിമാതാരം കൈനീട്ടുമ്പോള്‍ അത് തന്റെ നേര്‍ക്കാണെന്ന് അയാള്‍ക്ക് തോന്നുന്നത്. അയാള്‍ ആലിംഗനം ചെയ്യുന്നത് തന്റെ അഴുക്കുപിടിച്ച ശരീരത്തെയാണല്ലോ എന്നോര്‍ത്ത് കുളിരണിയുന്നത്. ഒരു പെണ്‍കുട്ടി ഒരു പെട്ടി പണവുമായി പടിയിറങ്ങി വരുന്നത് കാണുമ്പോള്‍ അയാളുടെ നെഞ്ചിടിപ്പേറുന്നത്. വിശ്വസുന്ദരിപ്പട്ടത്തിന് ചെമന്ന പരവതാനിയില്‍ പൂച്ച നടത്തം അഭ്യസിക്കുന്ന പെണ്‍കുട്ടി തന്റെ മകള്‍ തന്നെയെന്നുറപ്പിച്ച് കൈയടിക്കുന്നത്. ആഭരണക്കടകളിലും തുണിക്കടകളിലും ഓടിപ്പാഞ്ഞ് ഷോപ്പിംഗ് നടത്തുന്ന ആദര്‍ശ ദമ്പതികള്‍ താനും ഭാര്യയും തന്നെയെന്നോര്‍ത്ത് സന്തോഷിക്കുന്നത്. മത്സരാര്‍ത്ഥികളുടെ ഓരോ വിജയവും പരാജയവും തന്റേതാണെന്ന് നിനച്ച് അയാള്‍ സന്തോഷിക്കുകയും ദുഃഖിക്കുകയും ചെയ്യുന്നു.
ഇതാണ് പ്രതീതി യാഥാര്‍ത്ഥ്യം. മറ്റൊന്നിന് ധര്‍മയോഗത്താലതു താനല്ലയോ ഇതെന്ന വര്‍ണ്യത്തിലാശങ്ക. ചിലപ്പോഴത് സ്മൃതിമാനും ഭ്രാന്തിമാനുമാകാം. ഒരുതരം ഉന്മാദം. എന്തായാലും എലിക്കൂട്ടത്തെ മരണക്കയത്തിലേക്ക് കൊണ്ടുപോകുന്ന കുഴലൂത്തുകാരന്റെ ജാലവിദ്യയാണത്.
ഒളിഞ്ഞുനോട്ടമൊരുക്കുന്ന റിയല്ഷോ
ഇവയിലേറ്റവും വീര്യം കൂടിയ ഒന്നാണ് ഒരു മലയാള ടിവി ചാനല്‍ ഇപ്പോള്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു റിയല്‍ റിയാലിറ്റി ഷോ. ഒളിഞ്ഞുനോട്ടം എന്ന വിനോദ വ്യവസായം. ആരാന്റമ്മയ്ക്ക് പിടിച്ച ഭ്രാന്ത് കണ്ടാനന്ദിക്കുന്ന മനോരോഗത്തെയാണ് ഈ റിയല്‍ ഷോ ഉല്‍പ്പാദിപ്പിക്കുന്നത്. സമൂഹത്തിന്റെ വ്യത്യസ്ത മേഖലയിലുള്ള പതിനാറുപേര്‍ ഒരു വീട്ടില്‍ കൂടിച്ചേരുന്നു. ഇവിടെ ഇവരുടെ ജീവിതം തുറന്ന പുസ്തകമാണ്. (കുളിമുറിയൊഴിച്ചുള്ള ഇടങ്ങളിലെല്ലാം ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്ന് ചാനല്‍) മത്സരാര്‍ത്ഥികളില്‍ വേദാന്തിയുണ്ട്; പണ്ഡിത ബുദ്ധിജിവിയുണ്ട്. അശ്ലീലസാഹിത്യകാരനുമുണ്ട്. രാഷ്ട്രീയ കേരളത്തിന്റെ (ഒരു കാലത്തെ) പ്രബുദ്ധ യൗവ്വനമുണ്ട്. പാട്ടുകാരിയുമുണ്ട്. നൃത്തക്കാരിയുണ്ട്. സിനിമാനടിയുണ്ട്. കുടുംബിനിയുണ്ട്. കുടുംബ വ്യവസ്ഥയെ നിഷേധിക്കുന്ന വിപ്ലവകാരിയുമുണ്ട്. നൂറു ദിവസത്തെ മത്സരക്കാലത്ത് ബാഹ്യലോകബന്ധങ്ങളില്നിന്ന് വിഛേദിക്കപ്പെട്ടവരാണിവര്. തിന്നുക, പ്രാഥമിക കര്‍മങ്ങള്‍ നിറവേറ്റുക, രസംകൊല്ലി ഭാഷണങ്ങളിലേര്പ്പെടുക, തരം കിട്ടിയാല്‍ പരസ്പ്പരം കടിച്ചു കീറാനും പാകത്തില്‍ ചരിക്കുന്ന മൃഗജീവിതം. പ്രവൃത്തിദോഷം കൊണ്ട് ഓരോ ആഴ്ചയിലും ഒരാള്‍ പുറത്തുപോകും. അവസാനം വരെ നില്‍ക്കുന്നയാള്‍ക്ക്- അര്ഹതയുള്ളവന് അതിജീവിക്കും എന്ന കാട്ടുനീതിക്ക്-വീട് സ്വന്തമാക്കാം.
വ്യക്തിക്ക് സ്വകാര്യതയെന്നൊന്നില്ല എന്നാണ് ഷോ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ‘നിങ്ങള്‍ പൂര്‍ണമായും നിരീക്ഷണത്തിലാണ്’ എന്ന് ജിറാഫിനെപ്പോലെ കഴുത്തുനീട്ടുന്ന ക്യാമറകള്‍ പ്രഖ്യാപിക്കുന്നു ( യശഴ യ്ഋീവേലൃ ംമരേവശിഴ ്യീൗ എന്ന് ജോര്‍ജ് ഓര്‍വല്‍). വ്യക്തിയുടെ ആത്മഗതവും സ്വകാര്യഭാഷണങ്ങളും കിടപ്പുമുറിയിലെ നില്‍പ്പും ഇരിപ്പും കിടപ്പുമൊക്കെ ക്യാമറ അവിശ്രമം പകര്‍ത്തിക്കൊണ്ടേയിരിക്കുന്നു. വൈരാഗിയുടെ പ്രണയജീവിതം തെഴുക്കുന്നതും പണ്ഡിതബുദ്ധിജീവി ‘മറിച്ചു ചൊല്ല്’ അഭ്യസിപ്പിക്കുന്നതും ഒളിഞ്ഞുനോട്ടത്തിന്റെ ആസ്വാദ്യതയോടെ കാഴ്ചക്കാരന് കണ്ടുനിറയുന്നു.
സ്വകാര്യതയില്ലാത്ത വ്യക്തി പ്രാകൃത ജീവിതത്തിന്റെ ബാക്കി പത്രമാണ്. ഒളിഞ്ഞുനോട്ടം എന്ന രതിവ്യതിയാനവും ദമനം ചെയ്യപ്പെട്ട പ്രാകൃതവാസന തന്നെയാണ്. അധ്വാനരഹിതമായ ആനന്ദം. സ്വകാര്യതയില്ലാത്ത വ്യക്തിയും അവന്റെ ജീവിതത്തിലേക്ക് സര്‍വസമയവും കഴുത്തുനീട്ടുന്ന ക്യാമറകളും (കാഴ്ചക്കാരനും) പ്രാകൃത ജന്തുജീവിതത്തിലേക്ക് മനുഷ്യനെ പിന്മടക്കുന്ന പ്രതിലോമകരങ്ങളായ ആശയപ്രതിനിധാനങ്ങളാണ്. വ്യക്തി, അവന്റെ ഇരുളിടങ്ങളില് നഗ്നവാനരന്‍ മാത്രമാണ് എന്ന് വിശദമാക്കുവാനും ഈ ഷോ ശ്രമിക്കുന്നുണ്ട്. മനുഷ്യന് ഇരുകാലില്‍ നിവര്‍ന്നു നില്ക്കാന് കാണിച്ച ഇച്ഛാശക്തിയേയും സംസ്കാര രൂപീകരണത്തിന് ഉപാദാനമായ ചരിത്ര സാഹചര്യങ്ങളെയും മറന്ന് കേവല മൃഗമായി തീരുക എന്നത് പണം പ്രധാനമാകുന്ന ആധിപത്യ വ്യവസ്ഥയുടെ ആഗ്രഹം കൂടിയാണ്. ഈ വസ്തുത സ്ഥാപിച്ചെടുക്കാനും ഷോയുടെ പിന്നണി പ്രവര്‍ത്തകര്‍ ഒരു മത്സരത്തിലൂടെ ശ്രമിക്കുന്നുണ്ട്.
വിലപിടിപ്പുള്ള ഒരു കാര്‍ കാണിച്ചുകൊണ്ട് ഷോ പ്രവര്‍ത്തകര്‍ മുന്നോട്ടുവെച്ച ഉപാധി ഇതാണ്-ഏറ്റവും കൂടുതല്‍ നേരം കാര്‍ തൊട്ടുരുമ്മി നില്‍ക്കുന്നയാള്‍ക്ക് അത് സ്വന്തമാക്കാം. ഒരു പട്ടി യജമാനനെന്നോടെന്നപോലെ കാറിനെ നക്കിയും തുടച്ചും അതിന്റെ ചുവട്ടില്‍ ഊണുപേക്ഷിച്ച് ചുരുണ്ട് കൂടി ഉറങ്ങിയും കാര്‍ സ്വന്തമാക്കാനായി വേദാന്തിയും രാഷ്ട്രീയ കേരളത്തിന്റെ പ്രബുദ്ധ യൗവനവും നടത്തിയ ആ മത്സരമാണ് ഇതിലെ ഏറ്റവും അശ്ലീലഭരിതമായ രംഗം. ‘നിങ്ങള്‍ ഇതില്‍ കൂടുതലായൊന്നുമല്ല’ എന്ന് വേദാന്തിയോടും രാഷ്ട്രീയ പ്രവര്‍ത്തകയോടും ഈ വിധത്തില്‍ പറഞ്ഞതാകാം ഈ ഷോയുടെ ഫലശ്രുതി.
സ്ത്രീശാക്തീകരണം അഥവാ ഫാഷന്‍ ഡിസൈനിംഗ്: ഒരു റിയാലിറ്റി ഷോ
മധ്യവര്‍ഗ ജീവിതത്തിന്റെ അപകര്‍ഷതാ ബോധത്തെ താലോലിച്ചുണര്ത്തുക എന്നതാണ് റിയാലിറ്റി നിര്‍മാതാക്കളുടെ പ്രധാന തന്ത്രം. നിങ്ങളുടെ ജീവിതം എന്തു ജീവിതമാണ് എന്ന് അവര്‍ സൗമ്യമായി നമ്മോട് ചോദിക്കുന്ന ചോദ്യം ‘നിങ്ങളുടെ ശരീരം, ഭക്ഷണം, വീട്, തൊഴില്‍ ഇതൊക്കെ വൃത്തികെട്ടതാണ് എന്ന് നമ്മോട് പറയാതെ പറഞ്ഞുകൊണ്ടേയിരിക്കും. (ഒരു റിയാലിറ്റി ഷോയിലെ ഐടി ഉദ്യോഗസ്ഥന് കിട്ടിയ ടാസ്ക് അലക്കു തൊഴില്‍ ചെയ്യുക എന്നതായിരുന്നു. സാധാരണമായ, നിലവാരം കുറഞ്ഞ ഒരു പ്രക്രിയ അസാധാരണക്കാരനായ മത്സരാര്‍ത്ഥി പൂര്‍ത്തിയാക്കുന്നു എന്ന രീതിയിലാണ് എല്ലാ ഷോകളിലും ടാസ്കുകള് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇവിടെ നിലവാരം കുറഞ്ഞ അലക്കുതൊഴില്‍ ഐടി ഉദ്യോഗസ്ഥന് പൂര്‍ത്തിയാക്കി വിജയിക്കുന്നതായി ഷോ വിവരിക്കുന്നു. (ഐടി ഉദ്യോഗസ്ഥന്റെ ടാസ്കിലൂടെ അലക്ക് നിലവാരമില്ലാത്ത, താഴ്ന്നതരം തൊഴിലാണ് എന്ന് സ്ഥാപിക്കാനാണ് ഷോ ശ്രമിച്ചത്.) അങ്ങനെ നമ്മുടെ ജീവിതം അപകര്ഷപ്പെട്ടതാണ് എന്ന് നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ട് “നിങ്ങള്‍ക്ക് മിടുക്കനും മിടുക്കിയും ആകണ്ടേ” എന്നൊരു പ്രലോഭന വാക്യം തുടര്‍ന്നുണ്ടാകുന്നു.
മേമ്പൊടിയായി അരാഷ്ട്രീയ സ്വഭാവമുള്ള സാമൂഹ്യോദ്ബോധന ആശയങ്ങളും. ഫാഷന്‍ ഷോയെ പ്രധാന പ്രമേയമാക്കിയ ഒരു റിയാലിറ്റി ഷോയുടെ മുദ്രാവാക്യം സ്ത്രീ ശാക്തീകരണമായിരുന്നു. മലയാളത്തിലെ പെണ്ണെഴുത്തുകാരി മ്യൂസ് മേരി ജോര്‍ജ് സജീവമായി സഹകരിച്ച ഷോ ആയിരുന്നു അത്. ഫാഷന്‍ ഡിസൈനറും ബ്യൂട്ടീഷ്യനും വിധകര്ത്താക്കളായ ആ ഷോയില്‍ ഒരു സാമൂഹ്യ പ്രവര്‍ത്തകയുമുണ്ടായിരുന്നു വിധികര്‍ത്താവിന്റെ വേഷത്തില്‍. (സാമൂഹ്യ പ്രവര്‍ത്തകയായ പീയൂഷ് ആന്റണി, കേരളത്തിലെ ഏത് സാമൂഹിക മണ്ഡലത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ആ ഷോയില്‍ എന്ത് വിധിനിര്‍ണയമാണ് അവര്‍ നടത്തിയതെന്നും ഈ ലേഖകന്‍ ഇതുവരെ മനസ്സിലായിട്ടില്ല എന്ന വസ്തുത ഖേദത്തോടെ രേഖപ്പെടുത്തുന്നു.)
കൗമാരക്കാരികള്‍ക്ക് സാമൂഹ്യബോധമുണ്ടാക്കാനുള്ള ടാസ്ക്കുകളില് ഒന്നായിരുന്നു ഈ ലേഖനത്തിന്റെ ആദ്യഭാഗത്ത് വിവരിച്ച സംഭാഷണം. കഷ്ടം! ഷോ അവതാരക 22എഫ്കെ ഫെയിം റീമാ കല്ലിങ്കല്‍. സ്ത്രീ പീഡകന്റെ ലിംഗം ഛേദിച്ച കഥ തന്നെയാകാം റീമയെ സ്ത്രീശാക്തീകരണ ഷോയുടെ അവതാരക വേഷം കെട്ടിച്ചത്. സത്യത്തില്‍ ആ സിനിമയുടെ പ്രമേയം തന്നെയാണ് ഷോയുടെതും. ഒമ്പതാംക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ ലൈംഗിക ചൂഷണം ചെയ്തവനോട് നായികയ്ക്ക് അശേഷം കോപമില്ല. പ്രതിനായകന് ആദ്യവട്ടം ബലാല്ക്കാരം ചെയ്തിട്ടും അവള് പ്രതികാരത്തിനൊരുമ്പെടുന്നില്ല. കാനഡയിലേക്കുള്ള അവളുടെ യാത്ര തടഞ്ഞ് നായകനും പ്രതിനായകനും കൂടി അവളെ ജയിലിലേക്ക് എത്തിക്കുമ്പോഴാണ് അവള് പ്രതികാര സന്നദ്ധയാകുന്നത്. അതായത് കനേഡിയന്‍ സായിപ്പിന്റെ അരികിലേക്കുള്ള യാത്രയ്ക്ക് ഭംഗം വരുമ്പോഴാണ് സ്ത്രീ അവിടെ ശാക്തീകരിക്കപ്പെടുന്നത്. വിദേശ റാമ്പുകളില്‍ സായിപ്പിന്റെ മുന്നിലൂടെ ഉദ്ധത ശരീരവുമായി നടന്നുപോവുന്ന മലയാളി പെണ്‍കൊടി ആ സിനിമയുടേയും സ്ത്രീ ശാക്തീകരണ ഷോയുടെയും സ്വപ്നവും ലക്ഷ്യവുമാണ്.
പാചകറാണിമാരും വിഭവങ്ങളും
മധ്യവര്‍ഗ മലയാളി വീടുകളിലെ ഭക്ഷണം മാത്രമല്ല, അവ പാചകം ചെയ്യുന്ന ഗൃഹനായികയും കരിപുരണ്ടിരിക്കുന്നു എന്ന് ഓര്‍മിക്കുകയാണ് പാചകറാണിമാരും അവരുണ്ടാക്കുന്ന കൊതിയൂറും വിഭവങ്ങളും. ഉല്‍പ്പാദനരഹിതമായ സമ്പദ്വ്യവസ്ഥയില് നടുവൊടിഞ്ഞു പോകുന്ന ഗതികെട്ട ജീവിതങ്ങളെ അപകര്‍ഷപ്പെടുത്തുകയും വിധേയപ്പെടുത്തുകയും ചെയ്യുന്ന ഈ രാസവിദ്യ തന്നെയാണ് മലയാളി മനസ്സിനെയും രോഗാതുരമാക്കുന്നത്, ‘ഒരാഭരണക്കടയിലും താന്‍ കയറിയിട്ടില്ലേ’ എന്ന ചോദ്യം കൊണ്ട് അവനെ നാണം കെടുത്തുന്നത്; കമ്പോള ഉല്‍പ്പന്നങ്ങള്‍ക്ക് പിന്നാലെ ഭ്രാന്തെടുത്ത് പായാനും അവയ്ക്കുമുന്നില്‍ ചുരുണ്ടുകൂടി കിടക്കാനും അവനെ നിര്ബന്ധിതനാക്കുന്നത്്, ലക്ഷങ്ങള്‍ തട്ടിപ്പറിക്കുന്ന സുന്ദരിയേയും ലക്ഷങ്ങള്‍ നഷ്ടപ്പെട്ട് വിലപിക്കുന്ന പണ്ഡിത ബുദ്ധിജീവിയേയും ഒരേപോലെ ആരാധിക്കാന്‍ അവനെ പ്രേരിപ്പിക്കുന്നത്.
പക്ഷേ കുഴലൂത്തുകാരന് പിന്നാലെ പാഞ്ഞ് ആഴക്കയങ്ങളില്‍ ശ്വാസം മുട്ടി ചത്ത എലിക്കൂട്ടങ്ങള്ക്കൊരു നിലവിളിപോലും അസാധ്യമായിരുന്നു. അതുതന്നെയാണ് ഈ മനോരോഗത്തെ ഉത്കണ്ഠാകുലമാക്കുന്നത്.
ഡോ.നൗഷാദ് എസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: