ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണല്ലോ തെലങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള നിര്‍ദ്ദേശം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കൈക്കൊണ്ടത്. ആ തീരുമാനത്തിന്റെ കാര്യത്തില്‍ കുറെ വര്‍ഷങ്ങളായി അവര്‍ ആടിക്കളിക്കുകയായിരുന്നു. സ്വാതന്ത്ര്യത്തിനുമുമ്പ് മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന തെലുങ്ക് ഭാഷ സംസാരിക്കുന്ന ജില്ലകളും, ഹൈദരാബാദ് സംസ്ഥാനത്തെ തെലങ്കാനാ പ്രദേശവും ചേര്‍ത്താണ് നിലവിലുള്ള ആന്ധ്രാപ്രദേശിന് രൂപം നല്‍കിയത്.
അതിനുമുമ്പുതന്നെ തെലുങ്ക് ഭാഷക്കാര്‍ക്ക് പ്രത്യേക സ്ഥാനം വേണമെന്ന് മദ്രാസ് സംസ്ഥാനത്ത് ആവശ്യമുയര്‍ന്നിരുന്നു. 1952-53 കാലത്തു അതിനായി വമ്പിച്ച പ്രക്ഷോഭമുണ്ടാകുകയും അത് അക്രമാസക്തമാകുകയുമുണ്ടായി. ആന്ധ്രാ കേസരി എന്നറിയപ്പെട്ടിരുന്ന ടി.പ്രകാശം അതിനനുകൂലിയായിരുന്നു. പോട്ടി ശ്രീരാമുലു എന്ന കോണ്ഗ്രസുകാരന് നിരാഹാരവ്രതം നടത്തി. പ്രക്ഷോഭങ്ങള്ക്കുമുമ്പില് തലകുനിച്ചുകൊണ്ട് മദ്രാസ് സംസ്ഥാനത്തെ വിഭജിക്കാന്‍ അനുവദിക്കില്ല എന്ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പോട്ടി ശ്രീരാമുലു ഉപവസിച്ച് ജീവന് വെടിഞ്ഞപ്പോള്‍ സ്ഥിതിയില്‍ മാറ്റമുണ്ടാകുകയും ആന്ധ്രാ സംസ്ഥാനം രൂപീകരിക്കാന്‍ തയ്യാറാവുകയും ചെയ്തു.
ഇതുപോലുള്ള അനേകം സംസ്ഥാനങ്ങള്‍ക്കുവേണ്ടി മുറവിളികളും പ്രക്ഷോഭങ്ങളും ഉയര്‍ന്നുവരാന്‍ അതുകാരണമായിത്തീര്ന്നു. അതേത്തുടര്‍ന്നാണ് ജസ്റ്റിസ് ഫസല്‍ അലി അധ്യക്ഷനും കെ.എം.പണിക്കര്‍ എന്നിവരും മറ്റും അംഗങ്ങളായുള്ള സംസ്ഥാന പുനഃസംഘടനാ കമ്മീഷന് രൂപീകൃതമായതും ആ കമ്മീഷന് രാജ്യമെങ്ങും സഞ്ചരിച്ച് തെളിവെടുപ്പ് നടത്തി പുതിയ സംസ്ഥാനങ്ങള്‍ ഏതൊക്കെയാവണമെന്ന റിപ്പോര്‍ട്ട് നല്കിയതും. റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെക്കുന്നതിന് മുമ്പുതന്നെ നെഹ്റു നടത്തിയ ചില അഭിപ്രായ പ്രകടനങ്ങള്‍ പുതിയ പ്രക്ഷോഭത്തിന് വഴിവെച്ചു. ഇന്നത്തെ മഹാരാഷ്ട്രയും ഗുജറാത്തും ചേര്‍ന്ന സംയുക്ത ബോംബെ സംസ്ഥാനം അങ്ങനെയുള്ള പ്രക്ഷോഭ വിഷയമായിരുന്നു. മുന്‍ മധ്യ സംസ്ഥാനങ്ങളുടെ ഭാഗമായിരുന്ന വിദര്‍ഭ മേഖല പ്രത്യേക സംസ്ഥാനമാകാതെ മഹാരാഷ്ട്രയുടെ ഭാഗമായത്, വിശാല പഞ്ചാബ് എന്നിവയും അസംതൃപ്തിയുണ്ടാക്കി. പിന്നീട് ഗുജറാത്തും ഹരിയാനയും ഉത്തരാഖണ്ഡും ഛത്തീസ്ഗഡും ഝാര്‍ഖണ്ഡും വടക്കുകിഴക്കന്‍ മേഖലയിലെ ഏഴു സംസ്ഥാനങ്ങളും സൃഷ്ടിക്കേണ്ടി വന്നത് പ്രക്ഷോഭങ്ങളുടെ ഫലമായിട്ടായിരുന്നു. കൂടുതല്‍ സംസ്ഥാനങ്ങള്‍ക്കായുള്ള മുറവിളി രൂക്ഷമായപ്പോള്‍ ഒരു രണ്ടാം സംസ്ഥാന പുനഃസംഘടനാ കമ്മീഷനെ നിശ്ചയിക്കണമെന്ന് അടല്‍ ബിഹാരി വാജ്പേയി നിര്‍ദ്ദേശിച്ചു. എന്നാല്‍ അത് പുതിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുമെന്ന ആശങ്ക പലവൃത്തങ്ങളില്നിന്നും ഉയര്‍ന്നതിനാല്‍ അദ്ദേഹം നിര്‍ബന്ധിച്ചില്ല.
തെലങ്കാന സംസ്ഥാന നിര്‍ണയം യാഥാര്‍ത്ഥ്യമാകാന്‍ ഭരണഘടനാ ഭേദഗതിയടക്കമുള്ള ഒട്ടേറെ നിയമ പ്രക്രിയകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. തെലങ്കാന ഒഴികെയുള്ള ആന്ധ്രയെ സീമാന്ധ്ര എന്നാണ് നാമനിര്‍ദ്ദേശം ചെയ്തത്. ആ ഭാഗത്ത് എംഎല്‍എമാരും എംപിമാരും കൂട്ടരാജിക്ക് തുനിഞ്ഞതും പ്രക്ഷോഭത്തിനിറങ്ങിയതും രൂക്ഷമായ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു.
കേരളത്തിലെ മലബാര്‍ മേഖലയുള്കൊള്ളുന്ന പുതിയ ജില്ല കോഴിക്കോട് തലസ്ഥാനമായി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം യൂത്ത് ലീഗുകാര്‍ പ്രമേയം അംഗീകരിച്ചത് ഈ പശ്ചാത്തലത്തില്‍ അവഗണിക്കാനാവില്ല. മൂത്തലീഗിന്റെ അനുഗ്രഹാശിസ്സുകള്‍ ആവശ്യത്തിനുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കുട്ടിക്കുരങ്ങനെ കൊണ്ട് ചൂടുചോറു വാരിച്ച് തട്ടിയെടുക്കുന്ന മൂത്ത കുരങ്ങന്റെ തന്ത്രമാവണം അത്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ രാജ്യത്തെ മുസ്ലിം മേധാവിത്ത (റീാശിമിി) ജില്ലകളുടെ ഒരു പട്ടിക തയ്യാറാക്കിയിരുന്നു. മുസ്ലിം സമുദായത്തിനുണ്ടെന്ന് അവരും കോണ്‍ഗ്രസുകാരും മറ്റ് മതേതരവാദികളും പറയുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള പ്രത്യേക കാര്യപരിപാടി തയ്യാറാക്കുകയായിരുന്നു പട്ടിക ഉണ്ടാക്കിയതിന്റെ ഉദ്ദേശ്യം. മലബാറിലെ മൂന്ന് ജില്ലകളും (അന്ന് വയനാട് കാസര്‍കോട് ജില്ലകള്‍ നിലവില്‍ വന്നിട്ടില്ല) ആ മുസ്ലിം മേധാവിത്ത ജില്ലാ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.
ഈ പശ്ചാത്തലത്തില്‍ വേണം പുതിയ സംസ്ഥാന നിര്‍ദ്ദേശത്തെ നോക്കിക്കാണാന്‍. അഞ്ചുജില്ലകളാണ് നിര്‍ദ്ദിഷ്ട പ്രദേശത്തുള്ളത്. ഒരു തിരൂര്‍ ജില്ല കൂടിയുണ്ടാക്കാന്‍ നീക്കങ്ങള്‍ നടക്കുന്നുണ്ടുതാനും. പുതിയ സംസ്ഥാനത്തിന്റെ തലസ്ഥാനം കോഴിക്കോട്ടാവണമെന്ന് യൂത്ത് ലീഗുകാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ അത് കോഴിക്കോട്ടാവണമെന്നില്ലല്ലൊ. കോഴിക്കോട്ട് സര്‍വകലാശാലയും കോഴിക്കോട്ട് വിമാനത്താവളവും മലപ്പുറം ജില്ലയിലാണ് താനും.
ടിപ്പു സുല്‍ത്താന്‍ മലബാര്‍ ഭരിച്ചിരുന്ന കാലത്ത് തലസ്ഥാനമായി മനസ്സില്‍ കണ്ട് നിര്‍മിച്ച പട്ടണമായിരുന്നു ഫറൂക്കാബാദ് എന്ന ഇന്നത്തെ ഫെറോക്ക്. മലബാര്‍ സംസ്ഥാന നിര്‍ദ്ദേശം മുസ്ലിംലീഗിന്റെ ആവശ്യമായി ശക്തിപ്രാപിക്കാനും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി മറ്റു മതേതര നാട്യക്കാരായ കക്ഷികള്‍ അതിനെ അനുകൂലിക്കാനും സാധ്യതയുണ്ട്.
1967 ആഗസ്റ്റ് മാസത്തില്‍, പാലക്കാട് ജില്ലാ മുസ്ലിംലീഗാണ് മുസ്ലിം ഭൂരിപക്ഷ താലൂക്കുകള്‍ ചേര്‍ത്ത് ഒരു പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം പ്രമേയരൂപത്തില്‍ ഉന്നയിച്ചത്. പത്രങ്ങളില്‍ അത്രപ്രാധാന്യമില്ലാത്ത വാര്ത്തയായിട്ടാണിത് വന്നത്. ഏറനാട്ടിലേയും പൊന്നാനിയിലെയും പിന്നാക്കാവസ്ഥയില്‍ കഴിയുന്ന മുസ്ലിങ്ങളുടെ വികസനത്തിന് ഇത് പ്രയോജനം ചെയ്യുമെന്ന വാദവുമായി ലീഗു നേതാക്കന്മാരും അവരുടെ പിന്തുണയോടെ ഭരണം നടത്തിയ സപ്തകക്ഷി മുന്നണിയിലെ മുഖ്യമന്ത്രി ഇഎംഎസ് അടക്കമുള്ള നേതാക്കളും മുന്നോട്ടുവന്നു. വളരെ തന്ത്രപൂര്‍വം നടത്തിയ നീക്കങ്ങളുടെ ഭാഗമായി മലപ്പുറം ജില്ല എത്ര വേഗത്തിലാണ് യാഥാര്‍ത്ഥ്യമായതെന്ന് നാം കണ്ടു. ഇന്ന് കേരള രാഷ്ട്രീയത്തെയും ഭരണത്തെയും വരച്ച വരയില്‍ നിര്‍ത്തുന്നത് മലപ്പുറം ജില്ലയിലെ മുസ്ലിംലീഗ് നേതാക്കളാണെന്ന കാര്യം വിശേഷിച്ചു പറയേണ്ടാത്തവിധം വ്യക്തമാണ്.
മലബാര്‍ സംസ്ഥാനമെന്ന ആവശ്യത്തെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ അറിയാന്‍ കഴിഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ ഇപ്പോള്‍ സോളാര്ത്തട്ടിപ്പുകഥകളുടെ പ്രപഞ്ചവുമായി നടക്കുകയാണല്ലൊ. അതല്ലെങ്കില്‍ അവര്‍ക്ക് നരേന്ദ്രമോദിയെ ആക്ഷേപിക്കുന്നതിന് സമയം കണ്ടെത്തണം. മലബാര്‍ സംസ്ഥാന പ്രശ്നം മാധ്യമങ്ങളില്‍ വാര്‍ത്തയായി വായിച്ചപ്പോള്‍ സംഘത്തിന്റെ മുന്‍കാല സര്‍കാര്യവാഹ് ആയിരുന്ന ഭയ്യാജിദാണിയുടെ ഒരു പ്രഭാഷണം ഓര്‍മയില്‍ വന്നു.
പെരുന്നയിലെ എന്‍എസ്എസ് ഹിന്ദു കോളേജിന്റെ ആഡിറ്റോറിയത്തില്‍ ചങ്ങനാശ്ശേരി താലൂക്കിലെ ശാഖകളുടെ സാംഘിക് ആയിരുന്നു അവസരം. 1965 ലാണ് സംഭവം. ഭാരത വിഭജനത്തിന് മുമ്പ് ഹിന്ദു കോണ്‍ഗ്രസ് നേതാക്കളുടെ ദീര്‍ഘ വീക്ഷണമില്ലായ്മയും അലംഭാവവുമാണ് സിന്ധ് ഭാരതത്തിന് നഷ്ടമായതിന്റെ ഒരു പ്രധാന കാരണമെന്ന് അദ്ദേഹം പറയുകയായിരുന്നു. 1935 ന് മുമ്പ് ബോംബേ പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു സിന്ധ്. സിന്ധിനെ പ്രത്യേക സംസ്ഥാനമാക്കാനായി അവിടത്തെ പ്രമുഖ ഹിന്ദുനേതാക്കള്‍ മുന്‍കൈയെടുത്ത് പ്രക്ഷോഭം നടത്തി. ആചാര്യകൃപലാനിയെപ്പോലുള്ള പ്രഗത്ഭമതികളായിരുന്നു അതിന് മുന്നില്‍. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ അധ്യാപകരായിരുന്ന സിന്ധി ബുദ്ധിജീവികള്‍ പ്രക്ഷോഭത്തിനനുകൂലമായ നീക്കങ്ങള്‍ക്ക് മുതിര്‍ന്നപ്പോള്‍ അതില്‍ അടങ്ങിയിരിക്കുന്ന വിപത്തുകളെ ചൂണ്ടിക്കാട്ടാന്‍ ഭയ്യാജിയും ചില യുവ വിദ്യാര്‍ത്ഥി സ്വയംസേവകരും കൃപലാനിയെ കണ്ടു. ബോംബെയില്‍നിന്ന് വേര്‍പെട്ടു കഴിഞ്ഞാല്‍ സിന്ധിനുണ്ടാകാവുന്ന അഭിവൃദ്ധിയെക്കുറിച്ച് പ്രഫസര്‍മാര്‍ വാചാലരായി. “My dear lads, What do you know of History we are readers in history. Sindh will flourish” എന്നവര്‍ പറഞ്ഞു. യുവത്വത്തിന്റെ തിളപ്പില്‍ “You may be readers in History but we are mak-ers of History’ എന്ന് ഭയ്യാജിയും കൂട്ടരും മറുപടി പറഞ്ഞു. സിന്ധ് വേര്‍പെട്ടു. അത് മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായി. 1947 ലെ വിഭജനക്കാലത്തെ തുടര്‍ന്ന് സിന്ധ് പാക്കിസ്ഥാന്റെ ഭാഗമായപ്പോള്‍ ആ ചരിത്രാധ്യാപക ബുദ്ധിജീവികള്‍ക്ക് കണ്ണീരൂം കയ്യുമായി ഓടിപ്പോരേണ്ടിവന്നു. അവര്‍ക്ക് രക്ഷപ്പെട്ടു പോരാനും പുനരധിവസിക്കാനും സ്വയംസേവകര്‍ ചെയ്ത സാഹസികമായ പ്രയത്നം നേരില്‍ കണ്ടു. പിന്നീട് ഭയ്യാജിയെ കണ്ടയവസരത്തില് തങ്ങള്‍ ചരിത്രാധ്യാപകര്‍ മാത്രമാണെന്നും സ്വയംസേവകര്‍ ചരിത്രം സൃഷ്ടിച്ചത് നേരില്‍ കണ്ടുവെന്നും കണ്ണീര് ഒഴുക്കിക്കൊണ്ടവര് പറഞ്ഞു. ഭയ്യാജിയുടെ ഈ വാക്കുകള്‍ മനസ്സില്‍ നിന്ന് ഒരിക്കലും മായാതെ നില്‍ക്കുകയാണ്. മലബാര്‍ സംസ്ഥാന രൂപീകരണത്തെ മനസ്സുകൊണ്ട് സ്വാഗതം ചെയ്യുന്നവര്‍ സിന്ധിന്റെ കാര്യം ഓര്‍ക്കണം. ജനസംഖ്യാവര്ധനത്തോതിലെ അസന്തുലനം മലബാറിനെ അതിവേഗം മുസ്ലിം dom-inated എന്ന അവസ്ഥയില്‍നിന്ന് Muslim M-ajority യിലേക്ക് എത്തിക്കുമെന്നതില്‍ സംശയമില്ല. നിയോജകമണ്ഡല പുനര്‍വിഭജനത്തിനുശേഷം (delimitation) മലപ്പുറം ജില്ലയില്‍ നാല് നിയമസഭാ മണ്ഡലങ്ങള്‍ വര്‍ധിച്ചത് കാണാതിരുന്നു കൂടാ. മലബാറിലെ ഹിന്ദു ജനത സമചിത്തതയും പക്വതയും പ്രദര്‍ശിപ്പിച്ചു നേരിടേണ്ട സന്ദര്‍ഭം വന്നുകൊണ്ടിരിക്കുന്നു.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: