കൊല്‍ക്കത്ത: ഇരുന്നൂറാം ടെസ്റ്റ് മത്സരം പൂര്‍ത്തീകരിച്ചതിനുശേഷം സച്ചിന് ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റിനോട് വിട പറയുമെന്ന് സൂചന. മുന്‍ ഫാസ്റ്റ് ബൗളര്‍ കഴ്സന് ഗാവ്റിയാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. തകര്‍ക്കാനാവാത്ത റെക്കാര്‍ഡുകളുടെ പെരുമഴ തീര്‍ത്ത താരമാണ് സച്ചിന് ടെണ്ടുല്‍ക്കര്‍.
അദ്ദേഹത്തിന്റെ കാത്തരിപ്പ് 200 ടെസ്റ്റുകള്‍ എന്ന ലക്ഷ്യത്തിനുവേണ്ടിയായിരിക്കണം. 198 ടെസ്റ്റുകള്‍ കളിച്ച സച്ചിന് 200 എന്ന മാസ്മരിക സംഖ്യക്ക് അടുത്തെത്തിക്കഴിഞ്ഞു. ഇന്ത്യയുടെ അടുത്ത പരമ്പരയില്‍ ഈ നേട്ടം കൈവരിച്ചാല്‍ സച്ചിന് വിരമിക്കല്‍ പ്രഖ്യാപനം നടത്താനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കഴ്സന് ഗാവ്റി.
സച്ചിന് വിരമിക്കുക എന്നാല്‍ കളിക്ക് പുറത്തായിരിക്കില്ലെന്ന് കര്സന് പറയുന്നു. ക്രിക്കറ്റിന്റെ എല്ലാമാണ് സച്ചിന്. ഇന്ത്യയുടെ ഏറ്റവും മികച്ച സ്പോര്‍ട്സ് അംബാസിഡര്‍ കൂടിയാണ് അദ്ദേഹം. ക്രിക്കറ്റുമായി സഹകരിച്ചും സഹവര്‍ത്തിത്വം പുലര്‍ത്തിയും മാത്രമേ അദ്ദേഹത്തിന് തുടര്‍ന്നും മുന്നോട്ടു പോകാനാവൂ. അതിനാല്‍ അവിശ്വസനീയമായ നേട്ടമെന്ന് പറയാവുന്ന 200 ടെസ്റ്റുകള്‍ക്കായുള്ള കാത്തിരിപ്പാകും സച്ചിന്റേതെന്ന് അദ്ദേഹം വിലയിരുത്തുന്നു.
ഇന്ത്യയുടെ അടുത്ത പരമ്പര ദക്ഷിണാഫ്രിക്കയുമായാണ്. ഇത് നവംബര്‍ മാസത്തില്‍ ആരംഭിക്കും. പരമ്പരയില്‍ മൂന്ന് ടെസ്റ്റുകളും ഏഴ് ഏകദിന മത്സരങ്ങളും രണ്ട് ട്വന്റി 20 പോരാട്ടങ്ങളുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ പരമ്പരയിലാകാം സച്ചിന്റെ വിരമിക്കല്‍ പ്രഖ്യാപനം ഉണ്ടാകുക എന്നാണ് കഴ്സന് ഗാവ്റി സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: