മഴയുടെ താണ്ഡവത്തിന്റെ ഒരു താളവട്ടം കഴിഞ്ഞു അല്പം ആശ്വാസം ലഭിച്ച സമയത്താണിതെഴുതുന്നത്. നാലാം തിയതി ഞായറാഴ്ച രാവിലെ ഒന്‍പതുമണിക്ക് ഗുരുവായൂര്‍ ശാഖയുടെ ശ്രീഗുരുദക്ഷിണാ മഹോത്സവത്തില്‍ പങ്കെടുക്കാന്‍ പുറപ്പെടുമ്പോള്‍ പ്രസന്നമായ കാലാവസ്ഥയായിരുന്നു. അതിന് മുമ്പുള്ള ദിവസങ്ങളില്‍ ഇടയ്ക്കിടെ ശക്തമായ മഴയുണ്ടായിരുന്നതവസാനിച്ചു തെളിച്ചമായി എന്ന പ്രതീതി ജനിപ്പിച്ചു. എന്നാലും കര്‍ക്കിടക വാവടുത്തുവരുന്നതിനാല് വീണ്ടും മഴയുണ്ടാകുമെന്ന ആശങ്കയും നിലനിന്നു. മൂന്ന് ദിവസം മുമ്പ് ആലുവ മണപ്പുറം മുങ്ങിയ സ്ഥിതിയിലുള്ള ചിത്രങ്ങളും ഈ കാലവര്‍ഷത്തില്‍ രണ്ടാമത്തെ ആറാട്ടാണെന്ന വിവരവും പത്രങ്ങളില്‍ വന്നു. ഗുരുവായൂര്‍ ജില്ലാപ്രചാരകനോടൊപ്പം പുറപ്പെട്ട് കാലടി പാലം കടക്കുമ്പോള്‍ വെള്ളമിറങ്ങിയ പെരിയാറില്‍ മണല്‍ തിട്ടകള്‍ ചെളി പുരണ്ടുകാണാമായിരുന്നു. ഉച്ചയോടെ ഗുരുവായൂരില്‍ എത്തുമ്പോഴും അന്തരീക്ഷം പ്രസന്നമായിരുന്നു. വൈകിട്ട് അഞ്ചുമണിയോടെ ശ്രീഗുരുദക്ഷിണ മഹോത്സവസ്ഥലത്തെത്തിയപ്പോഴേക്കും ആകാശം ഇരുണ്ടുകൂടിത്തുടങ്ങി
കറുത്തിരുണ്ടങ്ങനെ വാനിലെങ്ങും
ചെറുത്തുചെന്നെത്തിയ മേഘവൃന്ദം
നിറുത്തല്‍ തേടാതതി വര്‍ഷമാര്‍ക്കും
പൊറുത്തുകൂടാത്ത വിധം തുടങ്ങി
എന്ന് കട്ടക്കയത്തില്‍ ചെറിയാന് മാപ്പിള ശ്രീയേശു വിജയത്തില്‍ വിവരിച്ചതോര്ത്തുപോയി.
ഇരച്ചുപെയ്യും മഴകൊണ്ടുമേന്മേ-
ലരച്ചുതേയ്ക്കുംപടി ശീതമേറി-എന്നും മാപ്പിള വിവരിച്ചതും ശരിയായി.
ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഒട്ടേറെ പഴയമുഖങ്ങളെ വീണ്ടും പരിചയം പുതുക്കി അരനൂറ്റാണ്ടുകാലത്തെ ഓര്‍മകള്‍ പങ്കുവയ്ക്കാനും സാധിച്ചു. രാത്രി പഴയ സഹപ്രവര്‍ത്തകനായ ശ്രീദാമോദരന് നായരുടെ വസതിയില്‍ കൂടി. തലശ്ശേരിയിലും കോഴിക്കോട്ടും ഒരുമിച്ചു സംഘപഥത്തില്‍ പ്രയാണം ചെയ്ത രാമചന്ദ്രനേയും സുകുമാരന്‍ ഗുരിക്കളേയും ശ്രീനിവാസനേയും സഹധര്‍മ്മിണി ഡോ. വിമലയേയും ഒരിക്കല്‍ കൂടി കണ്ട് ആശയ വിനിമയം നടത്താന്‍ കഴിഞ്ഞു.
തിങ്കളാഴ്ച മടക്കയാത്രയും പെരുമഴയിലായിരുന്നു. കാലടിയില്‍ ഇരുകരകളേയും കവിഞ്ഞ് ഒഴുകുന്ന പെരിയാറിന്റെ ഭീകര രൂപം അത്ഭുതപ്പെടുത്തി. ചാലക്കുടിപ്പുഴയും മൂവാറ്റുപുഴയും തൊടുപുഴയാറും നാശം വിതച്ചുകൊണ്ട് കുത്തിയൊഴുകുകയായിരുന്നു. ഓര്‍മ്മയില്‍ ഒരിക്കലും ഇത്ര പ്രചണ്ഡമായ ജലപ്രവാഹം കണ്ടിട്ടില്ല.
കേരളത്തിന്റെ ചരിത്രത്തേയും ഭൂപ്രകൃതിയേയും മാറ്റി മറിച്ച വെള്ളപ്പൊക്കത്തെ കുറിച്ച് ചരിത്രത്തില്‍ വായിച്ചിട്ടുണ്ട്. 1341 ലെ മഴക്കാലത്ത് നിറഞ്ഞുകവിഞ്ഞൊഴുകിയ പെരിയാര്‍ തള്ളിയ എക്കലടിഞ്ഞു കൊടുങ്ങല്ലൂര്‍ അഴിമുഖം അടഞ്ഞുവെന്നും ഇന്നത്തെ കൊച്ചി അഴിമുഖം തുറന്നുവെന്നും നമുക്കറിയാം. അങ്ങിനെ തുറന്നുവന്ന സ്ഥലത്തിന് കടമനച്ചാര് എന്നായിരുന്നുവത്രേ പേര്. കൊടുങ്ങല്ലൂരിന്റേയും മുശിരിപട്ടണത്തിന്റേയും ചേരസാമ്രാജ്യത്തിന്റേയും ചരിത്രത്തില്‍ അത് മാറ്റം വരുത്തി. പിന്നീട് 1888 ലും വിനാശകരമായ പ്രളയം ഉണ്ടായി. എന്റെ മുന്‍തലമുറക്കാരുടെ ഓര്‍മ്മയെ കിടിലം കൊള്ളിച്ചത് 1099(1924) കര്‍ക്കിടകത്തിലെ ഭയങ്കരമായ വെള്ളപ്പൊക്കമായിരുന്നു. തൊടുപുഴയാര്‍ കവിഞ്ഞ് വീടിനകത്തു കയറിയതിനേയും ഉരലില്‍ തുണിയലക്കിയതിന്റെ മറ്റും കഥകള്‍ ചെറുപ്പത്തില്‍ ധാരാളം കേട്ടിരുന്നു. ആ പെരുമഴക്കാലത്ത് തിരുവിതാംകൂര്‍ മഹാരാജാവ് മൂലം തിരുനാള്‍ നാടുനീങ്ങി.
അയ്യയ്യോ തൊണ്ണൂറ്റി ഒന്‍പതിന് കര്‍ക്കട
ദുര്‍ഘടമാസത്തിലദ്ദിവ്യനെ
വാനവന്മാര്‍ക്കൊരു കൂട്ടിനായ് കൊണ്ടുപോയ്
എന്നും മറ്റും നാടന്‍ കവികള്‍ വിലാപകാവ്യമെഴുതി പള്ളിക്കൂടങ്ങളില്‍ വായിച്ചുപഠിപ്പിക്കുമായിരുന്നു.
എന്റെ ഓര്‍മ്മയിലെ ഏറ്റവും വലിയ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും 1950ലായിരുന്നു. തൊടുപുഴത്താലൂക്കിന്റെ ഏതാനും കിഴക്കന്‍ മലകളില്‍ 300ലേറെ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടി. തൊടുപുഴയാറും കാളിയാറും കരകവിഞ്ഞു. മുപ്പതിലേറെപ്പേര്‍ക്ക് ജീവന് നഷ്ടമായി. അപടക സ്ഥലങ്ങള്‍ കാണാനായി പൊതിച്ചോറും കെട്ടിപ്പോയതും നിരവധി കിലോമീറ്ററുകള്‍ നടന്നതും മണ്ണ് ഒലിച്ച്, കൊയ്യാറായ പാടങ്ങള്‍ നികന്നുപോയതും ഓര്‍ക്കുന്നു. പക്ഷേ അന്നത്തേതിനേക്കാള്‍ ഉയര്‍ന്ന ജലനിരപ്പ് ഈയാഴ്ചയിലെ പ്രളയത്തില്‍ വന്നുവെന്നും കണ്ടു.
കേരളത്തിലെ കാലാവസ്ഥയില്‍ ജലപ്രളയം പുതുമയല്ല. സംഘപ്രചാരകനായി പലയിടങ്ങളിലും പ്രവര്‍ത്തിച്ചപ്പോള്‍ ഉണ്ടായ മറക്കാനാവാത്ത അനുഭവങ്ങളുണ്ട്. അക്കാലത്ത് 1950 കളുടെ അവസാനം, ഗള്‍ഫിലെ സമ്പദ് ഖാനികള്‍ കേരളത്തിന് തുറന്ന് കിട്ടിയിരുന്നില്ല. ആലിബാബായുടെ മന്ത്രം കഥകളില്‍ മാത്രമുള്ള അറിവായിരുന്നു. ചാവക്കാട്ടു താലൂക്കിലെ ഗ്രാമീണ മേഖല തികച്ചും ദരിദ്രമായിരുന്നു. ചകിരിപ്പണി, മീന്‍പിടുത്തം(കായലിലും പുഴകളിലും കടലിലും) തുടങ്ങിയവയായിരുന്നു പാവപ്പെട്ടവരുടെ തൊഴിലുകള്‍. മഴക്കാലം അവര്‍ക്ക് പട്ടിണിക്കാലം തന്നെ. ഞാനവിടെയുണ്ടായിരുന്ന 1957 ലെ മഴക്കാലം ഒരുമനയൂര്‍, മുല്ലശ്ശേരി, കുണ്ടഴിയൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ശാഖകളില്‍ പോയപ്പോള്‍ ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായ്മയും കൊണ്ട് അവശരും പരവശരുമായ സ്വയംസേവകരുടെ കുടുംബങ്ങളില്‍ പോയി അവരെ ആശ്വസിപ്പിക്കാനും അന്നു സാധ്യമായ സഹായങ്ങള്‍ ചെയ്യുവാനും കഴിഞ്ഞിട്ടുണ്ട്. അരയ്ക്കുമുകളില്‍ വെള്ളത്തില്‍ നടന്നുവേണ്ടിയിരുന്നു ചിലരുടെ വീടുകളിലെത്താന്‍. വര്‍ഷങ്ങള്‍ക്കുശേഷം പോയപ്പോള്‍ അവിടമെല്ലാം ഗള്‍ഫ് സമ്പത്തിന്റെ പകിട്ടില്‍ തിളങ്ങിയിരുന്നു.
രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം തലശ്ശേരി കേന്ദ്രമായി പ്രവര്‍ത്തിക്കുമ്പോഴും കിടിലം കൊള്ളിക്കുന്ന പ്രളയാനുഭവങ്ങള്‍ ഉണ്ടായി. മാധവ്ജി ജില്ലാ പ്രചാരകനായിവന്ന അവസരമായിരുന്നു. 1959 ലെ മഴക്കാലം അതികഠിനമായിരുന്നു. അദ്ദേഹത്തെ പരിചയപ്പെടുത്താനായി തലശ്ശേരി, കണ്ണൂര്‍ താലൂക്കുകളുടെ കിഴക്കന്‍ ശാഖകളില്‍ പോയി. ആദ്യദിവസങ്ങള്‍ വലിയ പ്രശ്നമുണ്ടാക്കിയില്ല. പിന്നെ അതികഠിനമായ തുലാമഴ ആരംഭിച്ചു. ഇരിക്കൂറില്‍ അന്ന് പാലമില്ല. പഴശ്ശി പദ്ധതിയുടെ കുയിലൂര്‍ അണക്കെട്ടും നിര്‍മാണമാരംഭിച്ചിട്ടില്ല. ഇരിക്കൂറിലെ കടവില്‍ പുഴകടക്കാനെത്തിയതിന്റെ ഭീകരാവസ്ഥ ഇന്നും മനസ്സില്‍ സജീവമാണ്. വിരല്‍ മുറിച്ചുകളയാന്‍ തക്ക ശക്തിയില്‍ ഒഴുകുന്ന ഇരിക്കൂര്‍ പുഴ(വളപട്ടണം പുഴ) വന്മരങ്ങളും ഒഴുകി വരുന്നുണ്ട്. വളപട്ടണത്തേയ്ക്കുള്ള മുളയും തടികളും ചങ്ങാടങ്ങളില്‍ കെട്ടി സാഹസിക തുഴക്കാര്‍ ഒഴുക്കിക്കൊണ്ടുപോകുന്നു. കടത്തുകാരന് ആളെ കയറ്റി പുഴയരികിലൂടെ മുകളിലേക്ക് തോണികെട്ടി വലിച്ചും കൊണ്ടുപോയി പുഴയിലേക്ക് തള്ളിത്തുഴയുകയാണ്. രണ്ടുതുരുത്തുകളുടെ മുകള്‍ ഭാഗം കാണാം. അവയ്ക്കിടയിലൂടെ കടന്നാലെ അക്കരയെത്തു. തോണിക്കാരുടെ സാഹസികതയും കൃത്യതയും അക്കരെ കടത്തുന്നതില്‍ മാത്രമല്ല കടവുകൂലിയുടെ പത്തിരട്ടി പുഴയുടെ നടുവില്‍ത്തന്നെ വാങ്ങുന്നതിലും ഉണ്ടായിരുന്നു.
അടുത്ത വര്‍ഷത്തെ പെരുവെള്ളത്തിലും മാധവ്ജിയുമൊത്തായിരുന്നു യാത്ര. അത്തവണ വടകര കൊയിലാണ്ടി ഭാഗത്തായിരുന്നു വന്മഴ തകര്‍ത്തത്. പേരാമ്പ്രയില്‍ കാര്യകര്‍തൃ ബൈഠക് വെച്ചു. ഗാതാഗത സൗകര്യങ്ങള്‍ പരിമിതം. പയ്യോളിയില്‍ തീവണ്ടിയിറങ്ങി ബസ്സിനുപോകാനായിരുന്നു ഉദ്ദേശം. അവിടെയെത്തിയപ്പോള്‍ വെള്ളപ്പൊക്കം മൂലം ബസ്സില്ലെന്നുമനസ്സിലായി. കൊയിലാണ്ടി വഴി പോകാന്‍ തീരുമാനിച്ചു. ഉള്ളിയേരി വഴി തെരുവത്ത് കടവുപാലത്തിനടുത്തുവരെ ബസ് കിട്ടി. അതിനപ്പുറം 12 കി.മി പേരാമ്പ്രവരെ രണ്ടാളും നടന്നു. ഇടയ്ക്കു മുട്ടോളം വെള്ളം. പേരാമ്പ്ര എത്തിയപ്പോള്‍ ബൈഠക്കിന് പുറമെയുള്ള ആരുമെത്തിയിട്ടില്ല. ഏതാനും സ്വയംസേവകരെ വിട്ടു മാധവ്ജി സമീപ ശാഖകളുടെ പ്രവര്‍ത്തകരെ വരുത്തി. കുറ്റ്യാടിയില്‍ പോയി അവിടത്തെ ആള്‍ക്കാരെ കൊണ്ടുവരണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. അന്നുകുറ്റ്യാടി പുഴയ്ക്കു പാലമില്ല. ബസ്സുമില്ല. 12.കി.മി വീണ്ടും നടത്തം. അതില്‍ രണ്ടു മൂന്നു കി.മി. തോണിയില്‍. കുറ്റ്യാടിപ്പുഴയിലെ പേടിപ്പെടുത്തുന്ന ഒഴുക്കില്‍ അക്കരെ കടന്ന് സ്വയം സേവകരെ കണ്ടെത്തി പേരാമ്പ്രയ്ക്കു കൊണ്ടുവന്നു. ഒറ്റ ദിവസം നടന്നതു മുപ്പതിലേറെ കിലോമീറ്റര്‍. സംഘത്തിന്റെ പരിപാടികള്‍ നടക്കാന്‍ യാതൊന്നും തടസ്സമാവരുതെന്ന് പഠിപ്പിക്കാനായിരുന്നു മാധവ്ജി ആ ബൈഠക് ഉപയോഗിച്ചത്. മഴയത്തുതണുത്ത് വിറച്ച് കൈലാസം എന്ന പഴയ സ്വയം സേവകന്റെ കോലായില്‍ ബൈഠക്കും ഭക്ഷണവും ഉറക്കവുമായി കൂടി.
ആ വര്‍ഷക്കാലത്ത് പെരിയാറിലും വന്‍ വെള്ളപ്പൊക്കമായിരുന്നു. ഇടുക്കി അണ ഉയര്ന്നിട്ടില്ലായിരുന്നതിനാല് പ്രളയം പതിവായിരുന്നു. ആലുവ തോട്ടയ്ക്കാട്ടുകരയിലെ രാജപ്പന് എന്ന പ്രവര്‍ത്തകന്റെ (അദ്ദേഹം പിന്നീട് പ്രചാരകനായി) വീട്ടില്‍ മാനനീയ യാദവറാവു ജോഷിയുടെ ബൈഠക് നിശ്ചയിച്ചിരുന്നു. മഴയ്ക്കിടയിലാണ് ബൈഠക്. അതിന്റെ അവസാനമായപ്പോഴേക്കും പുഴവെള്ളം കമ്പിച്ചുവീട്ടുമുറ്റത്തെത്തി. യാദവറാവുജിയെ തോണിയിലാണ് കൊണ്ടുപോയതത്രേ. ആ ബൈഠക്കില്‍ പങ്കെടുക്കാന്‍ എന്നിക്കവസരം കിട്ടിയില്ല.
മഴക്കാലത്തു എറണാകുളം-മൂവാറ്റുപുഴയാത്രയും പ്രശ്നമായിരുന്നു. എപ്പോഴും വാഹന ഗതാഗതം തടസ്സപ്പെട്ടു. റോഡ് എന്‍.എച്ച്. നിലവാരത്തിലാക്കി ഉയര്‍ത്തുന്നതിന് മുമ്പ് പത്തു പതിനഞ്ചു ദിവസങ്ങള്‍ തുടര്‍ച്ചയായി ഗതാഗത തടസ്സം അനുഭവിച്ചാണ് തൊടുപുഴനിന്നും ഞാന്‍ ജന്മഭൂമിയില് എത്തിക്കൊണ്ടിരുന്നത്.
കിഴക്കന്‍ ഭാഗത്തുവെള്ളമിറങ്ങിയാലും കുട്ടനാടന്‍ പ്രദേശം മുഴുവന്‍ ആഴ്ചകളോളം മുങ്ങിക്കിടക്കുമല്ലോ. മധ്യകേരളത്തിലെ പുഴകളെല്ലാം വേമ്പന്നാട്ടുകായലില് ചെന്നുചേരുന്നവയായതിനാല്, അവയിലെ വെള്ളം മുഴുവന്‍ വേമ്പനാട്ടുകായലിലേയ്ക്ക് ഒഴുകിയെത്തും. അതിനു കടലിലേയ്ക്കു തുറസ്സായി കൊച്ചി അഴിമാത്രമാണുള്ളത്. ഏഴെട്ടുവര്‍ഷങ്ങള്‍ക്കുമുമ്പ് ക്ഷേത്ര സംരക്ഷണ സമിതിയുടെ ഹരിപ്പാട് പഠന ശിബിരത്തില്‍ സംസാരിക്കാന്‍ പോയപ്പോള്‍ പാലാ മുതല്‍ അങ്ങോട്ട് റോഡ് മുങ്ങിക്കിടക്കുകയായിരുന്നു. വളരെ വിഷമിച്ച് തിരുവല്ലായിലെത്തി. അതിനുപടിഞ്ഞാറോട്ട് പോകാന്‍ ആസാധ്യമാണെന്നു മനസ്സിലായി. തീവണ്ടിയില്‍ കായംകുളത്തെത്തി. അവിടെ നിന്നു ബസ്മാര്‍ഗം ഹരിപ്പാട്ടുചെന്നു.
വെള്ളപ്പൊക്കം ഒരു വാര്‍ഷിക പതിവാണ്. അതിലൂടെ കടന്നുപോകുന്ന അനുഭവങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍, പിന്നീട് അതാസ്വദിക്കാന്‍ കൗതുകകരമാണ്. അതിന്റെ കഷ്ടപ്പാടുകളും ദുരിതങ്ങളും മാനുഷിക വശങ്ങളും എന്നും നനവൂറുന്നവയാണ്. സാഹിത്യത്തെ സംപുഷ്ടമാക്കിയ ഒട്ടേറെ വിശിഷ്ട കൃതികള്‍ക്ക് പ്രചോദനം മഴയായിരുന്നു. തകഴിയുടെ സുപ്രസിദ്ധമായ വെള്ളപ്പൊക്കത്തില്‍ എന്ന കഥ അത്തരത്തിലുള്ളതാണല്ലോ.
പി.നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: