ബാങ്കോക്ക്: തായ്ലന്റിനെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ ബാഴ്സലോണക്ക് മികച്ച വിജയം. ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ആദ്യമായി വല ചലിപ്പിച്ച സൗഹൃദമത്സരത്തില്‍ ഒന്നിനെതിരരെ ഏഴ് ഗോളുകള്‍ക്കാണ് ബാഴ്സ വിജയം സ്വന്തമാക്കിയത്. നെയ്മര്‍ ഒരു ഗോള്‍ നേടിയപ്പോള്‍ ലയണല്‍ മെസി രണ്ട് ഗോളുകളും പെഡ്രോ മൂന്നു ഗോളുകളും അലക്സി സാഞ്ചസ് ഒരു ഗോളും നേടി.
പതിമൂന്നാം മിനിറ്റില്‍ നെയ്മറിലൂടെയാണ് ബാഴ്സ ഗോള്‍വേട്ട തുടങ്ങിയത്. ക്ലബിന് വേണ്ടി നെയ്മര്‍ നേടുന്ന ആദ്യ ഗോളായിരുന്നു ഇത്. 15, 25 മിനിട്ടുകളില്‍ മെസി ഗോള്‍ വല ചലിപ്പിച്ചപ്പോള്‍ 19,35, 48 മിനിട്ടുകളിലായി പെഡ്രോ ഹാട്രിക് തികച്ചു. 49-ാം മിനിട്ടുല്‍ സാഞ്ചസ് നേടിയ ഗോളിലൂടെ ബാഴ്സ ഗോള്‍വേട്ട പൂര്‍ത്തിയാക്കി. 43-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കിക്കിലൂടെ തീരാസില് ദാംഗ തായ്ലാന്ഡിന്റെ ആശ്വാസ ഗോള്‍ നേടിയത്. നാളെ ക്വാലാംലപൂരില് നടക്കുന്ന മറ്റൊരു സൗഹൃദമത്സരത്തില്‍ ബാഴ്സ മലേഷ്യയെ നേരിടും.
ഓഗസ്റ്റ് 18ന് ആരംഭിക്കുന്ന ലാലിഗ ടൂര്‍ണമെന്റിന് മുന്നോടിയായിട്ടാണ് ബാഴ്സലോണ ഏഷ്യന്‍ രാജ്യങ്ങളുമായി സൗഹൃദമത്സരങ്ങള്‍ കളിക്കുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബാഴ്സ ടീം ഏഷ്യയില്‍ പര്യടനം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: