ന്യൂജഴ്സി: സീരി എ ടീമായ എസി മിലാനെ തകര്‍ത്ത് ചെല്‍സി എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ഗിന്നസ് ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പിന്റെ ഫൈനലില്‍ കടന്നു. അത്യന്തം ആവേശകരമായ മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ഹോസെ മൊറീഞ്ഞോയുടെ നീലപ്പട എസി മിലാനെ തകര്‍ത്തത്. നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും മുതലാക്കാന്‍ ചെല്‍സിക്ക് കഴിയാതിരുന്നതാണ് ഗോള്‍ നില 2-0ല്‍ ഒതുങ്ങിയത്. ഫൈനലില്‍ മൊറീഞ്ഞോയുടെ മുന്‍ ടീം റയല്‍ മാഡ്രിഡാണ് ചെല്‍സിയുടെ എതിരാളി.
തുടക്കം മുതല്‍ എതിര് നിരയിലേക്ക് ആക്രമണമഴിച്ചുവിട്ട ചെല്‍സി 29-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ നേടിയത്. ഓസ്കറും ഹസാര്‍ഡും ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ പന്ത് ലഭിച്ച കെവിന് ഡെ ബ്രൂയെനാണ് ചെല്‍സിയുടെ ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്നും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ചെല്‍സിക്ക് അതൊന്നും മുതലാക്കാനായില്ല.
തുടര്‍ന്ന് രണ്ടാം പകുതിയിലും ചെല്‍സിയുടെ ആക്രമണത്തിന് കുറവില്ലായിരുന്നു. എസി മിലാന്റെ പ്രതിരോധ നിരയെ കാഴ്ചക്കാരാക്കി ചെല്‍സി താരങ്ങള്‍ ഗോള്‍ മുഖത്തേക്ക് ഇരച്ചുകയറുകയായിരുന്നു. എന്നാല്‍ സ്ട്രൈക്കര്‍മാരുടെ ലക്ഷ്യബോധമില്ലായ്മ നീലപ്പടക്ക് തിരിച്ചടിയായി. ഒടുവില്‍ ഇഞ്ച്വറി സമയത്താണ് രണ്ടാം ഗോള്‍ പിറന്നത്. വിക്ടര്‍ മോസസിന്റെ പാസില്‍ നിന്ന് ആന്ദ്രെ സ്ക്യുറെല്ലയായിരുന്നു സ്കോറര്‍. ഈ സീസണില്‍ ചെല്‍സിയിലെത്തിയ ആന്ദ്രെയുടെ ആദ്യ ഗോളായി ഇത്. ബയര്‍ ലെവര്‍കുസനില്‍ നിന്നാണ് ജര്‍മ്മന്‍ സ്ട്രൈക്കറായ ആന്ദ്രെ ചെല്‍സിയിലെത്തുന്നത്.
മറ്റൊരു മത്സരത്തില്‍ പ്രീമിയര്‍ ലീഗ് ടീമായ എവര്‍ട്ടണെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് ഫൈനലില്‍ പ്രവേശിച്ചത്.
ലോസ് ആഞ്ചലസിലെ ഡോഡ്ഗര് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. ബേസ്ബോള്‍ സ്റ്റേഡിയമായ ഡോഡ്ഗറില് ആദ്യമായാണ് ഫുട്ബോള്‍ സംഘടിപ്പിക്കുന്നത്.
മത്സരത്തിന്റെ 17-ാം മിനിട്ടില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ആദ്യ ഗോള്‍ നേടിയത്. എവര്ട്ടണ് താരങ്ങളുടെ ഓഫ് സൈഡ് കെണി പൊട്ടിച്ച് കുതിച്ചാണ് റൊണാള്‍ഡോ ഗോള്‍ നേടിയത്. പിന്നീട് 31-ാം മിനിറ്റില്‍ റയല്‍ ലീഡ് ഉയര്‍ത്തി. ലൂക്കാ മോഡ്രിച്ചും റൊണാള്‍ഡോയും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ പന്ത് മെസ്യൂട്ട് ഓസിലിന് കൈമാറി. പന്ത് പിടിച്ചെടുത്ത ഓസില്‍ അനായാസം എവര്ട്ടണ് വല കുലുക്കി. ആദ്യ പകുതിയില്‍ റയല്‍ 2-0ന് മുന്നിട്ടുനിന്നു.
61-ാം മിനിട്ടില്‍ പകരക്കാരന് നികിസ ജെലാവിക് എവര്‍ട്ടന്റെ ആശ്വാസ ഗോളടിച്ചു. പിന്നീട് സമനില ഗോളടിക്കാന്‍ എവര്ടണ് താരങ്ങള്‍ ശ്രമിച്ചെങ്കിലും റയല്‍ പ്രതിരോധം ശക്തമായി നിലകൊണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: