മരട്: ഗ്യാസ് ഏജന്‍സി കൃത്രിമ മാര്‍ഗങ്ങളിലൂടെ പാചകവാതക സിലിണ്ടറുകള്‍ മുക്കുന്നതായി പരാതി. വൈറ്റിലയിലെ ‘ഗോകുല്‍’ ഗ്യാസ് ഏജന്‍സിക്കെതിരെയാണ് ഉപഭോക്താവിന്റെ പരാതി. നേരത്തെ സിലിണ്ടര്‍ ബുക്കിംഗ് ഏജന്‍സികള്‍ വഴിയാണ് നടത്തിവന്നിരുന്നത്. എന്നാല്‍ ഉപഭോക്താക്കളുടെ പേരില്‍ വ്യാജ ബുക്കിംഗ് നടത്തി കൈവശപ്പെടുത്തുന്ന ഗ്യാസ് സിലിണ്ടറുകള്‍ ഏജന്റുമാര്‍ കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുന്നത് പതിവായിരുന്നു. ഇതൊഴിവാക്കാന്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് കമ്പനികളില്‍ ബന്ധപ്പെട്ട് സിലിണ്ടര്‍ ബുക്കുചെയ്യുവാനുള്ള സംവിധാനം അടുത്തിടെ നിലവില്‍വന്നിരുന്നു. പ്രത്യേക മൊബെയില്‍ നമ്പര്‍ വഴിയും എസ്എംഎസ് വഴിയുമാണ് ഇതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത്.
പുതിയ സംവിധാനം ഉപയോഗിച്ച് ബുക്കുചെയ്യുന്നവര്‍ക്ക് ലഭിക്കേണ്ട സിലിണ്ടറുകള്‍ യഥാസമയം എത്തിച്ചുനല്‍കാതെ ഗ്യാസ് ഏജന്‍സികള്‍ ഉപഭോക്താക്കളെ കബളിപ്പിക്കുന്നു എന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
വൈറ്റിലയിലെ ഗോകുല്‍ ഗ്യാസ് ഏജന്‍സിയില്‍ ബുക്കുചെയ്ത സിലിണ്ടര്‍ ഏജന്സിക്കാര് വിതരണത്തിനെത്തിക്കാതെ മറിച്ചുവിറ്റു എന്ന് സംശയിക്കുന്നതായാണ് ജില്ലാ സപ്ലൈ ഓഫീസര്‍ക്കും ജില്ലാ കളക്ടര്‍ക്കും പോലീസും നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്. വൈറ്റിലയിലെ ഈ വിവാദ ഗ്യാസ് ഏജന്‍സിക്കെതിരെ ഇതിനുമുമ്പും നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
വൈറ്റില, തൃപ്പൂണിത്തുറ, ഇടപ്പള്ളി, പാലാരിവട്ടം മേഖലകളിലെ ഗ്യാസ് ഏജന്‍സികള്‍ക്കെതിരെയും പരാതികള്‍ വ്യാപകമാണ്. കമ്പനികളില്‍ നേരിട്ട് നടത്തുന്ന ബുക്കിംഗുകള്‍ ഉപഭോക്താക്കള്‍ അറിയാതെ കൃത്രിമമാര്‍ഗങ്ങളിലൂടെ തടസപ്പെടുത്തുന്നതായും പരാതിയുണ്ട്. ഏജന്‍സികളും അഴിമതിക്കാരായ ഉദ്യോഗസ്ഥരും ഇതിന് ഒത്താശ ചെയ്യുന്നതായാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: