കൊച്ചി: കഴിഞ്ഞദിവസം ദല്‍ഹിയില്‍ അറസ്റ്റിലായ വാഗമണ്‍ സിമി ആയുധ പരിശീലനക്യാമ്പ് കേസിലെ ആറാംപ്രതി ആലുവ സ്വദേശി അബ്ദുള്‍ സത്താറിനെ എന്‍ഐഎ കോടതി റിമാന്റ് ചെയ്തു. 16 വരെയാണ് റിമാന്റ്. ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് സത്താറിനെ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയത്.
2007 ഡിസംബര്‍ 10 മുതല്‍ 12 വരെ ഇടുക്കി ജില്ലയിലെ വാഗമണില്‍ നടന്ന സിമി ക്യാമ്പില്‍ 35ഓളം യുവാക്കള്‍ക്ക് ഭീകരപ്രവര്‍ത്തനം ലക്ഷ്യമിട്ട് ബോംബ് നിര്‍മാണത്തിലും ആയുധങ്ങള്‍ ഉപയോഗിക്കുന്നതിലും പരിശീലനം നല്‍കിയെന്നാണ് കേസ്. വാഗമണ്‍ ക്യാമ്പിനുശേഷം കുടുംബസമേതം ദുബായിലേക്ക് കടന്ന പ്രതിക്കെതിരെ 2011ല്‍ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് എന്‍ഐഎ ഇയാളെ ദല്‍ഹിയില്‍ എത്തിച്ചത്. അബ്ദുള്‍ സത്താറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ഐഎ തിങ്കളാഴ്ച അപേക്ഷ നല്‍കും. കാക്കനാട് ജില്ലാ ജയിലിലേക്കാണ് ഇയാളെ കൊണ്ടുപോയത്.
വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ ആകെ 36 പ്രതികളാണ് ഉള്ളത്. ആദ്യഘട്ടത്തില്‍ 30 പേരടങ്ങുന്ന കുറ്റപത്രമാണ് സമര്‍പ്പിച്ചത്. എന്നാല്‍ ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഒളിവിലുള്ള ആറുപ്രതികളെ ചേര്‍ത്ത് കഴിഞ്ഞദിവസം ഒരു കുറ്റപത്രംകൂടി ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. റിമാന്റിലായ അബ്ദുള്‍ സത്താറിന്റെ സഹോദരന് മുഹമ്മദ് അന്‍സാറും ഈ കേസില്‍ പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: