പെരുമ്പാവൂര്‍: വീണ്ടും ശക്തമായ കാറ്റ് നാശം വിതച്ചു. ഇന്നലെ രാവിലെ 5ന് ശക്തമായ കാറ്റ് വീശിയതിനെത്തുടര്‍ന്ന് ഇരിങ്ങോള്‍, പീച്ചനാംമുകള്‍, പാലക്കാട്ടുതാഴം പ്രദേശങ്ങളില്‍ വന്‍ മരങ്ങള്‍ വീണത്. ഇതേത്തുടര്‍ന്ന് പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. ചിലയിടങ്ങളില്‍ വൈദ്യുതിലൈനുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇരിങ്ങോളില്‍ കാവിന് സമീപം ക്ഷേത്രവളപ്പില്‍ നിന്നിരുന്ന വന്‍ ആഞ്ഞിലിമരം കടപുഴകി വീണ് മേലേത്ത് മധുസൂദനന് എന്നയാളുടെ വീടിന്റെ സണ്‍ഷെയ്ഡ്, രപധാന വാര്‍ക്കയുടെ കുറച്ച് ഭാഗവും തകര്‍ന്നു.
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ഇരിങ്ങോള്‍ ഭവഗതി ക്ഷേത്രവളപ്പില്‍ നിന്നിരുന്ന വന്‍ മരമാണ് ഇന്നലെ കടപുഴകിയത്. ഇതേത്തുടര്‍ന്ന് ക്ഷേത്രമതിലിന്റെ ഒരു ഭാഗവും തകര്‍ന്നു. അപകടം നടന്ന സമയത്ത് മധുസൂദനന്റെ ഭാര്യ രമ, മകന് മിഥുന് എന്നിവരും വീടിനുള്ളില്‍ ഉണ്ടായിരുന്നെങ്കിലും വന്‍ അപകടം ഒഴിവാവുകയായിരുന്നു. പാലക്കാട്ടുതാഴം തുമ്പായി ചന്ദ്രന്റെ ഓടിട്ട വീടിന് മുകളിലേക്ക് അമ്പഴവും കൊന്നയും വീണ് വീടിന്റെ ഒരുഭാഗവും വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡും തകര്‍ന്നു. അപകടസ്ഥലത്ത് ഗ്രാമപഞ്ചായത്തംഗം സെബിന് സന്ദര്‍ശനം നടത്തി. പീച്ചനാംമുകള്‍ കോളനിക്ക് സമീപം മാലിക്കുടി ജിസ്കോരയുടെ പറമ്പില്‍ നിന്നിരുന്ന ആഞ്ഞിലിമരം വീണതിനെത്തുടര്‍ന്ന് കൂട്ടുമഠം വട്ടയ്ക്കാട്ടുപടി റോഡില്‍ ഇന്നലെ രാവിലെ ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പെരുമ്പാവൂര്‍ മേഖലയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വന്‍ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: