കൊച്ചി: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും സംസ്ഥാനത്തെ ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ഖാദി ഓണം, റംസാന് മേള ആഗസ്റ്റ് 3ന് ആരംഭിക്കും. ആകര്‍ഷകമായ വിലക്കിഴിവും വമ്പന്‍ സമ്മാന പദ്ധതിയുമായി ആരംഭിക്കുന്ന മേളയുടെ സംസ്ഥാന തല ഉദ്ഘാടനം എറണാകുളം കലൂരിലുള്ള ഖാദി ടവര്‍ അങ്കണത്തില്‍ 3ന് രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. ബോര്‍ഡിന്റെ കലൂരിലുള്ള നവീകരിച്ച മാര്‍ക്കറ്റിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. ചടങ്ങില്‍ സഹകരണ ഖാദിവകുപ്പ് മന്ത്രി സി എന്‍ ബാലകൃഷ്ണന് അദ്ധ്യക്ഷത വഹിക്കും.
ഖാദി ഓണം-റംസാന് മേളയുടെ ഭാഗമായി ഒരുക്കിയ സമ്മാന പദ്ധതിയുടെ ഉദ്ഘാടനം ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് കെ പി നൂറുദ്ദീനും സില്‍ക്ക് പവിലിയന്റെ ഉദ്ഘാടനം ഹൈബി ഈഡന് എം എല്‍ എയും നിര്‍വഹിക്കും. ഓണം റംസാന് ആഘോഷങ്ങളോടനുബന്ധിച്ച് ഓഗസ്റ്റ് ഒന്നുമുതല്‍ സെപ്തംബര്‍ 14 വരെ ഖാദിക്ക് 30 ശതമാനം ഗവ. റിബേറ്റ് പ്രഖ്യാപിച്ചതായി കെ പി നൂറുദ്ദീന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഖാദി ബോര്‍ഡിന്റെയും ഖാദി കമ്മീഷന്റെയും അംഗീകാരമുള്ള എല്ലാ ഷോറൂമുകളിലും ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം റിബേറ്റ് ലഭിക്കും. 50 കോടി രൂപയാണ് ഈ വര്‍ഷത്തെ ഖാദി ഓണം-റംസാന് മേളയുടെ വില്പന ലക്ഷ്യം. കഴിഞ്ഞ വര്‍ഷത്തെ വില്പന നേട്ടം 35 കോടി രൂപയുടേതായിരുന്നു. ഖാദി ഓണം മേളയുടെ ഭാഗമായി ഒരു മെഗാ സമ്മാന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഓരോ ആയിരം രൂപയുടെ പര്‍ച്ചേസിനും ഒരു സമ്മാനകൂപ്പണ്‍ നല്‍കുന്നതാണ്. സംസ്ഥാനതല നറുക്കെടുപ്പില്‍ അഞ്ച് സമ്മാനങ്ങള്‍ നല്‍കുന്നതാണ്. ഒന്നാം സമ്മാനം മാരുതി ആള്‍ട്ടോ 800 കാര്‍ ആണ്. രണ്ടാം സമ്മാനം ആക്ടിവ സ്കൂട്ടറും മൂന്നാം സമ്മാനം എല്‍ ഇ ഡി ടെലിവിഷനും നാലാം സമ്മാനം ലാപ്ടോപ്പും അഞ്ചാം സമ്മാനം വാഷിംഗ് മെഷീനുമാണ്. കൂടാതെ ഓരോ ജില്ലയിലും ആഴ്ച തോറും ഓരോ ഗ്രാം സ്വര്‍ണ നാണയവും സമ്മാന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനതല സമ്മാനങ്ങളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 19ന് തിരുവനന്തപുരത്ത് വെച്ച് സംസ്ഥാന ലോട്ടറി വകുപ്പ് മുഖേന നടത്തും. ആഴ്ച തോറും നടത്തുന്ന ജില്ലാ തല നറുക്കെടുപ്പ് സ്ഥലം എം എല്‍ എമാര്‍ നിര്‍വഹിക്കും. ഖാദി ഓണം-റംസാന് മേളകളുടെ ജില്ലാ തല ഉദ്ഘാടനം വയനാട്ടില്‍ മന്ത്രി പി കെ ജയലക്ഷ്മിയും ഇടുക്കി തൊടുപുഴയില്‍ മന്ത്രി പി. ജെ ജോസഫും മലപ്പുറത്ത് മന്ത്രി മഞ്ഞളാംകുഴി അലിയും ഓഗസ്റ്റ് 5ന് നിര്‍വഹിക്കും. 7ന് കൊല്ലത്ത് സ്പീക്കര്‍ ജി കാര്‍ത്തികേയനും തിരുവനന്തപുരത്ത് മന്ത്രി വി എസ് ശിവകുമാറും ഉദ്ഘാടനം നിര്‍വഹിക്കും. പാലക്കാട് മന്ത്രി എ പി അനില്‍കുമാറും കോഴിക്കോട് മന്ത്രി ആര്യാടന് മുഹമ്മദും പത്തനിതിട്ടയില് മന്ത്രി അടൂര്‍ പ്രകാശും 12 മേള ഉദ്ഘാടനം ചെയ്യും. 15ന് കണ്ണൂരില്‍ മന്ത്രി കെ ബാബുവും 16ന് കോട്ടയത്ത് ധനമന്ത്രി കെ എം മാണിയും 17ന് ആലപ്പുഴയില്‍ കേന്ദ്രമന്ത്രി കെ സി വേണുഗോപാലും ജില്ലാ തല ഉദ്ഘാടനം നിര്‍വഹിക്കും. ഖാദി ബോര്‍ഡ് മെമ്പര്‍ പി. എന്‍ പ്രസന്നകുമാര്‍, ഖാദി ഫെഡറേഷന് സെക്രട്ടറി കെ പി ഗോപാല പൊതുവാള്, ഖാദി ബോര്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ എം സുരേഷ് ബാബു, മാര്‍ക്കറ്റിംഗ് ഓഫീസര്‍ കെ രാജേന്ദ്രന്‍നായര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: