വാഷിംഗ്ടണ്‍: ദശാബ്ദങ്ങളായി തുടരുന്ന ഇസ്രായേല്‍- പലസ്തീന് പ്രശ്നം പരിഹരിക്കാനുള്ള ചര്‍ച്ചയുടെ ആദ്യഘട്ടം പ്രതീക്ഷാജനകമെന്ന് അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ജോണ്‍കെറി. അമേരിക്കന്‍ പിന്തുണയോടെ പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ അമേരിക്കന്‍ പ്രതിനിധി മാര്ട്ടിന് എസ് ഇന്ഡിക്കിന്റെ സാന്നിധ്യത്തില്‍ യുഎസ് സ്റ്റേറ്റ് വിഭാഗം ആസ്ഥാനത്തായിരുന്നു ചര്‍ച്ച. രണ്ടാഴ്ച്ചയ്ക്കകം തുടര്‍ചര്‍ച്ചകള്‍ നടത്താമെന്ന ഉറപ്പോടെയാണ് ബുധനാഴ്ച ചര്‍ച്ച അവസാനിച്ചത്. ഒന്‍പത് മാസത്തിനുള്ളില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഒരു കരാര്‍ സാധ്യമാക്കാമെന്നാണ് പ്രതീക്ഷയെന്ന് ചര്‍ച്ചക്ക് നേതൃത്വം നല്കിയ അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ജോണ്‍കെറി പറഞ്ഞു.
ഇരുകൂട്ടര്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന പ്രധാനവിഷയങ്ങളില്‍ ധാരണയിലെത്തണമെന്ന നിലപാടാണ് ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞതെന്നും ആഗസ്റ്റ് പകുതിക്ക് മുമ്പായി ഇസ്രായേലിലോ പലസ്തീനിലോ ചര്‍ച്ച തുടരുമെന്നും ജോണ്‍ കെറി പറഞ്ഞു. ജറുസലേം വിഷയവും മറ്റ് അധീനപ്രദേശങ്ങളും തര്‍ക്കവിഷയങ്ങളും സന്ധിസംഭാഷണത്തില്‍ ഉള്‍പ്പെടുന്നുണ്ടെന്നും സംഘര്‍ഷം അവസാനിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തില്‍ അധിഷ്ടിതമായാണ് ചര്‍ച്ച നടക്കുന്നതെന്നും കെറി ചൂണ്ടിക്കാട്ടി.
പലസ്തീനില്‍ നിന്നുള്ള സായിബ് അരീഖത്തിന്റെയും ഇസ്രായേല്പ്രതിനിധി സിപി ലെവ്നിയുടെയും സാന്നിധ്യത്തിലാണ് ചര്‍ച്ച പുരോഗമിക്കുന്നത്. സമാധാന ചര്‍ച്ചക്ക് മുമ്പായി നൂറ് പലസ്തീന് തടവുകാരെ മോചിപ്പിക്കാന്‍ ഇസ്രായേല്‍ തയ്യാറായത് ശുഭസൂചകമായാണ് കണക്കാക്കുന്നത്. വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും സ്ഥിതി ലഘൂകരിക്കാന്‍ ഉതകുന്ന വിധത്തിലുള്ള പുതിയ നടപടികളും വരുംദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. പലസ്തീന് തലസ്ഥാനക്കാന് ഉദ്ദേശിക്കുന്ന ജറുസലേമില്‍ അനിയന്ത്രിതമായ വിധത്തില്‍ ജൂതകുടിയേറ്റം തുടരുകയാണ്. ഇസ്രായേല്‍ അധിനിവേശത്തില്‍ കിടപ്പാടംനഷ്ടപ്പെട്ട ലക്ഷണക്കണക്കിന് പലസ്തീനികള്‍ അഭയാര്‍ത്ഥി ദശാബ്ദങ്ങളായി അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ദുരിതജീവിതം നയിക്കുകയാണ്.
സ്വതന്ത്ര പലസ്തീനുവേണ്ടിയുള്ള കരാറില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹുവിനെയും പലസ്തീന് പ്രസിഡന്റ് മഹ്മ്മൂദ് അബ്ബാസിനെയും എത്തിക്കാനാണ് അമേരിക്കയുടെ ശ്രമം. ദശാബ്ദങ്ങളായി ലോകത്തിന് മുന്നില്‍ രക്തച്ചൊരിച്ചിലുമായി തുടരുന്ന ഒരു തര്‍ക്കം പുതിയ വഴിത്തിരവിലെത്തിക്കുന്നതാണ് ഈ ചര്‍ച്ച. അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ഒരുക്കിയ ഇഫ്ത്താര്‍ വിരുന്നോടെയായിരുന്നു ചര്‍ച്ചക്ക് തുടക്കമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: