ദേര: വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ ദെര ഇസ്മായില്ഖാന് നഗരത്തിലെ ജയിലിന് നേരെ ഭീകരാക്രമണം. ആക്രമണത്തിനിടെ 300 തടവുകാര്‍ രക്ഷപ്പെട്ടു. ആക്രമണത്തില്‍ അഞ്ച് പോലീസുകാര്‍ ഉള്‍പ്പെടെ ആറ് പേര് കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. എട്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
പോലീസ് യുണിഫോമില്‍ ആറ് വാഹനങ്ങളിലായി എത്തിയ ഭീകരര്‍ ഗ്രനേഡുകളും റോക്കറ്റുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. തെഹ്രിക് ഇ താലിബാന് പാകിസ്ഥാന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
അറുപതോളം വരുന്ന പാക് താലിബാന് സംഘമാണ് ആക്രമണത്തിനെത്തിയതെന്ന് ജയില്‍ വകുപ്പ് ഉപദേഷ്ടാവ് മാലിക് ഖ്വാസിം ഘട്ടക് അറിയിച്ചു. 5000ത്തോളം തടവുകാര്‍ ഉള്ള ജയിലില്‍ 250 കൊടുംഭീകരര്‍ ഉള്ളതായി അധികൃതര്‍ സ്ഥിരീകരിച്ചു. അതേസമയം രക്ഷപ്പെട്ട തടവുകാരില്‍ ഇവര്‍ ഉള്‍പ്പെട്ടിടുണ്ടോയെന്ന് വ്യക്തമല്ല. ബോംബാക്രമണത്തില്‍ ജെയില്‍ കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്നാണ് തടവുകാര്‍ രക്ഷപ്പെട്ടത്. ഭീകരര്‍ ജയിലിലെ ട്രാന്‍സ്ഫോര്‍മറുകള്‍ ബോംബ് വെച്ചു തകര്‍ത്തതായും മാലിക് ഖാസിം വ്യക്തമാക്കി.
ജയില്‍ ആക്രമിക്കുമെന്ന ഭീഷണി നേരത്തെ തന്നെ ഉണ്ടായിരുന്നു. ഏകദേശം 5000ത്തോളം കുറ്റവാളികളെ പാര്‍പ്പിച്ചിട്ടുള്ള ജയിലാണ് ദേരയിലേത്. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ വടക്കന്‍ പാകിസ്ഥാനിലെ ബന്നുവിലുള്ള ജയിലിന് നേരെ ഭീകരാക്രമണം നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: