ഓസ്ലോ: സീസണ് മുന്നോടിയായി വിദേശ പര്യടനത്തില്‍ ഏര്‍പ്പെട്ട ബാഴ്സലോണക്ക് ഉജ്ജ്വല വിജയം. നോര്‍വേയില്‍ പര്യടനം നടത്തുന്ന ബാഴ്സ മറുപടിയില്ലാത്ത 7 ഗോളുകള്‍ക്ക് നോര്‍വേ ടീമായ വാലരെംഗയെയാണ് കീഴടക്കിയത്. കഴിഞ്ഞ ദിവസം ജര്‍മ്മന്‍ ടീമായ ബയേണ്‍ മ്യൂണിക്കിനോട് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ട ബാഴ്സക്ക് ഈ വിജയം അടുത്ത മത്സരങ്ങളില്‍ ആത്മവിശ്വാസമേകും.
നാലാം മിനിറ്റില്‍ ലയണല മെസ്സിയുടെ പാസ്സിലൂടെ അലക്സി സാഞ്ചസാണ് ബാഴ്സ ഗോള്‍ മഴക്ക് തുടക്കമിട്ടത്. രണ്ട് മിനിറ്റിനുശേഷം മെസ്സി നല്കിയ മറ്റൊരു തകര്‍പ്പന്‍ ക്രോസിലൂടെ ക്രിസ്റ്റ്യന്‍ ടെല്ലോയിലൂടെ ലീഡ് ഉയര്‍ത്തി. 13-ാം മിനിറ്റില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി ലക്ഷ്യം കണ്ടു. പിന്നീട് 42-ാം മിനിറ്റിലാണ് ബാഴ്സ നാലാം ഗോള്‍ നേടിയത്. അലക്സി സാഞ്ചസ് നല്കിയ പാസ് ജോനാഥന് ഡോസ് സാന്റോസ് വലയിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിയില്‍ ബാഴ്സ 4-0ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതി ആരംഭിച്ച് 7 മിനിറ്റായപ്പോഴേക്കും ബാഴ്സ അഞ്ചാം ഗോള്‍ നേടി. അലക്സി സാഞ്ചസ് വാലരെംഗ പ്രതിരോധനിരക്കാരെ കബളിപ്പിച്ച് നല്കിയ ബാക്ക് പാസ് നല്ലൊരു ഷോട്ടിലൂടെ ജീന്‍ ഡോംഗു വലയിലെത്തിച്ചു. മൂന്നുമിനിറ്റിനുശേഷം ഡോംഗു വീണ്ടും ബാഴ്സക്ക് വേണ്ടി ഗോള്‍ നേടി. പിന്നീട് 85-ാം മിനിറ്റില്‍ ജോണ്‍ റോമനും ലക്ഷ്യം കണ്ടതോടെ ബാഴ്സയുടെ ഗോള്‍പട്ടിക പൂര്‍ത്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: