സ്വയം ബലിയായ നിയോ എന്നയാളിന്റെ ഭൗതിക ദേഹം മെഷീനുകള്‍ മാറ്റുന്ന ഒരു രംഗം മാട്രിക്സ് എന്ന സിനിമയിലുണ്ട്. സ്വപ്നത്തില്‍ സുഖവും ദുഃഖവും സംതൃപ്തിയുമുണ്ടെങ്കിലെന്തിന് യാഥാര്‍ത്ഥ്യത്തിലേക്ക് പോകണമെന്ന് ചോദിക്കുന്ന സ്വപ്നദേശമാണ് മാട്രിക്സ് സൃഷ്ടിക്കുന്നത്. വാസ്തവമാറ്റം ഞെരുക്കിയ മെട്രോ മനുഷ്യന്റെ അതിയകലമല്ലാത്തതാണ് മാട്രിക്സിലെ മെഷീനുകള്‍.
കുതിച്ചുപായലിന്റെ ആധുനിക സൗകര്യങ്ങളെ മെട്രോ എന്നു വിളിക്കുമ്പോള്‍ ജീവിതവും മെട്രോ ആകുന്നുണ്ടോ. കൊച്ചി മെട്രോ ആകുമ്പോള്‍ കൊച്ചിക്കാരന് മെട്രോമാന് ആയിത്തീരുന്നതെങ്ങനെ. വേഷം കൊണ്ടാണോ.
കൊച്ചിക്കകത്തെ ഇസ്തിരിയിട്ട് തേച്ചെടുത്ത എറണാകുളമെന്നടിയം പേരുപോലെ കുളവും തോടും പാടങ്ങളുമൊക്കെ ആയിരുന്നു മുമ്പ്. മാറുന്ന കാലത്തിനും അവനവനുമൊപ്പം മനുഷ്യന് ഇടങ്ങളേയും മാറ്റിയെടുത്തു. എന്തിനേറെ, കാടും പടലും പിടിച്ച് ഒരു മാതിരി പോക്കണംകെട്ടു കിടന്നിടത്താണ് ഭരണത്തിന്റെ തലയും വാലുമുള്ള ഇന്നത്തെ കളക്ടറേറ്റ്. അങ്ങനെ എവിടെയും എങ്ങനെയും മാറ്റത്തേരോട്ടം. ഇന്നത്തെ മേനകാ സ്റ്റോപ്പിനരികിലെ സീലോഡ് ഹോട്ടലായിരുന്നു പണ്ട് എറണാകുളത്തെ മുഴുത്ത കെട്ടിട വിസ്മയം. സീലോഡിന് മുന്നിലെ റോഡിന് ഒരു ഭാഗത്ത് താഴെ വെള്ളത്തില്‍ വീഴാതിരിക്കാന്‍ കൈവരി. അന്ന് പുഴ അവിടംവരെ ഉണ്ടായിരുന്നെന്ന്. പഴയ ബ്ലാക് ആന്റ് വൈറ്റ് മലയാള ചിത്രം കാണുമ്പോള്‍ ആ കാലവുമുണ്ടതില്. അനുഭവങ്ങള്‍ പാളിച്ചകളില്‍ സത്യന് പഴയ മേനകപ്പരിസരത്തു കൂടെ നടക്കുന്നതു കാണാം. പിന്നീട് പുഴ നികത്തിയെടുത്തതാണ് ഇന്നത്തെ മറൈന്‍ ഡ്രൈവ്. അങ്ങനെ എന്തെല്ലാം. പണ്ട് വിമാനവും കപ്പലും ട്രെയിനും അടുത്തടുത്തായിരുന്നു കൊച്ചിയില്‍. ഗര്‍ഭിണിയെപ്പോലെ കിതച്ച് ചരക്കു തീവണ്ടികള്‍ ഐലന്റിലേക്ക് വല്ലപ്പോഴും വന്നാലായി. നേവല്‍ബേസ് വിമാനത്താവളം നേവിക്കുതന്നെ വിട്ടുകൊടുത്ത് യാത്രക്കാര്‍ വിമാനം തേടി നെടുമ്പാശ്ശേരിക്കു പോകുന്നു.
പണ്ട് മലം ഡിപ്പോയായിരുന്നു ഇന്നത്തെ കലൂര്‍ ബസ് സ്റ്റാന്റ്. ഒരിക്കല്‍ ആര്‍ക്കും വേണ്ടാതെ കിടന്ന, ഇന്ന് സെന്റിന് അമ്പതും 75 ലക്ഷവും തുടങ്ങി ഒരു കോടിയില്‍ അധികം വരെ രൂപ വിലവരുന്ന വിശാല സ്ഥലങ്ങള്‍. വശങ്ങളിലേക്കും ഒരിടത്തേയ്ക്കും സ്ഥലം വളരില്ലെന്ന് കണ്ട് ആകാശത്തിലേക്ക് മാത്രം പൊക്കമായി വളരുന്ന കെട്ടിടങ്ങള്‍. അവയ്ക്കിടയില്‍ നേരേയും വളഞ്ഞും നേര്‍ത്ത കമ്പികള്‍ പോലെ റോഡും വഴിയും. അതിനിടയില്‍ സൂക്ഷിച്ചാല്‍ കാണുന്ന കൂനനുറുമ്പുപോലെ മനുഷ്യര്‍. അവരില്‍ എത്ര നോക്കിയാലും ഒട്ടും കാണാത്തവരും. കേരളം മുഴുവന്‍ കൊച്ചിയിലേക്ക് അട്ടിപ്പേറാകുമ്പോള് മെട്രോയിലേക്കുള്ള നെടുങ്കന്‍ കുതിപ്പിന്റെ അര്‍മാദിക്കലായി നഗരം. വളര്‍ച്ചയുടെ അലങ്കാരപ്പണിയില്‍ അതിനേക്കാള്‍ അലങ്കോലമാകുന്നില്ലേ നഗരം.
മൂന്ന് വര്‍ഷത്തിനുള്ളില്‍ മെട്രോ റെയില്‍ ചീറിപ്പായുകയും അനുസാരികള്‍ പലതായി വരികയും ചെയ്യുമ്പോള്‍ കൊച്ചിയും പരിസരങ്ങളും ഇനിയുമെന്താകും. വഴിയും വിളക്കും വെള്ളവുമെന്ന വികസനത്തിന്റെ വലിയ ചെറിയവാക്കിലൊതുക്കിയ സഹോദരന് അയ്യപ്പന്റെ ദ്വീപ്നാട്ടിലേയ്ക്ക് നഗരം ഗോശ്രീ പാലം വഴി ഓടിക്കേറിയപ്പോള്‍ തോടും കായലും വള്ളവും വലയുമൊക്കെ കിടന്നിരുന്ന പച്ചത്തുരുത്തുകള്‍ കൂടി വിവിധ ഹബ്ബുകളായി മെട്രോയായി. വികസനം കുടിയേറിയപ്പോള്‍ മനുഷ്യന് കുടിയിറങ്ങേണ്ടി വന്ന ദുരിത മൂലമ്പള്ളി ഇവിടെയാണ്. ഇത്തരം കുടിയിറക്കത്തിന്റെ വേറേ പേരിലറിയുന്ന ‘മൂലമ്പള്ളി’ കൊച്ചിയില്‍ നൂറുകണക്കിന്. ഒരു പക്ഷേ മെട്രോ നഗരത്തിനും മുന്‍പേ കൊച്ചീക്കാരന് മെട്രോ മനുഷ്യനായിപ്പോയതിന്റെ ശാപം. പെട്ടവിലയ്ക്ക് എല്ലാം കെട്ടിപ്പെറുക്കി നാടുവിടാന്‍ ആശങ്കപ്പെടുത്തിയും പേടിപ്പിച്ചും പ്രേരിപ്പിക്കുന്ന ലോബികള്‍. അല്ലെങ്കില്‍ സര്‍വ്വത്ര മേഖലകളിലും വിവിധ പേരുകളിലറിയപ്പെടുന്ന മാഫിയകള്‍.
84 ല്‍ സുനാമി വന്നപ്പോള്‍ കടല്‍ വിഴുങ്ങുമെന്നു ഭയപ്പെടുത്തി കടലോരവാസികളുടെ വീടും പറമ്പും തട്ടിയെടുക്കാനുമുണ്ടായിരുന്നു ഈ മാഫിയകള്‍. ദേശം മെട്രോയായപ്പോള് അതിലും വളര്ന്നിട്ടുണ്ടു നീളെ തട്ടിപ്പും വെട്ടിപ്പും ചതിയും കൊള്ളയും കൊലയും കള്ളപ്പണവും രാജ്യദ്രോഹവുമായി വളരെ അധോതലങ്ങള്‍.
കള്ളും കഞ്ചാവും മയക്കുമരുന്നും വ്യഭിചാരവും ഗുണ്ടായിസവുമായ അനധികൃത വൈകൃതങ്ങള്‍. മെട്രോയുടെ അനുബന്ധ വളര്‍ച്ചകള്‍. എവിടെയും വിലവര്‍ധനവിന്റെ തീവെട്ടിക്കൊള്ളകള്‍. മായം ചേര്ക്കലുകള്. കഴിഞ്ഞ ദിവസമൊരു സുഹൃത്തുപറഞ്ഞു, കൊച്ചിയില്‍ അധോലോകം വീട്ടുമുറ്റത്താണെന്ന്. പരിഷ്ക്കാരത്തിന്റെ അലങ്കാരം ചാര്‍ത്തിയപ്പോള്‍ മനുഷ്യന് ഉള്ളിന്റെയുള്ളില്‍ പരിഷ്കൃതനാകാത്തതിന്റെ ദൂഷ്യം. യാഥാര്‍ത്ഥ്യത്തിന്റെ വസ്തുതേതരമായ പാട്ടെന്ന് കുറസോവ പറഞ്ഞത് ഒരു പക്ഷേ ഇതാകാം.
ട്രാഫിക്ക് ജാമില്‍ വഴിമുട്ടി പോകുന്ന ജീവിതം. വണ്ടിപ്പാച്ചിലില്‍ ഒടുങ്ങുന്ന ജീവനും. പിന്നാലെ പാഞ്ഞു വരുന്നോരു കത്തിമുന. പെണ്ണിനു നേരെ മദ്യപന്റെയോ ക്രിമിനലിന്റെയോ ആരുടെയുമെങ്കിലോ രൂപത്തില്‍ നീളുന്ന കൈകള്‍. നിയമവും പോലീസും നന്മയാകുമ്പോള്‍ അതിലുമേറെ തിന്മയാകുന്നു ചിലപ്പോള്‍. മെട്രോ സഞ്ചരിക്കാനാകാത്ത റോഡുകള്‍, സേവനം കിട്ടാത്ത ഭരണകാര്യാലയങ്ങള്‍, അഴിമതിയും മെല്ലെപോക്കുമായി ജനങ്ങളുടെ ചെലവില്‍ ജനവിരുദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍. പുഴയിലും കുടിവെള്ളത്തിലും ഭക്ഷണത്തിലും ആകാശത്തില്‍ പോലും വിഷം. തിക്കിലും തിരക്കിലും നിലനില്‍പ്പിന്റെ അടിസ്ഥാനപ്രശ്നങ്ങള്‍ പോലും ആര്‍ക്കും ശ്രദ്ധിക്കാനാവുന്നില്ല.
ദൈവത്തിന്റെ സ്വന്തം നാടാണെങ്കിലും ചെകുത്താന് കൈകളില്‍ അമര്‍ന്നെങ്കിലും കാല്‍നൂറ്റാണ്ടിനു ശേഷംചെയ്ത കൊള്ളപ്പിടിച്ച മഴ സ്വന്തം നാട്ടില്‍ ഒരു നിമിഷമെങ്കിലും ദൈവമുണ്ടെന്നു തോന്നിപ്പിച്ചു. അപ്പോഴും ഒരു തമാശ; ഇത്ര പെയ്തിട്ടും അട്ടപ്പാടിയില്‍ കുടിവെള്ളമില്ലത്രെ. ഇതൊരു പാഠമാണ്. പ്രകൃതിയെ നോവിച്ച് നെറിവില്ലാത്ത വികസനത്തിന്റെയും കൂടി പേരിലുണ്ടായ ഹിമാലയന്‍ സുനാമി. കൊടും ചൂടിലാണ് ദല്‍ഹിയില്‍ യമുന പ്രളയ നദിയായൊഴുകിയത്.
പരിസ്ഥിതിയോട് മനുഷ്യന് കാട്ടിയ ക്രൂരതയ്ക്കുള്ള ശമ്പളം. ഇതിവിടെയും പ്രതീക്ഷിച്ചു കരുതിയിരിക്കണം. മാലിന്യം എറിയാനുള്ള കുപ്പത്തൊട്ടിയാണു നമുക്ക്, പുഴകള്‍ മാത്രമല്ല, വെള്ളമുള്ളതെന്തും. കൊച്ചിക്കൊരു ബ്രഹ്മപുരം, തിരുവനന്തപുരത്തിന് വിളപ്പില്‍ശാലയും. ലാലൂരായി തൃശൂരിനും. ഒരുദേശത്തിന്റെ മാലിന്യ വിസര്‍ജ്യം മറ്റൊരു ദേശം ചുമക്കേണ്ടുന്ന ഇത്തരം വലുതും ചെറുതുമായ മാലിന്യകുമ്പാരങ്ങള്‍ നാടൊട്ടുക്കുമുണ്ട്. അതുയര്‍ത്തുന്ന പ്രക്ഷോഭങ്ങളും പടര്‍ത്തുന്ന രോഗങ്ങളും വേറെ. മലയാളത്തിലെ ഒരു നായികാനടിയുമായുള്ള അഭിമുഖത്തില്‍ അവര്‍ പറഞ്ഞത് ഒട്ടും നൊസ്റ്റാള്‍ജിക്കല്ല എന്നാണ്. കൊച്ചിയില്‍ വളര്‍ന്ന തനിക്കങ്ങനെയാകാനാകുമോ എന്നവര്‍ ചോദിച്ചു. തുറന്ന സത്യമാണത്. പുതുതലമുറക്കാരന് മാത്രമല്ല, സാധാരണ കൊച്ചിക്കാരന് പോലുമിന്നത്ര നൊസ്റ്റാള്‍ജിക്കല്ല. ആ വാക്കിന്റെയര്‍ത്ഥം തന്നെ മാറി. നാടും വീടും സ്നേഹബാധ്യതയായിക്കൊണ്ടു നടക്കുന്ന പാവം പ്രവാസിക്ക് മാത്രമായി നാമത് സംവരണം ചെയ്തുകഴിഞ്ഞു. അമേരിക്കയിലും ലണ്ടനിലും ജര്‍മ്മനിയിലും ഫ്രാന്‍സിലുമൊക്കെ ജീവിക്കാന്‍ ഇവിടെ വളരുകയും പഠിക്കുകയും ചെയ്യുന്ന പുതിയ മെട്രോ ചെറുപ്പം എന്തിന് ഭൂതകാലം ചുമക്കണമെന്ന് ചോദിക്കുന്നു. വീടും കുടുംബവും ജീവിതവും തന്നെ അവര്‍ക്ക് മറ്റൊന്നാണ്. ഋത്വിക് ഘട്ടക്കിന്റെ ഒരു സിനിമയില്‍ നഗരം ചുറ്റി വന്ന കുട്ടിയോട് “നീ നഗരത്തില്‍ എന്തു കണ്ടു, വീടിനേക്കാള്‍ നല്ലതോ ആ സ്ഥലം” എന്ന് അച്ഛന് ചോദിക്കുമ്പോള്‍ “വീടുപോലെ മറ്റൊരിടമില്ല” എന്നാണ് മകന്റെ ഉത്തരം. ഈ വീട് മെട്രോമെന്‍ അല്ലാത്ത പഴയ മനുഷ്യരുടേതാണ്. വെര്‍ച്വല്‍ ലോകത്ത് ജീവിക്കുന്ന പുതിയ ആള്‍ക്കാര്‍ക്ക് കമ്പ്യൂട്ടര്‍ റൂമില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ഇതേതു ലോകമെന്ന അന്ധാളിപ്പുണ്ടാകും. മാട്രിക്സിലെ സ്വപ്ന ലോകത്ത് ജീവിക്കുന്നവര്ക്കാണത്. പതിനാറാം നൂറ്റാണ്ടില്‍ തെക്കേ അമേരിക്കയില്‍ ഉണ്ടായിരുന്നതായി കരുതപ്പെടുന്ന സാധ്യതകളുടെയും സമ്പത്തിന്റെയും സ്വപ്നനഗരിയായ എല്ഡൊറാഡൊയില് ജീവിക്കുന്നവര്‍. ഒരു പക്ഷേ മറിച്ചുമാകാം. മെട്രോയിലേക്ക് ജീവിതമെത്തിക്കാന്‍ പാടുപെടുന്ന നമ്മെ നോക്കി അതിലപ്പുറം കടന്ന് ചിരിക്കുന്നവരുമാകാം. എന്നാലും അനേകം ഉദാഹരണങ്ങളിലൊന്നായി മറൈന്‍ ഡ്രൈവില്‍ കെട്ടിടങ്ങളെക്കൊണ്ട് വേലി കെട്ടി കാറ്റിനെ തടുത്തു നിര്‍ത്തുന്നത് ക്രൂരമല്ലേ. അവര്‍ ആരായാലും എന്തായാലും…
സേവ്യര്‍. ജെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: