സിഡ്നി: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെ രാഷ്ട്രീയ പാര്‍ട്ടി രൂപികരിച്ചു, പേര് ‘വിക്കിലീക്സ് പാര്‍ട്ടി’. ഈ വര്‍ഷം നടക്കുന്ന ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കും.
ന്യൂ സൗത്ത് വെയ്ല്‍സ്, വിക്റ്റോറിയ, വെസ്റ്റേണ്‍ ആസ്ട്രേലിയ എന്നിവിടങ്ങളിലെ ഏഴു സെനറ്റ് സീറ്റുകളിലാവും വിഎല്‍പി സ്ഥാനാര്‍ഥികളെ അണി നിരത്തുക. വിക്റ്റോറിയയില്‍ മത്സരിക്കാനാണ് അസാന്‍ജെയുടെ ആലോചന. വിഎല്‍പി ടിക്കറ്റില്‍ ജനവിധി തേടുന്നവരില്‍ രണ്ട് ഇന്ത്യന്‍ വംശജരുമുണ്ടാവുമെന്നും അറിയുന്നു.
തന്റെ സ്ഥാനാര്‍ഥികളുടെ ജയം രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ സെനറ്റ് പ്രവേശത്തിനു വഴിയൊരുക്കുമെന്ന് പാര്‍ട്ടി രൂപീകരിച്ച വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് അസാന്‍ജെ പറഞ്ഞു.
സുതാര്യതയും വിശ്വാസ്യതയും നീതിയുമാണ് പാര്‍ട്ടിയുടെ അടിസ്ഥാന തത്വങ്ങള്‍. നികുതി പരിഷ്കരണം, രാഷ്ട്രീയ അഭയം ,കാലാവസ്ഥാ വ്യതിയാന നയം എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ നിലപാടുകള്‍ ഈ തത്വത്തെ അടിസ്ഥാനമാക്കിയായിരിക്കും. കൃത്യതയില്ലാത്ത സര്‍ക്കാര്‍ നയങ്ങളെ പാര്‍ട്ടി ഒരിക്കലും അംഗീകരിക്കില്ല.
ഓസ്ട്രേലിയന്‍ ജനതയുടെ താത്പര്യ സംരക്ഷണത്തിനാണ് വിഎല്‍പി പ്രാമുഖ്യം നല്‍കുകയെന്നും അസാന്‍ജെ കൂട്ടിചേര്‍ത്തു.
ഓണ്‍ലൈന്‍ സംവിധാനമായ വിക്കിലീക്സ് വഴി അമേരിക്കന്‍ നയതന്ത്ര രഹസ്യങ്ങള്‍ പുറത്തുവിട്ടതിലൂടെ ലോകശ്രദ്ധ നേടിയ അസാന്‍ജെ ഇപ്പോള്‍ ഇക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയ അഭയാര്‍ഥിയായി കഴിയുകയാണ്. അതിനാല്‍ത്തന്നെ ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് മത്സരിക്കാനാവുമോയെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: