കാസര്‍കോട്: ഫേസ്ബുക്കില്‍ മതനിന്ദ ആരോപിച്ച് ജില്ലയില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളും അക്രമങ്ങളും ആസൂത്രിതമെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരത്തിലധികം ആളുകള്‍ സംഘടിച്ചെത്തിയാണ് കുമ്പളയില്‍ പ്രകടനം നടന്നത്. നിത്യാനന്ദ മഠത്തിനുനേരെ കല്ലെറിയുകയും കടകളും ബസ്സുകളും അടിച്ചുതകര്‍ക്കുകയും ചെയ്തു. ഇതേ സമയത്തുതന്നെ ജില്ലയിലുടനീളം പ്രതിഷേധ പ്രകടനങ്ങളും അക്രമവും അരങ്ങേറി. മറ്റ് പ്രദേശങ്ങളില്‍ നിന്നെത്തിയവരാണ് പ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കുമ്പളയില്‍ പ്രകടനത്തില്‍ പങ്കെടുത്ത ഒരാളെ മാത്രമാണ് തിരിച്ചറിയാനായതെന്ന് പോലീസ് പറയുന്നു. അക്രമസംഭവങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം. സംഘടനകളുടെ പേരിലല്ലാതെയാണ് പ്രകടനം നടന്നത്. ആരാണ് ഇതിന് നേതൃത്വം നല്‍കിയതെന്ന് കണ്ടെത്തണം. അബ്ദുള്‍ റസാഖ് എംഎല്‍എയുടെ ഇടതുംവലതും നില്‍ക്കുന്നവരാണ് പ്രകടനത്തിന് അനുമതിയുമായി പോലീസ് സ്റ്റേഷനിലെത്തിയത്. വര്‍ഗ്ഗീയ ലഹളയ്ക്ക് ആഹ്വാനം നടത്തി സംഘടിപ്പിച്ച പ്രകടനത്തിനെതിരെ നിസാര വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇരുവിഭാഗത്തിലുംപെട്ട ആളുകള്‍ക്കെതിരെ ഫേസ്ബുക്കിലെ പരാമര്‍ശത്തിന് പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ ഇത് വര്‍ഗ്ഗീയ ലഹളയ്ക്കുള്ള വളമാക്കി മാറ്റിയക് ലീഗ് നേതൃത്വമാണ്. മതനിന്ദയെന്ന് ലീഗ് ആരോപിക്കുന്ന പോസ്റ്റ് സൈബര്‍ ലോകത്ത് വ്യാപകമായി പ്രചരിപ്പിച്ചത് ലീഗാണ്. സമാധാനം ആഗ്രഹിക്കുന്നത് കൊണ്ട് മാത്രമാണ് ബിജെപി സംയമനം പാലിക്കുന്നതെന്നും ബിജെപി നേതാക്കള്‍ ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: