കൊച്ചി: മാധ്യമങ്ങളില്‍ തങ്ങള്‍ക്കെതിരായ വാര്‍ത്തകള്‍ വരുന്നത് തടയാന്‍ മതതീവ്രവാദികള്‍ പ്രസ് കൗണ്‍സിലിനെ മറയാക്കുന്നതായി ആക്ഷേപമുയരുന്നു.
മതതീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ പരാതിപ്രകാരം പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്മാന് മാര്ക്കണ്ഡേയകാട്ജു ചില പത്രങ്ങള്‍ക്ക് നല്കിയനിര്ദ്ദേശം മാധ്യമസ്വാതന്ത്ര്യത്തിനെതിരാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പോപ്പുലര്‍ഫ്രണ്ടിന്റെ പരാതിക്കിടയാക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ്, ഉര്‍ദു പത്രമായ ഇങ്ക്വിലാബ്, ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്, നവഭാരത് ടൈംസ്, ഏഷ്യന്‍ ഏജ് എന്നീ പത്രങ്ങള്‍ക്ക് മാര്‍ക്കണ്ഡേയ കാട്ജു നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.
പരാതിക്കിടയാക്കിയ വാര്‍ത്ത തങ്ങള്‍ പ്രസിദ്ധീകരിച്ചത് രഹസ്യാന്വേഷണ ഏജന്‍സിയായ ഐബി നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സണ്‍ഡേ ഗാര്ഡിയന്, ഡെക്കാന്‍ക്രോണിക്കിള്‍ എന്നീപത്രങ്ങളും വിവരംലഭിച്ചത് ദേശീയഅന്വേക്ഷണഏജന്സി യായ എന്ഐഎയില്നിന്നാണെന്ന് പയനിയര്‍ പത്രവും വിശദീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഈ സംഘടനകള്‍ക്ക് നോട്ടീസയയ്ക്കാന്‍ പ്രസ് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്.
മാറാട് കൂട്ടക്കൊല, കോളേജ് അധ്യാപകന്റെ കൈവെട്ടല്‍ എന്നീ സംഭവങ്ങളടക്കം നിരവധി കേസുകളില്‍ പ്രതികളായവരുടെ സംഘടനയായ എന്‍ ഡിഎഫിന്റെ മറ്റൊരു രൂപമാ ണ് പോപ്പുലര്‍ഫ്രണ്ട്. സംഘടനയുടെ വിധ്വംസകപ്രവര്‍ത്തനങ്ങളെക്കുറിച്ച് കേരളാ പോലീസ് രണ്ടുതവണ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.
ഈ സംഘടനയുമായി ബന്ധപ്പെട്ട പത്രത്തിന് സര്‍ക്കാരിന്റെ പരസ്യം നല്‍കരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തന്നെ നിര്‍ദ്ദേശിച്ചിരുന്നു.
ഇത്തരമൊരു സംഘടനയുടെ പരാതി മുഖവിലയ്ക്കെടുത്ത് രാജ്യസുരക്ഷയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് നോട്ടീസയച്ച പ്രസ് കൗണ്‍സില്‍ ചെയര്‍മാന്റെ നടപടി സംശയങ്ങളുയര്ത്തിയിരിക്കുകയാണ്.
ഔദ്യോഗിക പദവിയിലിരുന്നുകൊണ്ട് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിക്കെതിരെ പാക്കിസ്ഥാനിലെ ഒരു പത്രത്തില്‍ ലേഖനമെഴുതിയ കാട്ജുവിന്റെ നടപടി വിവാദമാവുകയുണ്ടായി. കാട്ജുവിന്റെ ഈ മനോഭാവം മനസിലാക്കി തങ്ങളുടെ വിധ്വംസകപ്രവര്‍ത്തനങ്ങളെ വെള്ളപൂശാന്‍ പോപ്പുലര്‍ഫ്രണ്ട് പ്രസ് കൗണ്‍സിലിനെ ഉപയോഗിക്കുകയാണെന്ന ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: