യോകോഹാമ: സീസണ് മുന്നോടിയായി ഏഷ്യന്‍ പര്യടനം നടത്തുന്ന പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കനത്ത തോല്‍വി. ജപ്പാന് ടീമായ യോകോഹാമ മരിനോസ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് യുണൈറ്റഡിനെ തകര്‍ത്തുവിട്ടത്. പുതിയ കോച്ചായി ചുമതലയേറ്റ ഡേവിഡ് മോയസിന്റെ കീഴില്‍ മൂന്ന് മത്സരത്തിനിടെ രണ്ടാം പരാജയമാണ് യുണൈറ്റഡ് നേരിട്ടത്.
മത്സരം തുടങ്ങി ആദ്യ മിനിറ്റ് പിന്നിടുന്നതിന് മുന്നേ മരിനോസ് മുന്നിലെത്തി. മാര്‍ക്വിനോസാണ് ടീമിനെ മുന്നിലെത്തിച്ച ഗോള്‍ നേടിയത്. എന്നാല്‍ 19-ാം മിനിറ്റില്‍ ജെസ്സി ലിര്ഗാര്ഡിലൂടെ യുണൈറ്റഡ് സമനിലപിടിച്ചു. പിന്നീട് 39-ാം മിനിറ്റില്‍ മസകാസു തഷിറോ സമ്മാനിച്ച സെല്‍ഫ് ഗോളിലൂടെ യുണൈറ്റഡ് മുന്നിലെത്തി. ആദ്യപകുതിയില്‍ യുണൈറ്റഡ് ഒന്നിനെതിരെ രണ്ട് ഗോളിന് മുന്നിട്ടുനിന്നു. രണ്ടാം പകുതി ആരംഭിച്ച് നാല് മിനിറ്റായപ്പോഴേക്കും ജപ്പാന് ടീം സമനില പിടിച്ചു. പ്രതിരോധനിരക്കാരന്‍ ഫാബിയോ അഗ്വിയറാണ് മരിനോസിന്റെ സമനില ഗോള്‍ നേടിയത്. പിന്നീട് 87-ാം മിനിറ്റില്‍ യോഷിഹിതോ ഫ്യുജിത ടീമിന്റെ വിജയഗോളും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: