കാസര്‍കോട്: വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രാര്‍ത്ഥനയ്ക്ക് ഫലം കണ്ടു. സൊമാലിയന്‍ കടല്‍ കൊള്ളക്കാര്‍ തട്ടിയെടുത്ത കപ്പല്‍ വിട്ടയച്ചതായി ഫോണ്‍ സന്ദേശം എത്തിയതോടെ പാലക്കുന്നിലും കീഴൂരിലും ആഹ്ലാദം അലതല്ലി. ഉദുമ പാലക്കുന്ന് കെ.പി നിലയത്തിലെ പരേതനായ കെ.വി.കണ്ണന്റെ മകന് വി.കെ.ബാബു(34) ചന്ദ്രഗിരി കീഴൂര്‍ നടക്കാപ്പിലെ തോട്ടത്തില്‍ രാഘവന്റെ മകന് വസന്തകുമാര്‍(36) ഉള്‍പ്പെടെ 24 ഇന്ത്യക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. വസന്തകുമാറിന്റെയും ബാബുവിന്റയും വീട്ടിലേക്ക് ഇന്നലെ രാവിലെയാണ് തങ്ങള്‍ മോചിപ്പിക്കപ്പെട്ടുവെന്നും സുരക്ഷിതമാണെന്നും ഇവര്‍ ഫോണിലൂടെ അറിയിച്ചത്.
ഇന്നലെ രാവിലെ 8 മണിയോടെയാണ് ബാബുവിന്റെ ഫോണ്‍ സന്ദേശമെത്തുന്നത്. ബന്ധുവായ കൃഷ്ണനെ വിളിച്ചാണ് കമ്പനിയില്‍ നിന്നും മോചിപ്പിച്ച വിവരം അറിയിച്ചത്. പിന്നീട് ബാബു നേരിട്ട് വീട്ടുകാരെ വിളിക്കുകയും ചെയ്തു. വസന്തകുമാറിന്റെ ഭാര്യ പ്രിയയെത്തേടി ഇന്നലെ രാവിലെ 8.30 ഓടെയാണ് ശുഭവാര്‍ത്ത എത്തിയത്. വസന്തകുമാര്‍ 11 മണിയോടെ പ്രിയയെ വിളിച്ചു സംസാരിച്ചു. തൊട്ടടുത്ത തുറമുഖത്തേക്ക് പോവുകയാണെന്ന് അറിയിച്ചു. കപ്പലിലെ മുഴുവന്‍ ജീവനക്കാര്‍ക്കും സംസാരിക്കാന്‍ 3 മിനുട്ട് അനുവദിച്ചപ്പോഴാണു വീട്ടുകാരുമായി സംസാരിച്ചത്.
കൊള്ളക്കാര്‍ കപ്പല്‍ ജീവനക്കാര്‍ക്ക് ഭക്ഷണവും മറ്റും നല്‍കിയിരുന്നതായും ദേഹോപദ്രവം ഉണ്ടായിട്ടില്ലെന്നും പറയുന്നു. ജീവനക്കാര്‍ ധരിച്ച വസ്ത്രങ്ങള്‍ ഒഴികെ ബാക്കിയെല്ലാം കടല്‍ കൊള്ളക്കാര്‍ കൊണ്ടുപോയി എന്നാണ് വിവരം.
പശ്ചിമ ആഫ്രിക്കന്‍ തീരത്തു വെച്ചാണ് ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന എംവി കോട്ടണ്‍ എന്ന കപ്പല്‍ റാഞ്ചിയത്. ഗള്‍ഫ് ഓഫ് ഗയാനയില്‍ നങ്കുരമിടാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് കപ്പല്‍ റാഞ്ചിയത്. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വി ഷിപ്പ് എന്ന കമ്പനി റിക്രൂട്ട് ചെയ്ത ജീവനക്കാരാണ് വസന്തകുമാറും ബാബുവും. 16ന് 11 മണിയോടെയാണ് ഇരുവരുടെയും കുടുംബങ്ങളെ കൊച്ചി ഓഫീസില്‍ നിന്നും വിവരം അറിയിക്കുന്നത്. വാര്‍ത്ത അറിഞ്ഞതുമുതല്‍ പ്രാര്‍ത്ഥനയോടെ കഴിയുകയായിരുന്നു ഇരു കുടുംങ്ങളും. ഇതിനിടയിലാണ് ആഹ്ലാദം നിറച്ച് ഇന്നലെ കൊച്ചിയിലെ ഓഫീസില്‍ നിന്നും ഫോണ്‍ സന്ദേശമെത്തിയത്.
പത്ത് വര്‍ഷമായി കപ്പലില്‍ ജോലി ചെയ്യുന്ന വസന്തകുമാര്‍ തുരക്കിഷ് കപ്പലില്‍ കയറിയിട്ട് 7 മാസമായി. അവസാനമായി എട്ടാം തീയ്യതിയാണ് വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചത്. 13 വര്‍ഷമായി കപ്പല്‍ ജീവനക്കാരനായ ബാബു കഴിഞ്ഞ ഏപ്രില്‍ 20 നായിരുന്നു പുതിയ കമ്പനിയില്‍ പ്രവേശിച്ചത്. 10-ാം തീയ്യതിവരെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും പിന്നീട് ഒരുവിവരവും ഉണ്ടായിരുന്നില്ല.കപ്പല്‍ ജീവനക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള എല്ല നടപടികളും സ്വീകരിച്ചതായി കമ്പനി അറിയിച്ചതായി കുടുംബാംഗങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: