കൊട്ടിയം: മാലിന്യ സംസ്കരണ പ്ലാന്റ് പൂട്ടിയതോടെ കണ്ണനല്ലൂരില്‍ മാലിന്യസംസ്കരണം പൂര്‍ണമായും നിലച്ചു. ഇതോടെ ഏറെ കൊട്ടിഘോഷിച്ചെത്തുന്ന സ്ഥലം എം.എല്‍.എ എം.എ ബേബിയുടെ ഹരിതകുണ്ടറ പദ്ധതിയും തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തില്‍ പാളുമെന്ന് ഉറപ്പായി. മാലിന്യസംസ്കരണത്തിന്റെ പേരില്‍ ഉദ്ഘാടനം നടത്തിയ മാലിന്യസംസ്കരണ പ്ലാന്റും അനുബന്ധ പദ്ധതിയും ആര്‍ക്കും പ്രയോജനമില്ലാതെ വര്‍ഷങ്ങളായി നശിക്കുകയാണ്.
പ്ലാന്റ് പ്രവര്‍ത്തനരഹിതമായതോടെ കണ്ണനല്ലൂര്‍ ചന്തമൈതാനത്ത് മാലിന്യം ഒരു കുഴിയില്‍ കുന്നുകൂട്ടിയിട്ട് മൂടുകയാണ്. തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ ടൗണായ കണ്ണനല്ലൂരിലെ ഖര-മാലിന്യ നിര്‍മാര്‍ജന പ്ലാന്റാണ് നോക്കുകുത്തിയായി മാറിയത്. പ്ലാന്റില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് കണ്ണനല്ലൂര്‍ ടൗണിലും മാര്‍ക്കറ്റിലുമായി മുപ്പതോളം സി.എഫ് ലാമ്പുകള്‍ ഉപയോഗിച്ച് നാട്ടുകാര്‍ക്ക് വെളിച്ചം പകരുകയെന്നതും പദ്ധതിയുടെ ഭാഗമായിരുന്നു. എന്നാല്‍ പ്ലാന്റ് പ്രവര്‍ത്തനരഹിതമായതോടെ ലൈറ്റുകള്‍ കത്താതാകുകയും തുടര്‍ന്ന് അവ നാശോന്മു?മായി തീരുകയും ചെയ്തു.
തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ജൈവമാലിന്യസംസ്ക്കരണ-വൈദ്യുതി ഉല്പാദന പ്ലാന്റിന്റെ പണി പൂര്‍ത്തിയാക്കിയത് 2008 മാര്‍ച്ചിലാണ്. തുടര്‍ന്നു പ്രവര്‍ത്തനമാരംഭിച്ചു. അന്നത്തെ തദ്ദേശസ്വയംഭരണമന്ത്രി പാലൊളി മുഹമ്മദ്കുട്ടി പങ്കെടുത്ത ചടങ്ങില്‍ ഏറെ ആഘോഷപൂര്‍വമായിരുന്നു ഉദ്ഘാടനം നടന്നത്. പദ്ധതി പ്രകാരം 10 ലക്ഷം രൂപയാണ് പ്ലാന്റിനായി ചെലവഴിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ തിരുവനന്തപുരത്തെ ബയോടെക്കിനായിരുന്നു തുടര്‍ചുമതലയും. നിര്‍മാണത്തില്‍ 1,20,000 രൂപ ഏജന്‍സി സബ്സിഡിയും നല്‍കിയിരുന്നു.
പരിസ്ഥിതിയ്ക്ക് ഇണങ്ങുന്ന തരത്തില്‍ പ്രതിദിനം 250 കിലോഗ്രാം മത്സ്യ-മാംസാവശിഷ്ടങ്ങള്‍ സംസ്കരിക്കുന്നതിനൊപ്പം ഇതില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് കണ്ണനല്ലൂര്‍ ടൗണിലും മാര്‍ക്കറ്റിലുമായി സ്ഥാപിച്ച 30-ഓളം സി.എഫ് ലാമ്പുകള്‍ക്ക് വെളിച്ചം പകരുകയുമായിരുന്നു ഉദ്ദേശം.
എളുപ്പത്തില്‍ അഴുകുന്ന മാംസാവശിഷ്ടങ്ങളെ ബയോമീഥനൈസേഷന്‍ സാങ്കേതിക വിദ്യയുടെ സഹായത്താലാണ് സംസ്കരിക്കുന്ന പദ്ധതിയാണ് പ്ലാന്റില്‍ ഒരുക്കിയിരുന്നത്. ഇങ്ങനെ സംസ്കരിച്ചുണ്ടാക്കുന്ന ജൈവ വാതകത്തെ പ്രത്യേക ഫില്‍ട്ടറുകളിലൂടെ കടത്തിവിട്ട് ശുദ്ധീകരിച്ച ശേഷം ജനറേറ്ററിലെത്തിച്ചാണ് വൈദ്യുതി ഉല്പാദിപ്പിക്കുന്നത്. മൂന്ന് കിലോവാട്ട് വൈദ്യുതിയാണ് ഇത്തരത്തില്‍ ഉല്പാദിപ്പിച്ചിരുന്നത്. പ്ലാന്റിനോടനുബന്ധിച്ചുള്ള പ്രീ-കണ്ടിഷണര്‍, ഗ്യാസ്ഫില്‍ട്ടര്‍, റീസൈക്ലിംഗ് പമ്പ് എന്നിവ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള വൈദ്യുതിയും പ്ലാന്റില്‍ നിന്നായിരുന്നു ലഭിക്കുക. സാവധാനം ജീര്‍ണിക്കുന്ന പച്ചക്കറികളും നാരുകള്‍ അധികമുള്ള സസ്യാവശിഷ്ടങ്ങളും സംസ്ക്കരിക്കാന്‍ കഴിയുംവിധമായിരുന്ന പ്ലാന്റ് തയ്യാറാക്കിയിരുന്നത്. മാലിന്യസംസ്കരണത്തിനു ശേഷം പുറത്തുവിടുന്ന മലിനജലം സംസ്കരിച്ച് പുനരുപയോഗിക്കുന്നതിനും പ്ലാന്റില്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.
മാലിന്യ നിര്‍മാര്‍ജനപ്ലാന്റ് പ്രവര്‍ത്തനരഹിതമായിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ബന്ധപ്പെട്ടവര്‍ കയ്യുംകെട്ടി നോക്കിയിരിക്കുകയാണെന്നാണ് ആക്ഷേപം. ഇപ്പോള്‍ മാസങ്ങളായി മാലിന്യങ്ങള്‍ സംസ്ക്കരണമില്ലാതെ ചന്തമൈതാനത്തെ ഓരോ കുഴികളില്‍ കൊണ്ട് വന്നു തട്ടുക മാത്രമാണ് ഗ്രാമപഞ്ചായത്ത് ചെയ്യുന്നത്. അതിനു ശേഷം കുഴികള്‍ മണ്ണിട്ട് മൂടും. സംസ്കരണമില്ലാതെ മാര്‍ക്കറ്റ് മൈതാനത്ത് നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് ആശങ്ക വര്‍ധിച്ചിട്ടുണ്ട്. തൃക്കോവില്‍വട്ടത്ത് പുതിയ ഇടതുമുന്നണി പഞ്ചായത്ത് ഭരണസമിതി അധികാരത്തിലെത്തിയിട്ട് രണ്ടര വര്‍ഷം പിന്നിട്ടെങ്കിലും ഖര-മാലിന്യ നിര്‍മാര്‍ജന പ്ലാന്റിന്റെ ശനിദശയ്ക്ക് ഇതുവരെ അവസാനമായിട്ടില്ല. ഹോട്ടല്‍ മാലിന്യങ്ങള്‍ പുരയിടങ്ങളിലാണ് തള്ളുന്നത്. അറവുശാലാമാലിന്യങ്ങള്‍ റോഡുകളിലും വലിച്ചെറിയുകയാണ്. ഗ്രാമപഞ്ചായത്തിലെ ഏറ്റവും തിരക്കേറിയ കണ്ണനല്ലൂര്‍ മാര്‍ക്കറ്റും സമീപപ്രദേശങ്ങളും ദീര്‍ഘകാലമായി അനു?വിച്ചു വന്ന മാലിന്യപ്രശ്നത്തിന് പ്ലാന്റ് പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഒരു പരിധിവരെ പരിഹാരമാകുമെന്ന കണക്കുകൂട്ടലാണ് ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ പ്ലാന്റ് ദുരവസ്ഥയിലായതോടെ തെറ്റിയത്.ഏതാണ്ട് ആദ്യ ഒരുവര്‍ഷക്കാലം നന്നായി പ്രവര്‍ത്തിച്ച പ്ലാന്റ് പിന്നീടൊരിക്കലും കൃത്യമായി പ്രവര്‍ത്തിച്ചതായി അറിയില്ല. എന്നാല്‍ പഞ്ചായത്തും ബയോടെക്കും പരസ്പരം കുറ്റംപറയുകയാണെന്നും പ്ലാന്റ് കൃത്യമായി പ്രവര്‍ത്തിപ്പിക്കാന്‍ ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. പ്ലാന്റിന്റെ കേടുപാടുകള്‍ തീര്‍ത്ത് ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും മാര്‍ക്കറ്റിലെ വ്യാപാരികളും. തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിന്റെ അനാസ്ഥ മാത്രമാണ് പ്ലാന്റ് ഏറെക്കാലമായി പ്രവര്‍ത്തനരഹിതമായി കിടക്കാന്‍ കാരണമെന്നാണ് ആക്ഷേപം. ഹരിത കുണ്ടറ പദ്ധിക്കും ഒപ്പം തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് മാലിന്യമുക്തമാക്കാമെന്ന പദ്ധതിക്കുമാണ് കണ്ണനല്ലൂരിലെ മാലിന്യസംസ്കരണ നീക്കം പൊളിയുന്നതോടെ അവസാനമാകുന്നത്.
മുഖത്തല ശ്രീരാജ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: