കൊട്ടാരക്കര: ബിജെപി വെളിയം പഞ്ചായത്തിലെ പഞ്ചായത്തംഗത്തിന്റെ വീടാക്രമിച്ച സംഭവത്തില്‍ ബിജെപി കൊട്ടാരക്കര നിയോജക മണ്ഡലം ഭാരവാഹിയോഗം അതിശക്താമായി പ്രതിഷേധിച്ചു.
പരമ്പരാഗത കമ്മ്യൂണിസ്റ്റ് കോട്ടയായിരുന്ന മുട്ടറ വാര്‍ഡില്‍ കഴിഞ്ഞ രണ്ടു തവണയായി ബിജെപി വിജയിച്ചതിന്റെ അസഹിഷ്ണുത സിപിഎമ്മിനെ വേട്ടയാടുന്നുണ്ട്. ആദ്യതവണ ദിലീപ് മുട്ടറയും രണ്ടാം തവണ അദ്ദേഹത്തിന്റെ ഭാര്യ ശ്രീലതാ ദിലീപുമാണ് പഞ്ചായത്തംഗങ്ങള്‍. ഇന്നലെ ഓടനാവട്ടത്തുവച്ച് അക്രമികളാല്‍ സിപിഎമ്മിന്റെ ഓടനാവട്ടം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് തലയ്ക്ക് വെട്ടേറ്റിരുന്നു. സ്ഥിരംപ്രശ്നക്കാരനായ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സലീംലാലിനെ (സണ്ണി) ഏതോ അക്രമികള്‍ പതിയിരുന്ന് അക്രമിയ്ക്കുകയായിരുന്നു. ബിജെപിക്കാരാണ് അക്രമിച്ചതെന്നാരോപിച്ച് സ്ഥലത്തെ ജനപിന്തുണയുള്ള ബിജെപി മണ്ഡലം സെക്രട്ടറിയായ മുട്ടറ ദിലീപിന്റെ വീട് ആക്രമിക്കുകയായിരുന്നു. ഉദ്ദേശം 60,000 രൂപയുടെ നഷ്ടം വീടിന് ഉണ്ടായിട്ടുണ്ട്.
നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നു സലിംലാല്‍. പഞ്ചായത്ത് മെമ്പറുടെ വീട് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി മുട്ടറയില്‍ ഹര്‍ത്താല്‍ ആചരിച്ചു. ബിജെപി മണ്ഡലം ഭാരവാഹി യോഗത്തില്‍ അഡ്വ. വയയ്ക്കല്‍ സോമന് അധ്യക്ഷത വഹിച്ചു. എഴുകോണ്‍ ചന്ദ്രശേഖരന്‍പിള്ള, അണ്ടൂര്‍ രാധാകൃഷ്ണന്, കോട്ടാത്തല സന്തോഷ്, ഇരുകുന്നം മധു, ഹരി മെയിലംകുളം, രവി എന്നിവര്‍ സംസാരിച്ചു. ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ മുട്ടറയിലെ ദിലീപിന്റെ വസതി സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: