കൊല്ലം: പാവങ്ങള്‍ക്ക് നിര്‍മിച്ചു നല്‍കിയ വീടുകള്‍ ജീര്‍ണാവസ്ഥയിലാണെങ്കില്‍ പുനരുദ്ധരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആവിഷ്ക്കരിക്കുമെന്ന് ധനമന്ത്രി കെ.എം.മാണി പറഞ്ഞു. സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പിലാക്കും. വികസനത്തോടൊപ്പം സാമൂഹ്യസുരക്ഷയും സര്‍ക്കാരിന്റെ കടമയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചാത്തന്നൂരില്‍ സാഫല്യം ഭവനപദ്ധതിയുടെ ശിലാസ്ഥാപനവും ദാനാധാര വിതരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഭൂരഹിതരും ഭവനരഹിതരുമായ എല്ലാ ജനവിഭാഗങ്ങള്‍ക്കും വീട് നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
അന്തിയുറങ്ങാന്‍ ഒരാലയം പൗരന്റെ അവകാശമാണ്. ഇത് നിറവേറ്റാനാണ് സാഫല്യം പോലുള്ള ഭവനപദ്ധതികള്‍ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. പദ്ധതിപ്രകാരം മൂന്ന് നിലയുള്ള ഫ്ലാറ്റുകള്‍ 48 കുടുംബങ്ങള്‍ക്ക് നിര്‍മിച്ചു നല്‍കുന്ന പദ്ധതിക്കാണ് തുടക്കമായത്. 3.5 ലക്ഷം രൂപ വിലവരുന്ന വീടുകളാണ് നിര്‍മിക്കുന്നത്. ഇതില്‍ രണ്ടുലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും. ഒരു ലക്ഷം രൂപയുടെ ഹഡ്കോ വായ്പ അനുവദിക്കും. ബാക്കിവരുന്ന അന്‍പതിനായിരം രൂപയില്‍ ഇരുപത്തിയയ്യായിരം രൂപ മറ്റുവിധത്തില്‍ കണ്ടെത്തും. കേവലം കാല്‍ലക്ഷം രൂപമാത്രമേ ഉപഭോക്താവ് നല്‍കേണ്ടതുള്ളു. സംസ്ഥാനത്ത് പത്തുലക്ഷം ഭവനരഹിതര്‍ക്കും വീടു നല്‍കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ജി.എസ്.ജയലാല്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എന്‍.പീതാംബരക്കുറുപ്പ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന്‍, ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ്, ജില്ലാ പഞ്ചായത്തംഗം മായാസുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജയചന്ദ്രന്‍, മുന്‍ എംഎല്‍എ പ്രതാപവര്‍മ തമ്പാന്‍, കെഎല്‍ഡിസി ചെയര്‍മാന്‍ ബെന്നി കക്കാട്, വാര്‍ഡംഗം ആര്‍.സജീവ് എന്നിവര്‍ സംസാരിച്ചു. ഭവന നിര്‍മാണബോര്‍ഡ് ചെയര്‍മാന്‍ അറയ്‌ക്കല്‍ ബാലകൃഷ്ണപിള്ള സ്വാഗതവും എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: