കൊല്ലം: മനുഷ്യാവകാശസംരക്ഷണസംഘടനയുടെ പേരില്‍ രജിസ്ട്രേഷന് നേടി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത സംഘത്തലവനെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആനയറ കിഴക്കതില്‍ ക്ഷേത്രം റോഡില്‍ അനന്തകൃഷ്ണം വീട്ടില്‍ താമസിച്ചുവന്ന ശ്രീകുമാര(52)നെയാണ് അറസ്റ്റ് ചെയ്തത്.
മനുഷ്യാവകാശ സംഘടനയുടെ പേരില്‍ മൈക്രോഫിനാന്‍സ് ഗ്രുപ്പുകളും, സ്വയംസഹായ ഗ്രൂപ്പുകളും ഉണ്ടാക്കി കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ഇരുപതിനായിരത്തോളം സ്ത്രീകളെ കബളിപ്പിച്ചായിരുന്നു തട്ടിപ്പ്. പത്തു പേരടങ്ങുന്ന രണ്ടായിരത്തോളം ഗ്രൂപ്പുകളാക്കിയശേഷം ഓരോ ഗ്രുപ്പില്‍ നിന്നും അയ്യായിരം രൂപ വീതം വാങ്ങുകയും നബാര്‍ഡിലും മറ്റ് നാഷണലൈസ് ബാങ്കുകളിലും നിന്ന് ലോണ്‍ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് ഓരോ ഗ്രൂപ്പിനും ആയിരം രൂപ ചിലവാക്കി ഓരോ എസ്.ബി അക്കൗണ്ട് എടുത്തശേഷം ബാക്കി നാലായിരം രൂപ സംഘടനയുടെ ചെയര്‍മാനായ ശ്രീകുമാരനും മറ്റംഗങ്ങളും വീതിച്ചെടുക്കുകയാണ് പതിവ്. സമൂഹത്തില്‍ വളരെ താഴ്ന്ന ജീവിതസാഹചര്യത്തിലുള്ള തൊഴിലില്ലാത്ത സ്ത്രീകളെയാണ് സംഘടന ചൂഷണം ചെയ്തത്. ഫീല്‍ഡ് പ്രമോട്ടര്‍മാരെ ഉപയോഗിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 2500 ഗ്രുപ്പുകള്‍ 2011 ന് ശേഷം ഇവര്‍ രൂപീകരിക്കുകയും ഒന്നേകാല്‍ കോടി രൂപ പിരിച്ചെടുത്തതായും പരിശോധനയില്‍ ബോധ്യപ്പെട്ടു.
തിരുവനന്തപുരം ജില്ലയില്‍ വഞ്ചിയൂരില്‍ ഇവരുടെ സംസ്ഥാനതല ഓഫീസും പ്രവര്‍ത്തിച്ചുവരുന്നു. തിരുവനന്തപുരം ജില്ലയിലും ആയിരക്കണക്കിന് സ്ത്രീകളെ ഇത്തരത്തില്‍ കബളിപ്പിച്ചു. തട്ടിപ്പിന് വിധേയരായവര്‍ പോലീസില്‍ പരാതികള്‍ നല്‍കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം അസി. പോലീസ് കമ്മീഷണര്‍ ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ കൊല്ലം ഈസ്റ്റ് സിഐ എസ്.ഷെരീഫ്, എസ്ഐ. ജി.ഗോപകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോസ്പ്രകാശ്, അനന്‍ബാബു, ഹരിലാല്‍, സജിത്, ഗുരുപ്രസാദ്, കൃഷ്ണകുമാര്‍, സുനില്‍ എന്നിവരടങ്ങിയ സംഘം തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലെ ഓഫീസുകള്‍ റെയിഡ് നടത്തി. ചെയര്‍മാനായ ശ്രീകുമാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തട്ടിപ്പിനെ സംബന്ധിച്ച നിരവധി രേഖകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. നിരവധി ബാങ്കുകളില്‍ അക്കൗണ്ടുള്ളയാളാണ് ശ്രീകുമാരന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: