പത്തനാപുരം: ദേശീയപാതയില്‍ കുന്നിക്കോട് പച്ചിലവളവില്‍ നിന്നും 35 അടി താഴ്ചയിലുള്ള വീടിനുമുകളിലേക്ക് ടാങ്കര്‍ ലോറി മറിഞ്ഞു. വീടുടമസ്ഥരും ലോറി ജീവനക്കാരും അത്ഭുതകരമായി രക്ഷപെട്ടു.
വീഴ്ച വൈകിട്ട് നാലിനോടെ കൊല്ലത്തുനിന്നും തമിഴ്‌നാട്ടിലേക്ക് ഫര്‍ണസ് ഓയിലുമായി പോവുകയായിരുന്ന ടാങ്കറാണ് പച്ചില ചരുവിളവീട്ടില്‍ നിസാമുദ്ദീന്റെ വീടിന് മുകളിലേക്ക് മറിഞ്ഞത്.
അപകടത്തില്‍ വീട് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അപകടസമയം വീട്ടിലുണ്ടായിരുന്ന നിസാമുദ്ദീനും മാതാവ് സുലൈബ ബീവിയും അത്ഭുതകരമായാണ് രക്ഷപെട്ടത്. ടാങ്കര്‍ ലോറി പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ടാങ്കറിലുണ്ടായിരുന്ന ഫര്‍ണസ് ഓയില്‍ പ്രദേശത്ത് പരന്ന് ഒഴുകിയ നിലയിലാണ്. അപകടത്തെത്തുടര്‍ന്ന് ശാരീരിക തളര്‍ച്ച അനുഭവപ്പെട്ട സുലൈബ ബീവിയെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചേത്തടി മില്ലിനും പച്ചില വളവ് പള്ളിക്കുമിടയില്‍ 20 ഓളം വാഹനങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചിട്ടുള്ളത്. ആറുമാസങ്ങള്‍ക്ക് മുമ്പും മറ്റൊരു ടാങ്കര്‍ ലോറി നിസാമുദ്ദീന്റെ വീടിനു മുകളില്‍ വീണ് വീടിന് തകര്‍ച്ച സംഭവിച്ചതാണ്. ഒരാഴ്ച മുമ്പ് തലവൂര്‍ സ്വദേശിയുടെ ഓട്ടോയും വീടിനു മുന്‍വശത്തു വീണ് അപകടം ഉണ്ടായതാണ്.
പ്രദേശത്ത് അപകടസൂചനാ ബോര്‍ഡുകള്‍ അധികൃതര്‍ സ്ഥാപിക്കാത്തതും റോഡില്‍ സൈഡിലായി സംരക്ഷണഭിത്തിയില്ലാത്തതും ചേത്തടി മുതല്‍ കുന്നിക്കോട് വരെയുള്ള ഭാഗങ്ങളിലുള്ള വന്‍വളവുകളും അപകടത്തെ വിളിച്ചുവരുത്തുന്നു. പുനലൂരില്‍ നിന്നും വരുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസിനു സൈഡുകൊടുക്കുന്നതിനിടെ യാണ് അപകടം സംഭവിച്ചത്. കൊട്ടാരക്കര, പുനലൂര്‍ എന്നിവിടങ്ങളിലെ ഫയര്‍ഫോഴ്സും, കൊട്ടാരക്കര, കുന്നിക്കോട്, പത്തനാപുരം സ്റ്റേഷനുകളിലെ പോലീസുകാരും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. കൊല്ലം റൂറല്‍ എസ്പി സുരേന്ദ്രനും സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: