യുണൈറ്റഡ് നാഷന്‍സ്: ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍ പ്രതിമാസം 5,000 പേര് കൊല്ലപ്പെടുന്നതായി ഐക്യരാഷ്ട്രസഭ. പ്രതിമാസം 6,000 പേര് രാജ്യത്ത് നിന്ന് പലായനം ചെയ്യുന്നു.
1994ല്‍ റുവാണ്ടയില്‍ നടന്ന കൂട്ടക്കുരുതിയെ തുടര്‍ന്നുണ്ടായ കൂട്ടപലായനത്തിന് ശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ അഭയാര്‍ത്ഥികളാകുന്നത് ഇതാദ്യമായിട്ടാണെന്നും യുഎന്‍ പറയുന്നു.
സര്‍ക്കാര്‍ സൈന്യം വിവേചനമില്ലാതെ രാജ്യത്ത് മിസൈല്‍ ആക്രമണങ്ങളും ഷെല്ലാക്രമണങ്ങളും നടത്തുകയാണ്. ജനപെരുപ്പമുള്ള മേഖലകളില്‍ നടത്തുന്ന ആക്രമണങ്ങളില്‍ നിരവധി പേര് മരിക്കുന്നുണ്ട്.
ഇവരില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നു. സിറിയയിലെ ആഭ്യന്തര കലാപം അവസാനിക്കാന്‍ രാജ്യാന്തര സമൂഹം ഉടന്‍ ഇടപ്പെടണമെന്നും യുഎന്‍ വ്യക്തമാക്കുന്നു. 6.8 മില്യണ്‍ ആളുകള്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കേണ്ടതുണ്ടെന്ന് യുഎന്‍ അറിയിച്ചു.
സിറിയയില്‍ മനുഷ്യാവകാശ ലംഘനങ്ങളും യുദ്ധകുറ്റകൃത്യങ്ങളുമാണ് നടക്കുന്നത്. 1.8 മില്യണ്‍ സിറിയന്‍ അഭയാര്‍ത്ഥികളിലെ മൂന്നില്‍ രണ്ട് വിഭാഗവും 2013 ആദ്യത്തിലാണ് രാജ്യത്ത് നിന്ന് പലായനം ചെയ്തത്.
ആഭ്യന്തര കലാപം ആരംഭിച്ച മാര്‍ച്ച് 2011നും ഏപ്രില്‍ 2013 നും ഇടയിലുള്ള കാലയളവില്‍ 92,901 പേര് കൊല്ലപ്പെട്ടതായി കഴിഞ്ഞ മാസം പുറത്തിറങ്ങിയ യുഎന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: