ചടയമംഗലം: സ്വകാര്യബസിന്റെ മരണദൂതുമായുള്ള മറികടക്കലാണ് ചടയമംഗലത്ത് അഞ്ചുപേരുടെ മരണത്തിനും അമ്പതോളം പേരുടെ ഗുരുതര പരിക്കിനും ഇടയാക്കിയ ദാരുണ അപകടത്തിന് കാരണം എന്നറിയുമ്പോള്‍ ഇവരെ നിയന്ത്രിക്കാത്തതിലുള്ള ആശങ്കയിലാണ് യാത്രികരായ പൊതു സമൂഹം.
കഴിഞ്ഞ ദിവസം ചടയമംഗലത്ത് നിരന്തര അപകടമേഖലയായ ശ്രീരംഗം വളവില്‍ തെറ്റായ രീതിയില്‍ ഓവര്‍ടേക്ക് ചെയ്ത് വന്ന ‘ത്രിവേണി’ എന്ന സ്വകാര്യബസാണ് കെഎസ്ആര്‍ടിസി ബസില്‍ പാഞ്ഞ് കയറിയതിനെത്തുടാരന്ന് അഞ്ചുയാത്രക്കാര്‍ മരിക്കാനിടയായത്. തിരുവനന്തപുരത്ത് നിന്ന് പമ്പയിലേക്ക് പോവുകായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ യാക്ക്രാരായി ഉണ്ടായിരുന്ന അദ്ധ്യാപിക ബാലരാമപുരം സ്വദേശി പ്രീയാ അഗസ്റ്റിന് (42), അഞ്ചല്‍ പാണയം ജയേഷ് ഭവനില്‍ അമ്പിളി (40), മകള്‍ ജയശ്രീ (17), വിളപ്പില്‍ശാല സ്വദേശിയും ഡാലി സ്കൂള്‍ അദ്ധ്യാപികയുമായ താര (30), തിരുവനന്തപുരം സ്വദേശി ശശീന്ദ്രന് (53) എന്നിവരാണ് മരിച്ചത്. ഇരുബസുകളിലുമായി ഉണ്ടായിരുന്ന അന്‍പതോളം പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു. എംസി റോഡ് മുന്‍പും അപകട മേഖലയായിരുന്നിട്ടുണ്ട്.
1995 ല്‍ ശ്രീരംഗം വളവില്‍ രണ്ടു സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് മൂന്നു പേര് മരിച്ചിട്ടുണ്ട്. എംസി റോഡ് വികസനം കെഎസ്റ്റിപി ഏറ്റെടുത്ത് ദേശീയപാതാനിലവാരത്തിലേക്ക് ഉയര്‍ത്തിയപ്പോള്‍ അപകട മേഖലകള്‍ പ്രത്യേക പരിഗണന നല്കി കൊടുംവളവുകള്‍ പരമാവധി നിവര്‍ത്തി നിര്‍മ്മിക്കാത്തതാണ് അപകടം വീണ്ടും വര്‍ദ്ധിക്കാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കിളിമാനൂരിലെ പാപ്പാല വളവില്‍ വാഹനാപകടത്തില്‍ ഭാരതീപുരം സ്വദേശി വര്‍ക് ഷോപ്പുടമ ബി.ഭദ്രനും (53), മകള്‍ ശ്രിക്കുട്ടി(17)യും കൂടാതെ ഇദ്ദേഹത്തിന്റെ കുടംബത്തിലെ മറ്റ് രണ്ടംഗങ്ങള്‍ കൂടി മരണപ്പെട്ടിരുന്നു. 1998 ലാണ് അമിതവേഗതയില്‍ പള്ളിക്കല്‍ ഭാഗത്തേക്ക് പോയ വല്ക്കലം എന്ന സ്വകാര്യബസ് കല്ലടത്തണ്ണിപ്പാലത്തില് നിന്ന് താഴേക്ക് മറിഞ്ഞ് പതിനാല് യാത്രക്കാര്‍ മരണമടഞ്ഞത്. 2008 ല്‍ ആയൂരില്‍ പെരുങ്ങളവൂരില് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയും 2011 ല്‍ അഞ്ചല്‍ സ്വദേശികളായ ബൈക്കില്‍ എതിരെ വന്ന രണ്ട് സ്വദേശികളായ ബൈക്കില്‍ എതിരെ വന്ന രണ്ട് യുവാക്കളും ജീവന് പൊലിഞ്ഞിട്ടുണ്ട്.
ഇതേപോലെ ആയൂര്‍-പുനലൂര്‍ റോഡിലും അപകടം നിത്യസംഭവമാണ്. ഏരൂര്‍ സ്വദേശി നദീര്‍ (24), സ്കൂള്‍ വിദ്യാര്‍ത്ഥി ഷബീബ് (16), മണലില്‍ സ്വദേശി കൃത്യവാസന്‍ (68), അയണിക്കോട് സ്വദേശി മോഹന്‍കുമാര്‍ (45), ആര്‍ച്ചല്‍ സ്വദേശി ആദര്‍ശ് എന്നിവര്‍ക്ക് ജീവന് നഷ്ടപ്പെട്ടത് ഈ റോഡില്‍ അടുത്തിടെയാണ്.
ആയൂര്പ്പാലത്തില് വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ എതിരെ വരുന്ന വാഹനത്തിന്റെ ഗ്ലാസില്‍ ചീറ്റിയടിക്കുന്ന വെള്ളത്തിന്റെ ശക്തിയാല്‍ കാണാനാകാതെ നിരവധി വാഹനങ്ങള്‍ ഇത്തിക്കരയാറില്‍ വീണിട്ടുണ്ട്.
നിരന്തര അപകടമേഖലയായ ആയൂര്‍ വയയ്ക്കല്‍ വഞ്ചിപ്പെട്ടി ഭാഗത്ത് സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചിട്ടുണ്ട്. 2012 ഡിസംബര്‍ 28ന് പുലര്‍ച്ചെ നിലമേലില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ എട്ട് അംഗങ്ങള്‍ മരിക്കാനിടയായ സ്ഥലത്തും സ്പീഡ് ബ്രേക്കര്‍ നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ ശ്രീരംഗം വളവില്‍ യാതൊരു വേഗതനിയന്ത്രണ സംവിധാനമോ, സൂചനാ ബോര്‍ഡോ ഇല്ല. ഇവിടെ സ്പീഡ് ബ്രേക്കര്‍ നിര്‍മ്മിക്കുന്നതിനോ വേണ്ടിവന്നാല്‍ വണ്‍വേ സംവിധാനമോ ഏര്‍പ്പെടുത്തുന്നതിനുള്ള സംവിധാനവും ഉണ്ടെന്നിരിക്കെ അധികൃതരുടെ അനാസ്ഥയാണ് ഈ അപകടങ്ങള്‍ പരുകാന് കാരണം.
റോഡില്‍ ഹെല്‍മറ്റ് വേട്ടയ്ക്കും സീറ്റ് ബല്‍റ്റ് വേട്ടയ്ക്കും ചരക്കുവാഹനങ്ങളെ നിയന്ത്രിക്കുന്നതിനും വേട്ടക്കാര്‍ നിരന്ന് നില്‍ക്കാറുണ്ടെങ്കിലും രാഷ്ട്രീയ പിന്‍ബലമുള്ള മുതലാളിമാരുടെ റൂട്ടു ബസുകള്‍ പരിശോധിക്കാന്‍ മടികാണിക്കാറാണ് പതിവ്. എംസി റോഡില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസുകള്‍ മരണപ്പാച്ചിലാണ് നടത്തുന്നതെന്ന് യാത്രക്കാരുടേയും നാട്ടുകാരുടേയും പരാതി നിരന്തരമായി കേള്‍ക്കുന്നുമുണ്ട്.
സ്വകാര്യബസുകള്‍ക്ക് വേഗപ്പൂട്ടുകള്‍ കര്‍ശനമാണെങ്കിലും ഇവയുടെ ഒരു മാതൃകമാത്രം പ്രദര്‍ശിപ്പിച്ചാണ് ഇവര്‍ രക്ഷപെടുന്നത്. ഇതിലേക്ക് ഇലക്ട്രക് കണക്ഷന് കൊടുത്തിരിക്കുന്നതിനാല്‍ എല്‍ഇഡി ബള്‍ബ് കത്തിനില്ക്കും. എന്നാല്‍ പ്രധാനഭാഗമായ ഡീസല്‍ കണക്ടഡായ ഭാഗം പ്രവര്‍ത്തനക്ഷമമായിരിക്കില്ല. ഇവ ഭദ്രമായി ഇളക്കിവെച്ച് ഡീസല്‍ കണക്ഷന് വാഹനത്തിന്റെ ഫ്യൂവല്‍ ഇന്ജക്ഷന് പമ്പിലേക്ക് നേരിട്ട് കൊടുത്തിരിക്കും. ഇങ്ങനെ അമിത വേഗതയ്ക്കായി എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തിയാണ് സ്വകാര്യബസുകളുടെ മരണ സഞ്ചാരം.
എംസി റോഡില്‍ വാഹനങ്ങളുടെ സ്പീഡ് ചെക്ക് ചെയ്യാന്‍ സ്ഥിരം സംവിധാനങ്ങളില്ല. നിരീക്ഷണക്യാമറ സ്ഥാപിക്കുമെന്ന് പ്രഖ്യാപനമുണ്ടെങ്കിലും നടപടി ആയിട്ടില്ല.
വേഗത പരിശോധിക്കുന്നതിനായി എംസി റോഡില്‍ ഉള്ള ഇന്റര്‍സെപ്ടര്‍ വാഹനം നിലമേല്‍-ആയൂര്‍ മേഖലകളില്‍ കണ്ടവരാരുമില്ല. ഇത് മുതലെടുത്താണ് സ്വകാര്യബസ് മുതലാളിമാരുടെ ഒത്താശയോടുകൂടി ഡ്രൈവിംഗ് പരിശീലനം യാത്രാബസുകളില്‍ അരങ്ങേറുന്നത്. ഇരുപതിനായിരം മുതല്‍ ഇരുപത്തയ്യായിരം രൂപവരെ ഫീസ് വാങ്ങി കുട്ടി ഡ്രൈവര്‍മാരെ പരിശീലിപ്പിക്കുന്നവരെ നിയന്ത്രിക്കാന്‍ നടപടി എടുക്കാത്തവരാണ് ‘കര്‍ശന നടപടി’ എടുത്ത് വാഹന പരിശോധന നടത്തുന്നത്.
മുന്‍പ് ലൈറ്റ് ഡ്രൈവിംഗ് ലൈസന്‍സ് എടുത്തവര്‍ക്ക് മൂന്നു വര്‍ഷത്തിനു ശേഷം മാത്രമേ ഹെവിവാഹനങ്ങള്ക്കുള്ള ലൈസന്‍സ് നല്‍കുമായിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ ലൈറ്റ് ഡ്രൈവിംഗ് ലൈസന്‍സ് എടുത്ത് അടുത്ത വര്‍ഷത്തില്‍ തന്നെ ഹെവിക്ക് അപേക്ഷിക്കാവുന്നതാണ്. ഇങ്ങനെ ലൈസന്‍സ് എടുത്തവരാണ് പരിശീലനത്തിനായി നിരത്തുകളില്‍ ചീറിപ്പായുന്നവരില്‍ ഏറെയും.
നടുറോഡില്‍ ചോരചീറ്റി ദാരുണമായി മരിക്കാന്‍ വിധിക്കപ്പെട്ടവരോട് അല്‍പ്പം കരുണ കാണിച്ചെങ്കിലും ഇത്തരത്തിലുള്ള മരണപ്പാച്ചില്ക്കാരെ നിയന്ത്രിക്കാന്‍ അധികൃതര്‍ നടപടി എടുത്തെങ്കിലെന്ന് ആഗ്രഹിക്കുകയാണ് പാവം പൊതുജനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: