ന്യൂദല്‍ഹി: ശ്രീശാന്ത്, അങ്കിത് ചവാന്, അജിത് ചാന്ദില എന്നിവരുള്‍പ്പെട്ട ഐ.പി.എല്‍ ഒത്തുകളി കേസില്‍ രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെ പ്രോസിക്യൂഷന് സാക്ഷിയാക്കി. ദല്‍ഹി പോലീസ് ദ്രാവിഡിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. രാജസ്ഥാന് റോയല്‍സ് കോച്ച് പാഡി അപ്റ്റന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തും.
രാഹുല്‍ ദ്രാവിഡിന്റെ മൊഴി കേസ് ബലപ്പെടുത്തുമെന്ന് ദല്‍ഹി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഈ മാസം പത്തിന് ദല്‍ഹി പോലീസിന്റെ ഒരു സംഘം ബംഗളുരുവില്‍ പോയാണ് ദ്രാവിഡിന്റെ മൊഴി രേഖപ്പെടുത്തിയത്. ഒത്തുകളി വിവാദത്തില്‍ ദുഃഖം രേഖപ്പെടുത്തിയ ദ്രാവിഡ് സംഭവത്തെക്കുറിച്ച് താന്‍ ഒന്നും അറിഞ്ഞിരുന്നില്ലെന്നും വ്യക്തമാക്കി. കളിക്കാരെക്കുറിച്ച് ഒരു സംശയവും ഉണ്ടായിരുന്നില്ല. പ്രകടനം അനുസരിച്ചാണ് കളിക്കാരെ തെരഞ്ഞെടുത്തതെന്നും ദ്രാവിഡ് വിശദീകരിക്കുന്നു.
ദ്രാവിഡിന്റെ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലുള്ള കോച്ച് പാഡി അപ്റ്റനും പ്രോസിക്യൂഷന് സാക്ഷിയാവും. അപ്റ്റന്‍ ഇന്ത്യയില്‍ എത്തിയാലുടന്‍ മൊഴി രേഖപ്പെടുത്തുമെന്നും ദല്‍ഹി പോലീസ് വ്യക്തമാക്കി. കേസില്‍ ഈ മാസംതന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: