തിരുവനന്തപുരം: പാര്‍ട്ടിയോ താനോ മുഖ്യമന്ത്രി പദം ആഗ്രഹിച്ചിട്ടില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാനും ധനമന്ത്രിയുമായ കെ.എം.മാണി പറഞ്ഞു. ഭരണമാറ്റത്തില്‍ നിലവില്‍ പ്രസക്തിയില്ലെന്നും സംസ്ഥാനത്ത് മുഖ്യമന്ത്രിയും ഭരണവും മാറേണ്ടതില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നാളെ ചേരുന്ന കേരളാ കോണ്‍ഗ്രസ് എം ന്റെ പാര്‍ട്ടി യോഗത്തില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. തന്റെ മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അഭ്യൂഹം മാത്രമാണെന്നും മാണി തുറന്നടിച്ചു.
വളഞ്ഞ വഴിയിലൂടെ മുഖ്യമന്ത്രിയാകാനുമില്ല. മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അല്ല എന്ന് പറയേണ്ട കാര്യമില്ലെന്നും മാണി പറഞ്ഞു. മുഖ്യമന്ത്രിയാകാന്‍ തനിക്ക് യോഗ്യതയുണ്ടെന്നുള്ള പി സി ജോര്‍ജിന്റെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യകതയില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: