കൊച്ചി: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കൊച്ചി തുറമുഖത്തെ ഡ്രഡ്ജിംഗ് ജോലികള്‍ നിര്‍ത്താനുള്ള തീരുമാനത്തോട് കൊച്ചിന് റിഫൈനറി (ബിപിസിഎല്‍) ക്ക് നിസ്സംഗത. തീരുമാനം ഏറ്റവും ബാധിക്കുന്നത് റിഫൈനറിയെയാണെന്നാണ് തുറമുഖ ട്രസ്റ്റിന്റെ നിഗമനം.
എന്നാല്‍ പ്രശ്നത്തോടു തണുപ്പന്‍ പ്രതികരണമാണ് റിഫൈനറിക്ക്. അതേസമയം, ഡ്രഡ്ജിംഗ് നിര്‍ത്തിവെക്കാനുള്ള പോര്‍ട്ടിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് റിഫൈനറിയോട് ഔദ്യോഗികമായി ആവശ്യപ്പെടും. പക്ഷേ താരിഫ് അതോറിറ്റി ഫോര്‍ മേജര്‍ പോര്‍ട്ട്സ് (ടാമ്പ്) അംഗീകരിച്ച നിരക്കുകള്‍ അനുസരിച്ചാണ് റിഫൈനറി പ്രതിഫലം നല്‍കുന്നതെന്നും ബിപിസിഎല്‍ അധികൃതര്‍ തുറമുഖ ട്രസ്റ്റിനെ അറിയിച്ചിട്ടുള്ളാതായി അധികൃതര്‍ പറഞ്ഞു. കൂടുതല്‍ പണം നല്കാന് അതുകൊണ്ടുതന്നെ നിയമപരമായ തടസമുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
കൊച്ചിയില്‍ വാര്‍ഫേജ് കൂടാതെ കപ്പലുടമകളില്നിന്ന് വെസല്‍ റിലേറ്റഡ് ചാര്‍ജുകളും പോര്‍ട്ട് ട്രസ്റ്റിനു നല്‍കുന്നുണ്ടെന്നാണ് റിഫൈനറി അധികൃതര്‍ പറയുന്നത്.കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തുറമുഖത്തെ ഡ്രഡ്ജിംഗ് ജോലികള്‍ നിര്‍ത്താന്‍ തുറമുഖ ട്രസ്റ്റ് ആലോചിക്കുന്ന വിവരം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കൊച്ചിന് റിഫൈനറിയുടെ ഓയില്‍ കപ്പലുകള്‍ അടുക്കുന്നതിനായുള്ള ഓയില്‍ ടെര്‍മിനലിലേക്കുള്ള ഡ്രഡ്ജിംഗ് ജോലികള്‍ നിര്‍ത്തിവെക്കാനായിരുന്നു നിര്‍ദ്ദേശം പോയത്. ഇതിനു കാരണം ഡ്രഡ്ജിംഗ് ജോലികള്‍ക്കു വരുന്ന ഭീമമായ ചെലവ് റിഫൈനറിയില്‍നിന്ന് തുറമുഖത്തിനു കിട്ടാത്തതാണ്.
എന്നാല്‍ ഈ തീരുമാനം അത്രകാര്യമായി റിഫൈനറിയെ ബാധിക്കില്ലെന്ന നിലപാടാണ് റിഫൈനറി അധികൃതര്‍ക്ക്. ഓയില്‍ ടെര്‍മിനലിനടുത്ത് എണ്ണക്കപ്പലുകള്‍ അടുക്കാനാവശ്യമായ 12.5 മീറ്റര്‍ ആഴം നിലനിര്‍ത്താന്‍ തുറമുഖ ട്രസ്റ്റ് പ്രതിവര്‍ഷം 46 കോടി രൂപ ചെലവിടുന്നുണ്ട്. എന്നാല്‍ ഈ ചെലവിന്റെ പകുതിപോലും റിഫൈനറിയില്‍നിന്നുള്ള വരുമാനത്തിലൂടെ തുറമുഖത്തിനു ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ടെര്‍മിനലിന്റെ ആഴം 9.14 മീറ്ററായി കുറക്കാന്‍ തീരുമാനിച്ച വിവരം തുറമുഖ ട്രസ്റ്റ് റിഫൈനറിയെ അറിയിച്ചു.തുറമുഖത്ത് കൈകാര്യം ചെയ്യുന്ന ചരക്കിന്റെ 71 ശതമാനവും റിഫൈനറിയുടേതാണ്.
റിഫൈനറിയിലേക്കുള്ള ചരക്കിന് ടണ്ണിനു വെറും 65 രൂപയാണ് തുറമുഖത്തിനു കിട്ടുന്ന വരുമാനം. 1996-ല്‍ നിശ്ചയിച്ച ഈ നിരക്ക് 165 രൂപയെങ്കിലുമാക്കിയാലേ തുറമുഖത്തിനു വന്‍ നഷ്ടം ഒഴിവാക്കാനാകൂ എന്നാണ് അവരുടെ നിലപാട്. എന്നാല്‍, ഈ അറിയിപ്പിനെ അത്ര ഗൗരവത്തോടെയല്ല റിഫൈനറി അധികൃതര്‍ കാണുന്നത്. കാരണം, കുറച്ചു നാളായി റിഫൈനറി ടെര്‍മിനലില്‍ കപ്പലടുപ്പിച്ചല്ല അസംസ്കൃത എണ്ണ റിഫൈനറിയിലേക്കു കൊണ്ടു പോകുന്നത്. പുറങ്കടലിലെ എസ് പി എം (സിംഗിള്‍ പോയിന്റ് മൂറിംഗ്) വഴിയാണ് അടുത്തിടെ ഇടപാട് അധികവും. ഈ സംവിധാനം വഴി കാര്യങ്ങള്‍ തടസ്സമില്ലാതെ നീങ്ങുകയും റിഫൈനെറിക്ക് ചെലവില്‍ കുറവുണ്ടാകുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ടെര്‍മിനലില്‍ ഇടപാടിന് കൂടുതല്‍ പണം കൊടുക്കേണ്ടിവരുന്ന ഒരു പദ്ധതിയെക്കുറിച്ച് ആലോചിക്കാന്‍ പോലും അവര്‍ക്ക് താല്പര്യമില്ല. അതിനാല്‍ തുറമുഖ ട്രസ്റ്റിന്റെ കത്ത് കാര്യമായി ഇനിയും റിഫൈനറി ചര്‍ച്ചചെയ്തിട്ടില്ല.
മാത്രമല്ല 2016-17 സാമ്പത്തിക വര്‍ഷം മുതല്‍ കൂടുതല്‍ ചരക്ക് ഓയില്‍ ടെര്‍മിനല്‍വഴി കൈകാര്യം ചെയ്യാമെന്ന് റിഫൈനറി മുമ്പുതന്നെ തുറമുഖ ട്രസ്റ്റിനെ അറിയിച്ചിട്ടുള്ളതുമാണ്. ഈ സാഹചര്യത്തില്‍ തുറമുഖത്തിന്റെ തീരുമാനത്തെ അത്ര ഗൗരവമുള്ളതായി കാണേണ്ടെന്ന നിലപാടാണ് റിഫൈനറിക്കുള്ളതെന്ന് കെആര്‍എല്‍ വൃത്തങ്ങള്‍ ‘ജന്മഭൂമി’യോടു പറഞ്ഞു. തുറമുഖത്തെ ഡ്രഡ്ജിംഗ് നടത്തേണ്ടതിന്റെ കൂടുതല്‍ ആവശ്യക്കാര്‍ വല്ലാര്‍പാടം കണ്ടൈനര്‍ ടെര്‍മിനലാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. എന്തായാലും പോര്‍ട്ട് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജീവനക്കാരുടെ ഓവര്‍ടൈം തുടങ്ങിയ ആനുകൂല്യങ്ങള്‍ മരവിപ്പിക്കാന്‍ പോര്‍ട്ട് അധികൃതര്‍ നിര്‍ദ്ദേശം നല്കി. ഓവര്‍ ടൈം കുടിശികയാണ് ഇപ്പോള്‍ തടഞ്ഞിട്ടുള്ളത്.
കെ.കെ. റോഷന് കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: