ആലപ്പുഴ: സുരക്ഷാഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ കോടതികളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. തുടക്കത്തില്‍ ജില്ലാക്കോടതികളിലും തുടര്‍ന്ന് കീഴ്ക്കോടതികളിലും ക്യാമറകള്‍ സ്ഥാപിക്കാനാണ് തീരുമാനം. കോടതികളില്‍ സുരക്ഷാഭീഷണി നിലവിലുണ്ടെന്ന് നേരത്തെ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് കോടതികളില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തും. കേസിന്റെ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് മാത്രമായി കോടതികളില്‍ പ്രവേശനം പരിമിതപ്പെടുത്താനാണ് തീരുമാനം. കോടതി മുറികളിലും നിയന്ത്രണം കര്‍ശനമാക്കും. കോര്‍ട്ട് ഹാളുകളില്‍ ന്യായാധിപന്മാര്ക്ക് പ്രവേശിക്കുന്നതിന് മാത്രമായി പ്രത്യേക കവാടങ്ങളും സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്.
സംസ്ഥാനത്തെ ബഹുഭൂരിപക്ഷം കോടതികളും യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. രാത്രികാലങ്ങളില്‍ ഏതാനും ജീവനക്കാരെ നിയോഗിക്കാറുണ്ടെങ്കിലും പകല്‍സമയം ആര്‍ക്കും എപ്പോഴും കോടതി ഹാളില്‍ വരെ പ്രവേശിക്കാവുന്ന അവസ്ഥയാണുള്ളത്. കോടതി കവാടങ്ങളിലോ ഓഫീസിലോ യാതൊരു സുരക്ഷാ പരിശോധനയും നിലവിലില്ല.
ഇപ്പോഴത്തെ സാഹചര്യത്തില്‍ എല്ലാവരെയും പരിശോധിച്ച ശേഷം മാത്രം കോടതി കോംപൗണ്ടില്‍ പ്രവേശിപ്പിക്കുകയെന്നതും പ്രായോഗികമല്ല. ഈ സാഹചര്യത്തിലാണ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നത്. സംസ്ഥാനത്ത് മതഭീകരവാദ സംഘടനകളുടെയും തീവ്രകമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തനം സജീവമായ സാഹചര്യത്തില്‍ കോടതികള്‍ക്ക് സുരക്ഷ അത്യാവശ്യമായിരിക്കുകയാണ്.
ആലപ്പുഴ ജില്ലാക്കോടതി കോംപൗണ്ടില്‍ ഇരുപത്തിയഞ്ചോളം നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനാണ് തീരുമാനമെന്നറിയുന്നു. ഇതിനുള്ള നടപടികള്‍ ഉടന്‍ തന്നെ ആരംഭിക്കും. കോടതി വളപ്പില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന പോസ്റ്റ് ഓഫീസിന് വീണ്ടും പ്രവര്‍ത്തനാനുമതി നല്‍കാത്തതും കോടതിയില്‍ പൊതുജനങ്ങളുടെ പ്രവേശനം നിയന്ത്രിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണത്രെ. പതിറ്റാണ്ടുകളായി കോടതി വളപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന പോസ്റ്റ് ഓഫീസ് പുതിയ കോടതി കെട്ടിടം നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് തല്‍ക്കാലത്തേക്ക് മാറ്റിയത്.
പി.ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: