കൊച്ചി: ശ്രീകൃഷ്ണ കീര്‍ത്തനത്താല്‍ ഭക്തിസാന്ദ്രമായിരുന്നു ബാലഗോകുലത്തിന്റെ 38-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന സ്ത്രീശാക്തീകരണ സമ്മേളനം. വൈക്കം വിജയലക്ഷ്മിയെന്ന അനുഗ്രഹീത കലാകാരി സ്വന്തമായി ചിട്ടപ്പെടുത്തിയ കീര്‍ത്തനം ആലപിച്ചപ്പോള്‍ സദസ് ഭക്തിസാന്ദ്രമായി.
ബാലഗോകുലത്തിന്റെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന സ്ത്രീശക്തി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ വിജയലക്ഷ്മിയെ ചലച്ചിത്ര നടി കവിയൂര്‍ പൊന്നമ്മ പൊന്നാടയണിച്ച് ആദരിച്ചപ്പോള്‍ നിറപുഞ്ചിരിയായിരുന്നു ആ മുഖത്ത്. അകക്കണ്ണുകൊണ്ട് അവര്‍ എല്ലാം കണ്ടറിഞ്ഞപോലെ…..സദസിനും സംഘാടകര്‍ക്കും നന്ദിയറിച്ചുകൊണ്ട് രണ്ട് വാക്ക്.
സ്വന്തമായി ചിട്ടപ്പെടുത്തിയ കീര്‍ത്തനം നിങ്ങള്‍ക്കായി ആലപിക്കാമെന്ന് പറഞ്ഞപ്പോള്‍ പലരുടേയും മുഖത്ത് സംശയം ഒന്നു നിഴലിച്ചു. വിജയലക്ഷ്മി പാടിയ ഹിറ്റ് ഗാനം കാറ്റേ കാറ്റേ നീ….പാടുമോ, പാടുമായിരിക്കും, പരസ്പരം സംശയങ്ങള്‍ ചോദിച്ച് കഴിയുന്നതിന് മുമ്പ് തന്നെ മറുപടി എത്തിക്കഴിഞ്ഞു.
കീര്‍ത്തനം ആലപിച്ചതിനുശേഷം കാറ്റേ കാറ്റേ പാടാമെന്ന് വിജയലക്ഷ്മി ഉറപ്പും നല്കി. നിറഞ്ഞ കയ്യടികളോടെയാണ് വിജയലക്ഷ്മിയുടെ ഉറപ്പ് സദസ് സ്വീകരിച്ചത്. പാട്ട് തമിഴില്‍ വേണോ, മലയാളത്തില്‍ വേണമോ എന്ന് വിജയലക്ഷ്മി ചോദിച്ചെങ്കിലും, അല്‍പ്പമൊരു ദേഷ്യത്തോടെ മലയാളത്തില്‍ മതിയെന്ന് കവിയൂര്‍ പൊന്നമ്മ വിജയലക്ഷ്മിയോട്. ചിരിച്ചുകൊണ്ട് അവര്‍ സമ്മതം മൂളി.
ശ്രുതി ശുദ്ധമായ സംഗീതത്തില്‍ സാക്ഷാല്‍ ഗുരുവായൂരപ്പനെ സ്തുതിക്കുന്ന കീര്‍ത്തനം, പിന്നീട് കാറ്റേ കാറ്റേ….സദസിന് നിറഞ്ഞ സന്തോഷം. വിജയലക്ഷ്മിയെ ഒന്ന് കെട്ടിപ്പിടിക്കണമെന്ന് പലരും സ്വകാര്യം പറയുന്നു.
അത്രമാത്രം സ്നേഹവും, അനുകമ്പയും അവര്‍ക്ക് വിജയലക്ഷ്മിയോടുണ്ട്. ആലാപനത്തിനുശേഷം കവിയൂര്‍ പൊന്നമ്മ വിജയലക്ഷ്മിയെ വാരിപ്പുണര്‍ന്നു. ആദരപൂര്‍വ്വം, ബഹുമാനപൂര്‍വ്വം സദസും ആ സ്നേഹത്തില്‍ പങ്കുചേര്‍ന്നു.
താളമേളങ്ങളില്ലാതെയാണ് ഗാനം ആലപിച്ചതെങ്കിലും ആഘോഷത്തിന്റെ സായാഹ്നമായിരുന്നു ഇന്നലെ. സ്ത്രീശക്തിയും, സാമൂഹ്യ പ്രശ്നങ്ങളും ചര്‍ച്ചചെയ്ത സമ്മേളനത്തെ സംഗീതത്തിന്റെ നൂലിഴകള്‍കൊണ്ട് കോര്‍ക്കുകയായിരുന്നു ഈ അന്ധ ഗായിക.
തീര്‍ത്തും ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍, ഒരു നൂറ് ജന്മങ്ങള് കൊണ്ട് നേടേണ്ട പുണ്യമായി ആ മുഹൂര്‍ത്തത്തെ സങ്കല്പ്പിക്കാം. ഏഷ്യയില്‍ കുട്ടികളുടെ ഏറ്റവും വലിയ സാംസ്ക്കാരിക പ്രസ്ഥാനമെന്ന ഖ്യാതി നേടിയ ബാലഗോകുലത്തിന്റെ ആദരങ്ങള്‍ ഏറ്റുവാങ്ങാന്‍ വിജയലക്ഷ്മിക്കൊപ്പം അച്ഛന് മുരളിയും, അമ്മ വിമലയും എത്തിയിരുന്നു.
ശ്യാമ ഉഷ
പ്രതികരിക്കാൻ ഇവിടെ എഴുതുക: