തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ മന്ത്രിയാവാന്‍ താനില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല കോണ്‍ഗ്രസ് ഹൈക്കമാന്റിനെ അറിയിച്ചു. കെപിസിസി പ്രസിഡന്റായി തുടരാനാണ് താല്പര്യമെന്നും ചെന്നിത്തല അറിയിച്ചു.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിനെ വിജയത്തിലെത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ചെന്നിത്തല വ്യക്തമാക്കി. കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രശ്നങ്ങളുണ്ട്. എന്നാല്‍ ഇതെല്ലാം പരിഹരിച്ച് മുന്നോട്ട് പോകാന്‍ തനിക്ക് ആവുന്നതെല്ലാം ചെയ്യുമെന്നും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികിനെ ചെന്നിത്തല അറിയിച്ചു.
അസുഖമായതിനാലാണ് ഇന്നു ചേരുന്ന ഭക്ഷ്യസുരക്ഷാ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ കേരള യാത്രയെത്തുടര്‍ന്ന് രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കെന്ന വാര്‍ത്ത വന്നിരുന്നു. സജീവമായി ഈ വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തു. എന്നാല്‍ എ, ഐ ഗ്രൂപ്പുപോരില്‍ അത് സാധ്യമായില്ല.
ആഭ്യന്തരമന്ത്രി പദവിയില്ലെങ്കില്‍ മന്ത്രിസഭയിലേക്കില്ലെന്ന നിലപാട് എടുത്തതിനെത്തുടര്‍ന്നാണ് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭ പ്രവേശനം നടക്കാതെ പോയത്. ഹൈക്കമാന്‍ഡും ഈ വിഷയത്തില്‍ രമേശ് ചെന്നിത്തലയെ പിന്തുണച്ചില്ല. മന്ത്രിസഭയില്‍ അംഗമാക്കാം, എന്നാല്‍ ആഭ്യന്തര മന്ത്രിസ്ഥാനം നല്‍കേണ്ടതില്ലെന്ന നിലപാടാണ് ഹൈക്കമാന്‍ഡ് ഈ വിഷയത്തില്‍ സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: