തിരുവനന്തപുരം: അന്വേഷണ സംഘത്തില്‍ നിന്നും ഫോണ്‍ വിളി വിവരങ്ങള്‍ അടങ്ങിയ രണ്ടു സിഡികള്‍ നഷ്ടപ്പെട്ടെന്ന സ്വന്തം പ്രസ്താവന തിരുവഞ്ചൂരിനെ പ്രതിക്കൂട്ടിലാക്കുന്നു. ഇതിനോടൊപ്പം ഉന്നത പൊലീസ് ഉദ്യോഗസ്ഥരും തിരുവഞ്ചൂരിനെതിരേ പരാതിയുമായി രംഗത്തുണ്ട്. ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോയില്‍ നിന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെടാതെ സിഡികള്‍ നഷ്ടപ്പെടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍തന്നെ വെളിപ്പെടുത്തുന്നു. ജൂണ്‍ 15ലെയും പത്തൊന്പതിലേയും കോള്ലിസ്റ്റുകളടങ്ങിയ സിഡികളാണ് കാണാതായെന്ന് ആഭ്യന്തരമന്ത്രിതന്നെ വെളിപ്പെടുത്തിയിരിക്കുന്നത്.
അതേസമയം ഉന്നത ഉദ്യോഗസ്ഥര്‍ക്കല്ലാതെ സിഡികള്‍ കൈവശപ്പെടുത്താനാകില്ലെന്ന് പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. പുതിയ വെളിപ്പെടുത്തലുകള്‍ തിരുവഞ്ചൂരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. നഷ്ടപ്പെട്ട രണ്ടു സിഡികളിലുമടങ്ങിയ കോള്‍ലിസ്റ്റിലെ വിവരങ്ങള്‍ ഇതുവരെ പുറത്ത് വരാത്തവയാണ്. അതുകൊണ്ടുതന്നെ സിഡി നഷ്ടപ്പെട്ടതില്‍ ദുരൂഹതയുണ്ട്. കോല്ലിസ്റ്റുകള് നഷ്ടപ്പെടുത്തിയത് ഉന്നതരെ രക്ഷപ്പെടുത്താനാണെന്ന് ആരോപണമുയരുന്നുണ്ട്. അന്വേഷണവുമായി ബന്ധപ്പെട് വിവരങ്ങളെല്ലാം രഹസ്യമായി വയ്ക്കണമെന്ന് നിര്‍ദ്ദേശമുള്ളിടത്ത് സിഡി നഷ്ടപ്പെട്ടെന്ന വെളിപ്പെടുത്തലുമായി ആഭ്യന്തരമന്ത്രി തന്നെ രംഗത്തുവന്നതിലും ദൂരൂഹതയുണ്ട്.
മുഖ്യമന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫിന്റെ അറസ്റ്റ്, ഫോണ്‍ വിളി രേഖകളുടെ ചോര്‍ച്ച, സോളാര്‍ കേസിലെ പ്രതിയായ ശാലുമേനോനുമായുള്ള ബന്ധം തുടങ്ങിയ പ്രശ്നങ്ങളില്‍ കുടുങ്ങിയ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. വിവാദങ്ങള്‍ രൂക്ഷമായത് ആഭ്യന്തര മന്ത്രിയുടെ ചില നടപടികളുടെ ഫലമായാണെന്നു ദേശീയ നേതൃത്വത്തിന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അയച്ച ആനുകാലിക റിപ്പോര്‍ട്ടിലും പരാമര്‍ശമുണ്ട്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ ഒറ്റക്കെട്ടായി പ്രതിരോധിക്കാന്‍ തയ്യാറായ കെപിസിസിയും ദേശീയ നേതാക്കളും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിക്കുന്നു. മുല്ലപ്പള്ളി രാമചന്ദ്രന് ഒഴികെയുള്ളവര്‍ പരസ്യ പ്രസ്താവനയ്ക്കു തയ്യാറായിട്ടില്ല. എന്നാല്‍ പാര്‍ട്ടി വേദികളിലും ഉഭയകക്ഷി ചര്‍ച്ചകളിലും തിരുവഞ്ചൂരിനെതിരേ നേതാക്കള്‍ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.
സോളാര്‍ വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണെന്നാണു നേതാക്കളുടെ വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫിനെ അറസ്റ്റ് ചെയ്യുന്ന വിവരം അതീവ രഹസ്യമാക്കി വച്ചതും പിന്നീട് ഉത്തരവാദിത്വത്തില്‍ നിന്നും തലയൂരാന്‍ ശ്രമിച്ചതും നേതാക്കളുടെ വിമര്‍ശനത്തിനിടയാക്കി. ഇക്കാര്യത്തില്‍ കെപിസിസി പ്രസിഡന്റിനു പുറമെ ഘടകകക്ഷി മന്ത്രിമാരും തിരുവഞ്ചൂരിനെ വിമര്‍ശിക്കുന്നു. മന്ത്രിമാരുടെയും കെപിസിസി പ്രസിഡന്റിന്റെയും എംഎല്‍എമാരുടെയും ഫോണ്‍ വിളി വിവരങ്ങളാണ് ചോര്‍ന്നത്. ഇതിനു പിന്നില്‍ ആഭ്യന്തര മന്ത്രിക്കു ബന്ധമുണ്ടെന്നു നേതാക്കള്‍ ഉറച്ചു വിശ്വസിക്കുന്നു.
മുഖ്യമന്ത്രിയുടെ ഓഫിസിനെ പ്രതിക്കൂട്ടിലാക്കുന്നതിനുള്ള ശ്രമങ്ങളും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നടത്തിയെന്നു വ്യക്തമായിട്ടുണ്ട്. ഫോണ്‍ രേഖകള്‍ ചോര്‍ത്തിയെന്ന പേരില്‍ നടപടിയെടുക്കാന്‍ തീരുമാനിച്ച ഐജിയും തിരുവഞ്ചൂരിന്റെ ഇടപെടല്‍ വ്യക്തമാക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രി വിളിച്ചുവരുത്തി വിശദീകരണം തേടിയപ്പോള്‍ ഉന്നതതല സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഇതും തിരുവഞ്ചൂരിനെതിരേ വിരല്‍ ചൂണ്ടുന്നു. ഇതിനിടയില്‍ കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ വിവാദങ്ങളെ കുറിച്ച് അന്വേഷണം നടത്തിയ രമേശ് ചെന്നിത്തലയും തിരുവഞ്ചൂരിന്റെ ഇടപെടലുകളെക്കുറിച്ചു മുഖ്യമന്ത്രിക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ചെന്നിത്തല ദേശീയ നേതാക്കളുമായി നടത്തിയ ആശയ വിനിമയത്തിലും ഈ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണിയോട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഈ വിവരങ്ങള്‍ ധരിപ്പിച്ചു. വിവാദങ്ങള്‍ ശക്തമാകുന്നതിനു കാരണം ആഭ്യന്തര മന്ത്രിയുടെ ഇടപെടലുകളാണെന്ന് ഇന്ന് സോണിയാഗാന്ധിയുമായി നടക്കുന്ന കൂടിക്കാഴ്ചയിലും മുഖ്യമന്ത്രി വ്യക്തമാക്കും. പൊലീസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന മുല്ലപ്പള്ളിയുടെ പരാമര്‍ശവും വ്യക്തമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണെന്നതും തിരുവഞ്ചൂരിനെ പ്രതിക്കൂട്ടിലാക്കും. ഫോണ്രോഖകള് കാണാതായത് പുതിയ വിവാദമായിരിക്കെ തിരുവഞ്ചൂരിന്റെ നില കൂടുതല്‍ പരുങ്ങലിലാണ്.
കെ.വി.വിഷ്ണു
പ്രതികരിക്കാൻ ഇവിടെ എഴുതുക: