ന്യൂദല്‍ഹി: ഐസിസിയുടെ പുതിയ ഏകദിന റാങ്കിംഗിലും ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നു. ടീം ഇന്ത്യ നേടിയ തുടര്‍ച്ചയായ വിജയങ്ങളാണ് ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നതില്‍ ഇന്ത്യയെ സഹായിക്കുന്നത്. ഇന്നലെയാണ് പുതിയ റാങ്കിംഗ് പട്ടിക പുറത്തുവന്നത്.
ഇംഗ്ലണ്ടില്‍ നടന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയതിന് പിന്നാലെ ത്രിരാഷ്ട്ര ക്രിക്കറ്റിലും കിരീടം ചൂടിയതോടെ ഇന്ത്യയുടെ നേട്ടം അനിഷേധ്യമായി.
നാട്ടില്‍ ഇംഗ്ലണ്ടിനെ 3-2 ന് പരാജയപ്പെടുത്തിയതിന് പിന്നാലെ 2013 ഫെബ്രുവരി മുതല്‍ ഇന്ത്യ ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നു. ഏകദിന റാങ്കിംഗിന്റെ കാലാവധി മൂന്ന് വര്‍ഷത്തില്‍ നിന്നും നാല് വര്‍ഷമാക്കി മാറ്റാന്‍ ജൂണില്‍ നടന്ന ഐസിസി ബോര്‍ഡ് മീറ്റിംഗില്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ലോകകപ്പുകള്‍ക്ക് ഇടയില്‍ നടക്കുന്ന എല്ലാ ഏകദിനങ്ങളും പരിഗണിച്ചാകും റാങ്കിംഗ് തീരുമാനിക്കപ്പെടുക. പുതിയ റാങ്കിംഗ് അനുസരിച്ച് ഇന്ത്യക്ക് 122 റേറ്റിംഗ് പോയിന്റുകള്‍ ലഭിച്ചപ്പോള്‍ രണ്ടാം സ്ഥാനക്കാരായ ഓസ്ട്രേലിയക്ക് നേടാനായത് 114 പോയിന്റുകളാണ്. മൂന്നാം സ്ഥാനക്കാരായ ഇംഗ്ലണ്ടിന് 112 പോയിന്റുകള്‍ ലഭ്യമായി.
ബാറ്റിംഗ് റാങ്കിംഗില്‍ നായകന് ധോണിയും വിരാട് കോഹ്ലിയും ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്. കോഹ്ലി മൂന്നാം സ്ഥാനത്തും ധോനി ആറാമതുമാണ്. ദക്ഷിണാഫ്രിക്കയുടെ ഡിവില്ലിയേഴ്സും ഹാഷിം ആംലയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.
ബൗളര്‍മാരുടെയും ഓള് റൗണ്ടര്‍മാരുടെയും പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് രവീന്ദ്ര ജഡേജ മാത്രമാണ് ആദ്യ പത്തില്‍ ഇടംപിടിച്ചിട്ടുള്ളത്. ഇരുവിഭാഗത്തിലും അഞ്ചാം സ്ഥാനത്താണ് ജഡേജ. അശ്വിന് 16-ാം സ്ഥാനത്താണ്. ത്രിരാഷ്ട്ര പരമ്പരയില്‍ മികച്ച ബൗളിംഗ് കാഴ്ചവെച്ച ഭുവനേശ്വര്‍ കുമാര്‍ ആദ്യ 20ല്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ബൗളര്‍മാരില്‍ വിന്‍ഡീസിന്റെ സുനില്‍ നരേയ്നും പാക്കിസ്ഥാന്റെ സയീദ് അജ്മലുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: