കൊച്ചി: കുട്ടികളെ സ്വാഭിമാനത്തോടെ വളര്‍ത്തിയെടുത്ത് സമൂഹത്തെ സംസ്കൃതമാക്കുകയാണ് ബാലഗോകുലത്തിന്റെ ദൗത്യമെന്ന് എം.എ.കൃഷ്ണന്. മാധ്യമങ്ങളില്‍ ഇന്ന് നിറഞ്ഞുനില്ക്കുന്ന കൊലപാതക, പീഡന, അപവാദ വാര്‍ത്തകള്‍ക്കെല്ലാം പിന്നില്‍ കുടുംബപരമായ സ്വാര്‍ത്ഥതയും സ്വാഭിമാനമില്ലാതെ വളരുന്ന സമൂഹവുമാണ്. കൊച്ചിയില്‍ ഇന്ന് ആരംഭിക്കുന്ന ബാലഗോകുലം 38-ാം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ ‘ജന്മഭൂമി’യോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മക്കളെ ഏറ്റവും എളുപ്പത്തില്‍ ഉന്നതങ്ങളില്‍ എത്തിക്കാനാണ് രക്ഷകര്‍ത്താക്കളുടെ ആഗ്രഹം. സമൂഹം നേരിടുന്ന തിന്മകള്‍ക്കെല്ലാം കാരണം നമ്മുടെ പാരമ്പര്യത്തെയും സംസ്ക്കാരത്തെയും മറന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണെന്ന് ബാലഗോകുലത്തിന്റെ സ്ഥാപകനും മുഖ്യ രക്ഷാധികാരിയുമായ എം.എ.കൃഷ്ണന് എന്ന എം.എ.സാര്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയക്കാര്‍ക്ക് ഇതൊന്നും ചിന്തിക്കാന്‍ കഴിയുന്നില്ല. മാതാപിതാക്കള്‍ ഇതിന് സമയം കണ്ടെത്തണം. കുടുംബപരമായ സ്വാര്‍ത്ഥത ഉടലെടുക്കുമ്പോള്‍ സമൂഹത്തില്‍ മാലിന്യങ്ങള്‍ കടന്നുകൂടുന്നു.
കുട്ടികളെ സംസ്ക്കാരസമ്പന്നരാക്കുന്നതോടെ സമൂഹവും സംസ്കൃതമാകുന്നു. ബാലഗോകുലങ്ങളുടെ കിരണങ്ങള്‍ ഗ്രാമങ്ങളെ പ്രശോഭിതമാക്കുന്നു. അതുവഴി ദേശത്തേയും. മലയാളത്തോട് ജനങ്ങള്‍ ഇന്നും പുലര്‍ത്തുന്ന അവജ്ഞ സ്വാഭിമാനമില്ലാത്ത സമൂഹത്തെയാണ് സൂചിപ്പിക്കുന്നത്. എല്ലാ വിവാദങ്ങള്‍ക്ക് പിന്നിലും ബഹുരാഷ്ട്ര കുത്തകകളുടെ സാന്നിധ്യമുണ്ടാകും.
നാം അറിയാതെ തന്നെ നമ്മെ അടിമകളാക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. സരിതമാര്‍ ഉണ്ടാകുന്നത് ഇത്തരത്തിലാണ്. കോഴിക്കോട്ടുനിന്ന് തന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഒരു എളിയ സംഘടന ഇന്ന് ഗള്‍ഫ് നാടുകളില്‍ ഉള്‍പ്പെടെ പടര്‍ന്നുപന്തലിക്കുന്ന ഒരു മഹാപ്രസ്ഥാനമായി മാറിയതിന്റെ അഭിമാനത്തിലും സമൂഹം നേരിടുന്ന തിന്മകളെ സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളിലൂടെ ഉന്മൂലനം ചെയ്യണമെന്ന ദൃഢനിശ്ചയത്തിലാണ് 85-ാം വയസ്സിലും എം.എ.സാര്‍. സമൂഹത്തിന്റെ നന്മക്കായി എത്ര കടുത്ത സമ്മര്‍ദ്ദം സഹിച്ചും പ്രവര്‍ത്തിക്കാനുള്ള ‘ബാലമനസ്സാ’ണ് അദ്ദേഹത്തിനുള്ളത്.
പരിസ്ഥിതി സൗഹൃദമായ അന്തരീക്ഷത്തില്‍ ദേശത്തിന്റെ സാംസ്ക്കാരിക പാരമ്പര്യവും സനാതന മൂല്യങ്ങളും കാത്തുസൂക്ഷിക്കാനുതകുന്ന അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം യാഥാര്‍ത്ഥ്യമാക്കാനുള്ള യത്നത്തിലാണ് അദ്ദേഹം. 12 വര്‍ഷത്തെ ഇടവേളക്കുശേഷം കൊച്ചിയില്‍ ബാലഗോകുലത്തിന്റെ വാര്‍ഷികം ആഘോഷിക്കുമ്പോള്‍ വിശാലമായ ദീര്‍ഘവീക്ഷണത്തോടെ സംസ്ക്കാര സമ്പന്നമായ ഒരു ദേശത്തെ ആര്‍എസ്എസ് പ്രാന്തകാര്യാലയത്തിലെ ഒരു കൊച്ചുമുറിയിലിരുന്ന് സ്വപ്നം കാണുകയാണ് എം.എ.കൃഷ്ണന്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: