തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് ഹൈക്കോടതിയില്‍ നില നിന്ന കേസുകളില്‍ വാദിക്കാന്‍ സുപ്രിംകോടതിയില്‍ നിന്ന് അഭിഭാഷകരെ കൊണ്ടുവന്നതിലൂടെ സര്‍ക്കാരിന് 3.5 കോടി രൂപ നഷ്ടം വരുത്തിയെന്നാണ് പരാതി.
പൊതുപ്രവര്‍ത്തകനായ രാജു പുഴങ്കരയുടെ ഹര്ജിയിന്മേല് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. വി.എസിനെയും പിണറായിയെയും കൂടാതെ മുന്‍മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്, എം. വിജയകുമാര്‍ എന്നിവര്‍ക്കെതിരേയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഒക്ടോബര്‍ 22 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
2006-2011 കാലത്തെ കേസ് നടത്തിപ്പിനെ സംബന്ധിച്ചാണ് പരാതി. ലാവലിന്‍, ഐസ്ക്രീം, ലോട്ടറി കേസുകള്‍ക്കായി സുപ്രിംകോടതിയില്‍ നിന്ന് അഭിഭാഷകരെ കൊണ്ടുവരിക വഴി ഖജനാവിന് 3.5 കോടി രൂപ നഷ്ടം വന്നതായി ഹര്‍ജിയില്‍ ആരോപിക്കുന്നു. സംസ്ഥാനത്ത് പ്രഗത്ഭരായ അഭിഭാഷകരുള്ളപ്പോള്‍ സര്‍ക്കാരിന്റെ സുപ്രീംകോടതിയില്‍ നിന്നും അഭിഭാഷകരെ കൊണ്ടുവന്ന നടപടി സംശയം ജനിപ്പിക്കുന്നതാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
ഐസ്ക്രീം കേസില്‍ മാത്രം പുറത്തുനിന്ന് അഭിഭാഷകരെ എത്തിച്ചതിലൂടെ 15 ലക്ഷം രൂപയാണ് വി.എസ് നഷ്ടമുണ്ടാക്കിയതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. വിവാദ ദല്ലാള്‍ നന്ദകുമാറുമായി വി.എസ് നടത്തിയ ഇടപാടുകള്‍ പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: