തിരുവനന്തപുരം: കുവൈറ്റിലേക്ക് ഇന്ന് പുലര്‍ച്ചെ അഞ്ചരയ്ക്ക് പുറപ്പെട്ട കുവൈറ്റ് എയര്‍വൈസ് വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. രാവിലെ 5.40ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട കുവൈറ്റ് എയര്വൈയിസിന്റെ 332 നമ്പര്‍ വിമാനമാണ് രണ്ടുമണിക്കൂറിന് ശേഷം 7.40ഓടെ തിരിച്ചിറക്കിയത്.
വിമാനം പുറപ്പെട്ട് അര മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് യന്ത്രതകാര്‍ ഉള്ളതായി പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഇതേ തുടര്‍ന്ന് എമര്‍ജന്‍സി ലാന്‍ഡിംഗിന് അനുമതി തേടുകയായിരുന്നു. ഇതു വിമാനത്താവള അധികൃതരേയും യാത്രക്കാരേയും ഭയചകിതരാക്കി. ഫയര്‍ഫോഴ്സ് ആംബുലന്‍സ് അടക്കമുള്ള സംവിധാനങ്ങളുമായി എയര്‍പോര്‍ട്ട് അധികൃതര്‍ കാത്തു നിന്നു. 7.40 ഓടെ സുരക്ഷിതമായി വിമാനം തിരിച്ചിറങ്ങി.
യാത്രക്കാരെ വിമാനത്തിനുള്ളിലിരുത്തി യന്ത്രത്തിന്റെ തകരാര്‍ വേഗത്തില്‍ തീര്‍ക്കാനായിരുന്നു ആദ്യ ശ്രമം. നാല് മണിക്കൂറിന് ശേഷം പുറപ്പെടാമെന്ന ധാരണയിലായിരുന്നു എഞ്ചിനീയേഴ്സിന്റെ പ്രവര്‍ത്തനം. എന്നാല്‍ തകരാര്‍ തീര്‍ക്കാന്‍ കൂടുതല്‍ സമയം ആവശ്യമായി വരുമെന്ന് അധികൃതര്‍ അറിയിച്ചതിനാല്‍ യാത്രക്കാരെ ഹോട്ടലുകളിലേയ്ക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.
വിമാനത്തില്‍ 187 യാത്രക്കാരുണ്ട്. വിമാനം എപ്പോള്‍ പുറപ്പെടുമെന്ന് തീരുമാനമായിട്ടില്ലെന്ന് മാനേജര്മാത്യു തോമസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: