കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ മുഖ്യഅന്വേഷണ ഉദ്യോഗസ്ഥന് ഡിവൈഎസ്പി കെ.വി സന്തോഷ്കുമാറിന്റെ വിചാരണ എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക കോടതിയില്‍ ആരംഭിച്ചു. ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്തതെന്ന് ഡിവൈഎസ്പി പ്രോസിക്യൂഷന് വിസ്താരത്തിനിടെ കോടതിയില്‍ മൊഴി നല്കി.
സിപിഎം നേതാവ് കുഞ്ഞനന്തന് രാജ്യംവിട്ട് പോകാതിരിക്കുന്നതിനായി പുറത്തിറക്കിയ ലുക്ക് ഔട്ട് സര്‍ക്കുലറിന്റെ പകര്‍പ്പും പ്രോസിക്യൂഷന് തെളിവായി കോടതിയില്‍ ഹാജരാക്കി. എഡിജിപി അഡ്മിനിസ്ട്രേഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എഡിജിപി (ക്രൈം) മേല്‍നോട്ടത്തില്‍ അന്വേഷണം ആരംഭിച്ചത്. ഡി.വൈ.എസ്പി ജോസി ചെറിയാനില്‍ നിന്നുമാണ് അന്വേഷണം ഏറ്റെടുത്തതെന്നും ഡിവൈഎസ്പി മൊഴി നല്കി.
കേസിലെ 27-ാം പ്രതി രജിത്ത്, 28-ാം പ്രതി രമീഷ്, 29-ാം പ്രതി ദിപിന്, 30-ാം പ്രതി പടയങ്കണ്ടി രവീന്ദ്രന് എന്നിവരെ വടകര ഡിവൈഎസ്പി ഓഫീസില്‍ വെച്ച് നടത്തിയ ചോദ്യംചെയ്യലില്‍ ഇവര്‍ക്ക് കേസുമായി ബന്ധമുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്ന് 2012 മെയ് 15 നാണ് അറസ്റ്റ് ചെയ്തത്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിയായിരുന്നു അറസ്റ്റ്. അറസ്റ്റ് ചെയ്ത കാര്യം പ്രതികളുടെ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു.
കേസിലെ ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രതികളെ ഒളിവില്‍ താമസിപ്പിച്ചുവെന്ന് ചോദ്യം ചെയ്യലില്‍ ബോദ്ധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് സിപിഎം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറി ചാലില്‍ ബാബുവിനെ അറസ്റ്റ് ചെയ്തത്. 2012 മെയ് 18 ന് രാവിലെ 10.30 ന് വടകര ഡിവൈഎസ്പി ഓഫീസില്‍ വെച്ചായിരുന്നു അറസ്റ്റ്.
സിപിഎം നേതാക്കളായ കുഞ്ഞനന്തന്, രാമചന്ദ്രന് എന്നിവരും ടി.പിയെ കൊലപ്പെടുത്തുന്നതിനുള്ള ഗൂഢാലോചനയില്‍ പങ്കാളിയായതായി ചോദ്യം ചെയ്യലില്‍ ബോദ്ധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് പന്ത്രണ്ടാം പ്രതി ജ്യോതിബാബുവിനെ അറസ്റ്റ് ചെയ്തത്. 2012 മെയ് 19 ന് വടകര ഡിവൈഎസ്പി ഓഫീസില്‍ വെച്ചായിരുന്നു ജ്യോതിബാബുവിന്റെയും അറസ്റ്റ്. സി.പി.എം നേതാക്കളായ സി.എച്ച്.അശോകന്. കെ.കെ. കൃഷ്ണന് എന്നിവരുടെ അറസ്റ്റും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്ത്തന്നെയായിരുന്നു. 2012 മെയ് 23 നായിരുന്നു ഇരുവരുടെയും അറസ്റ്റ്. കേസിലെ ആറാം പ്രതി അണ്ണന് സിജിത്ത്, 39-ാം പ്രതി അഭി എന്ന അഭിനേഷ്, എന്നിവരെയും താനാണ് അറസ്റ്റ് ചെയ്തതെന്നും ഡിവൈഎസ്പി മൊഴി നല്കി.
സിപിഎം നേതാവും കേസിലെ 13-ാം പ്രതിയുമായ കുഞ്ഞനന്തന് രാജ്യംവിട്ടു പുറത്ത് പോകാതിരിക്കാനായി പോലീസ് ഇറക്കിയ ലുക്ക് ഔട്ട് സര്‍ക്കുലറും പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കി. ടി.പി വധത്തിനുശേഷം ഒളിവില്‍ കഴിയുകയായിരുന്ന കുഞ്ഞനന്തന് രാജ്യംവിട്ട് പുറത്ത് പോകുന്നത് തടയാനായി എഡിജിപി ഇന്റലിജന്‍സ് ആണ് എയര്‍പ്പോര്‍ട്ട്, തുറമുഖം എന്നിവിടങ്ങളിലേക്ക് ഔട്ട്സര്ക്കുലര് അയച്ചതെന്നും ഡിവൈഎസ്പി മൊഴി നല്കി. ഡിവൈഎസ്പി സന്തോഷ്കുമാറിന്റെയും മറ്റൊരു ഡിവൈഎസ്പിയായ ജോസി ചെറിയാന്റെയും വിസ്താരം ഇന്നും തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: