പോര്‍ട്ട് ഓഫ് സ്പെയിന്: വെസ്റ്റിന്‍ഡീസില്‍ നടക്കുന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ശ്രീലങ്ക ഫൈനലില്‍ പ്രവേശിച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ 39 റണ്‍സിന് പരാജയപ്പെടത്തിയാണ് സിംഹളര്‍ കലാശക്കളിക്ക് യോഗ്യത ഉറപ്പാക്കിയത്. ഞായറാഴ്ച നടക്കേണ്ടിയിരുന്ന മത്സരമാണ് ഇന്നലെ നടന്നത്. മഴമൂലം മത്സരം 41 ഓവറായി ചുരുക്കിയിരുന്നു.
ആദ്യം ബാറ്റു ചെയ്ത ലങ്ക 41 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു. മഴമൂലം മത്സരസമയം നഷ്ടപ്പെട്ടതിനാല്‍ വിന്‍ഡീസിന്റെ വിജയലക്ഷ്യം ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 230 റണ്‍സായി പുനര്‍നിര്‍ണയിച്ചു. എന്നാല്‍ 41 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍190 റണ്‍സെടുക്കാനേ വിന്‍ഡീസിന് കഴിഞ്ഞുള്ളൂ. ശ്രീലങ്കക്ക് വേണ്ടി കുമാര്‍ സംഗക്കാര പുറത്താകാതെ 90 റണ്‍സെടുത്തു. വിന്‍ഡീസ് നിരയില്‍ ഡാരന്‍ ബ്രാവോയും (70) ലെന്‍ഡല്‍ സിമ്മണ്‍സും (67) പൊരുതിയെങ്കിലും മറ്റാരും തിളങ്ങിയില്ല. സ്കോര്‍: ശ്രീലങ്ക 41 ഓവറില്‍ 8ന് 219. വെസ്റ്റിന്‍ഡീസ് 41 ഓവറില്‍ 9ന് 190. ജയത്തോടെ ലങ്കയ്ക്ക് മൂന്നു കളികളില്‍ ഒമ്പത് പോയന്റായി. നാല് കളികളും പൂര്‍ത്തിയാക്കിയ വിന്‍ഡീസിനും ഒമ്പത് പോയന്റുണ്ട്. സംഗക്കാരയാണ് മാന്‍ ഓഫ് ദി മാച്ച്.
നേരത്തെ ടോസ് നേടിയ വിന്‍ഡീസ് ടീം ലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ ഡബിള്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഉപുല്‍ തരംഗ-ജയവര്‍ദ്ധനെ കൂട്ടുകെട്ട് ഇത്തവണ തുടക്കത്തിലേ തകര്‍ന്നു. സ്കോര്‍ 19-ല്‍ എത്തിയപ്പോള്‍ തരംഗയും ജയവര്‍ദ്ധനെയും (ഇരുവരും 7 റണ്‍സ്) പുറത്തായി. പിന്നീട് സ്കോര്‍ 29-ല്‍ എത്തിയപ്പോള്‍ രണ്ട് റണ്‍സെടുത്ത ചണ്ഡിമലും മടങ്ങി. പിന്നീട് സംഗക്കാരയും തിരിമന്നെയും ചേര്‍ന്നാണ് ലങ്കയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. എന്നാല്‍ സ്കോര്‍ 93-ല്‍ എത്തിയപ്പോള്‍ 23 റണ്‍സെടുത്ത തിരിമന്നയെയും നഷ്ടമായി. തുടര്‍ന്ന് സംഗക്കാരയും ആഞ്ചലോ മാത്യൂസും ചേര്‍ന്ന് സ്കോര്‍ 139-ല്‍ എത്തിച്ചു. എന്നാല്‍ 27 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത മാത്യൂസും മടങ്ങിയതോടെ ലങ്ക വീണ്ടും തകര്‍ച്ചയെ നേരിട്ടു. പിന്നീട് സംഗക്കാരയുടെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. എട്ട് റണ്‍സെടുത്ത ജീവന് മെന്‍ഡിസിനെയും 14 റണ്‍സെടുത്ത കുലശേഖരയെയും 7 റണ്‍സെടുത്ത സേനാനായകെയും കൂട്ടുപിടിച്ച് സംഗക്കാര ലങ്കന്‍ സ്കോര്‍ 219-ല്‍ എത്തിച്ചു. 95 പന്തില്‍ നിന്ന് 6 ബൗണ്ടറിയും ഒരു സിക്സറുമടക്കം 90 റണ്‍സെടുത്ത സംഗക്കാര പുറത്താകാതെ നിന്നു. വിന്‍ഡീസ് ബൗളര്‍മാരുടെ ലക്കും ലഗാനുമില്ലാത്ത ബൗളിങ്ങാണ് മഴ കാരണം കരുതല്‍ ദിനത്തിലേക്ക് നീട്ടിവെച്ച മത്സരത്തില്‍ ലങ്കയ്ക്ക് തുണയായത്. വിന്‍ഡീസ് ബൗളര്‍മാര്‍ എക്സ്ട്രാ ഇനത്തില്‍ വിട്ടുകൊടുത്ത 31 റണ്‍സ് ലങ്കയുടെ ടീം ടോട്ടലിലെ രണ്ടാമത്തെ ഉയര്‍ന്ന സ്കോറായി. എട്ട് ഓവറില്‍ 27 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ റോച്ച് മികച്ച പ്രകടനം പുറത്തെടുത്തു.
തുടര്‍ന്ന് മറുപടി ബാറ്റിംഗ് ആരംഭിച്ച വിന്‍ഡീസിന്റെ വിജയലക്ഷ്യം 230 റണ്‍സായി പുനര്‍നിര്‍ണയിച്ചു. എന്നാല്‍ 31 റണ്‍സ് എടുക്കുന്നതിനിടെ ഗെയിലിനെയും (14), ചാള്‍സിനെയും (14), സ്മിത്തിനെയും സാമുവല്‍സിനെയും (ഇരുവരും പൂജ്യം) നഷ്ടമായതോടെ വിന്‍ഡീസ് പരുങ്ങലിലായി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഡാരന്‍ ബ്രാവോയും സിമണ്‍സും ഒത്തുചേര്‍ന്നപ്പോള്‍ വിന്‍ഡീസ് വിജയം സ്വപ്നം കണ്ടു. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 123 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ 78 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയും നാല് സിക്സറുമടക്കം 67 റണ്‍സെടുത്ത സിമണ്‍സിനെ എറംഗ തിരിമന്നെയുടെ കൈകളിലെത്തിച്ചതോടെ മത്സരഗതി വീണ്ടും ലങ്കക്ക് അനുകൂലമായി. പിന്നീടെത്തിയവരില്‍ ആര്‍ക്കും തന്നെ രണ്ടക്കം കടക്കാന്‍ കഴിഞ്ഞില്ല. സ്കോര്‍ 154-ല്‍ നില്‍ക്കേതന്നെ പൊള്ളാര്‍ഡിനെയും (0) 172-ല്‍ എത്തിയപ്പോള്‍ സമിയെയും (3) നഷ്ടപ്പെട്ടു. സ്കോര്‍ 176-ല്‍ എത്തിയപ്പോള്‍ വിന്‍ഡീസ് ഇന്നിംഗ്സിലെ ടോപ് സ്കോറര്‍ ബ്രാവോയെയും നഷ്ടമായി. 84 പന്തുകളില്‍ നിന്ന് നാല് ബൗണ്ടറിയും ഒരു സിക്സറുമടക്കം 70 റണ്‍സെടുത്ത ബ്രാവോയെ ആഞ്ചലോ മാത്യൂസ് ജീവന് മെന്‍ഡിസ് പിടികൂടിയതോടെ വിന്‍ഡീസ് പരാജയം ഉറപ്പായി. എട്ട് ഓവറില്‍ 29 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ആഞ്ചലോ മാത്യൂസും 46 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ എറംഗയുമാണ് വിന്‍ഡീസിനെ തകര്‍ത്തത്. മലിംഗ രണ്ട് വിക്കറ്റും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: