തിരുവനന്തപുരം: പതിമൂന്നാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ചേര്‍ന്ന 12 ദിവസത്തില്‍ പത്ത് ദിവസവും ചര്‍ച്ചയായത് സോളാര്‍ വിഷയം. ഒരിക്കല്‍ സഭയില്‍ ചര്‍ച്ച ചെയ്ത വിഷയം പിന്നീട് ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്നാണ് ചട്ടം. എന്നാല്‍ പല രൂപങ്ങളില്‍ പ്രതിപക്ഷം സഭയില്‍ ഈ വിഷയം അവതരിപ്പിച്ചപ്പോള്‍ സ്പീക്കര്‍ ഉദാരമനോഭാവത്തോടെ അത് അനുവദിക്കുകയായിരുന്നു.
ജൂണ്‍ 10ന് ആരംഭിച്ച സമ്മേളനം ജൂലൈ 18 വരെ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, പ്രതിപക്ഷത്തിന്റെ നിഷേധാത്മക സമീപനം കാരണം പത്ത് ദിവസം ചേര്‍ന്ന ശേഷം ജൂണ്‍ 24ന് പിരിഞ്ഞു. എന്നാല്‍ തിങ്കളാഴ്ച സഭ വീണ്ടും ചേര്‍ന്നപ്പോള്‍ പ്രതിപക്ഷം മുന്‍നിലപാട് ആവര്‍ത്തിക്കുകയും സഭ നേരത്തെ പിരിയുകയുമായിരുന്നു. ഇന്നലെ സ്ഥിതി രൂക്ഷമായതിനാലാണ് സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്. ചട്ടങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സ്പീക്കറുടെ നിഷ്പക്ഷതയെ സഭക്കകത്തും പുറത്തും ചോദ്യം ചെയ്യുന്ന തരത്തിലേക്ക് വരെ സംഘര്‍ഷം എത്തുന്നത് ജനാധിപത്യത്തിന് ഏത് സന്ദേശമാണ് നല്‍കുന്നതെന്ന് എല്ലാവരും ആലോചിക്കേണ്ടതാണെന്ന് സ്പീക്കര്‍ ജി.കാര്ത്തികേയന് പറഞ്ഞു.
സംവാദങ്ങളുടെയും ചര്‍ച്ചകളുടെയും വേദിയാകേണ്ട നിയമസഭ, സംഘര്‍ഷങ്ങളുടെയും അസുഖകരമായ സംഭവങ്ങളുടെയും വേദിയാകുന്നത് ക്രിയാത്മക ജനാധിപത്യത്തിന് എത്രത്തോളം ഭൂഷണമാണെന്ന് ഭരണപക്ഷവും പ്രതിപക്ഷവും ചിന്തിക്കേണ്ടതുണ്ട്. അസുഖകരമായ സംഭവങ്ങളാല്‍ സമ്മേളനം അവസാനിക്കുകയാണ്. ഇതുവരെ 12 ദിവസമാണ് സഭ സമ്മേളിച്ചത്. ഈ ദിവസങ്ങളിലും പൂര്‍ണമായും സഭാ നടപടികള്‍ നടന്നു എന്നു പറയാനാവില്ല. മിക്ക ദിവസങ്ങളിലും ശ്രദ്ധക്ഷണിക്കലുകളും സബ്മിഷനുകളും അവതരിപ്പിക്കാന്‍ കഴിയാതിരുന്നതിലൂടെ ജനകീയ പ്രശ്നങ്ങള്‍ സഭയില്‍ അവതരിപ്പിച്ച് സര്‍ക്കാറിന്റെ സത്വര ഇടപെടല്‍ നേടാനുള്ള അവസരമാണ് നമ്മുടെ ജനപ്രതിനിധികള്‍ നഷ്ടപ്പെടുത്തിയത്.
ധനാഭ്യര്ത്ഥനകളായാലും നിയമനിര്‍മാണമായാലും, എല്ലാ ഭാഗത്തുനിന്നുമുള്ള അംഗങ്ങളുടെ അഭിപ്രായങ്ങള്‍ സ്വരൂപിച്ചാല് മാത്രമേ, അവയെല്ലാം അര്‍ത്ഥപൂര്‍ണമാകുകയുള്ളൂ. ജനങ്ങളുടെ വികാരം പൂര്‍ണമായും പ്രകടിപ്പിക്കേണ്ട വേദിയായ നിയമസഭയില്‍ അതിനുള്ള സന്ദര്‍ഭവും സമയവും എല്ലാവരും ചേര്‍ന്ന് സൃഷ്ടിക്കേണ്ടതുണ്ടെന്ന് ഓര്‍ക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. പ്രധാനമായും ധനാഭ്യര്‍ത്ഥനാ ചര്‍ച്ചകള്‍ക്കു വേണ്ടിയുള്ള ഈ സമ്മേളനത്തില്‍ അഞ്ച് ധനാഭ്യര്‍ത്ഥനകള്‍ മാത്രമേ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞുള്ളു. ശേഷിക്കുന്ന 40 ധനാഭ്യര്‍ത്ഥനകള്‍ ചര്‍ച്ച കൂടാതെ പാസാക്കുകയാണുണ്ടായത്. ധനവിനിയോഗ ബില്ലും ധനകാര്യ ബില്ലും സഭ പാസ്സാക്കി. നാല് ബില്ലുകള്‍ സബ്ജക്റ്റ് കമ്മിറ്റിക്ക് അയ്ക്കുകയും ചെയ്തു. 10 അടിയന്തിരപ്രമേയങ്ങള്ക്കുള്ള അവതരണാനുമതി നോട്ടീസ് പരിഗണിച്ചു. 630 നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങളും 6258 നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളും അനുവദിച്ചിരുന്നു. സഭയില്‍ 34 ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ വാക്കാല്‍ മറുപടി നല്കി. 10 ശ്രദ്ധക്ഷണിക്കല്‍ പ്രമേയങ്ങളും 45 സബ്മിഷനുകളും സഭയില്‍ അവതരിപ്പിച്ചു. എല്ലാ അംഗങ്ങള്‍ക്കും സ്പീക്കര്‍ റമസാന്‍ ആശംസകള്‍ നേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: