പോര്‍ട്ട് ഓഫ് സ്പെയിന്: ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിലെ നിര്‍ണായക പോരാട്ടത്തിന് ഇന്ത്യ ഇന്ന് ഇറങ്ങുന്നു. ജീവന്മരണപോരാട്ടത്തില് ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികള്‍. അതേസമയം ഇന്നലെ നടക്കേണ്ടിയിരുന്ന വിന്‍ഡീസിനെതിരായ ലങ്കയുടെ മത്സരം മഴ തടസ്സപ്പെടുത്തിയിരിക്കുകയാണ്. ഇന്നത്തെ പോരാട്ടത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയാല്‍ മാത്രമേ ഫൈനല്‍ പ്രവേശനത്തിന് സാധ്യതയുള്ളൂ. മഴ കാരണം വിന്‍ഡീസ്-ലങ്ക മത്സരം ഉപേക്ഷിക്കുകയോ ശ്രീലങ്ക പരാജയപ്പെടുകയോ ചെയ്യുകയും ഇന്ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ലങ്കയെ തോല്‍പ്പിക്കുകയും ചെയ്താല്‍ ഇന്ത്യക്ക് ഫൈനലിലെത്താം.
കഴിഞ്ഞ ദിവസം വിന്‍ഡീസിനെ ബോണസ് പോയിന്റോടെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും വിരാട് കോഹ്ലിയും രവീന്ദ്ര ജഡജേയും മികച്ച ഫോമിലേക്ക് തിരിച്ചെത്തിയതാണ് ഇന്ത്യയുടെ ആത്മവിശ്വാസമുയര്‍ത്തുന്നത്. ബൗളര്‍മാരും മികച്ച ഫോമിലാണ്. ഭുവനേശ്വര്‍കുമാറും ഉമേഷ് യാദവും ഇഷാന്ത് ശര്‍മ്മയും ചേര്‍ന്ന ഫാസ്റ്റ് ബൗളര്‍മാരും ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ മികച്ച സ്പിന്നുമാണ് വെസ്റ്റിന്‍ഡീസിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ കൂറ്റന്‍ വിജയത്തിലേക്ക് നയിച്ചത്. എന്നാല്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനോടും രണ്ടാമത്തെ മത്സരത്തില്‍ ശ്രീലങ്കയോടും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഈ രണ്ട് പരാജയങ്ങളാണ് ഇന്ത്യയുടെ ഫൈനല്‍ സാധ്യത ത്രിശങ്കുവിലാക്കിയത്.
അതേസമയം മത്സരത്തിന് മഴ കനത്ത ഭീഷണിയുയര്‍ത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: