ലണ്ടന്‍: വിംബിള്‍ഡണ്‍ കിരീടം നേടിയ അന്റി മുറേയ്ക്ക് സര് പദവി നല്‍കണമെന്ന ആവശ്യം ബ്രിട്ടണില്‍ ശക്തമായി. വിംബിള്‍ഡണില്‍ ഒരു ബ്രിട്ടീഷ് ചാമ്പ്യനു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചതോടെ രാജ്യത്തിന്റെ അഭിമാനമായിരിക്കുകയാണ് മുറേ.
സ്കോട്ട്ലന്റില്‍ ജനിച്ച മുറേയ്ക്ക് ഉടന്‍ സര് പദവി നല്‍കണമെന്ന് ബ്രിട്ടണിലെ പ്രമുഖ പത്രങ്ങളെല്ലാം ആവശ്യപ്പെട്ടു കഴിഞ്ഞു. ഫെഡറര്‍, നദാല്‍ യുഗം കഴിഞ്ഞുവെന്നും ടെന്നീസില്‍ ഇനി ജോക്കോ വിച്ച്, മുറേ കാലമാണെന്നും ബ്രിട്ടീസ് മാധ്യമങ്ങള്‍ പറയുന്നു.
പത്ത് ഗ്രാന്റ്സ്ലാം കിരിടം നേടാതെ മുറേ വിരമിയ്ക്കില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. എന്നാല്‍ വിംബിള്‍ഡണ്‍ നേടിയെങ്കിലും ഡോകോവിച്ചിനേക്കാള് മൂവായിരത്തോളം പോയിന്റിന് പിന്നിലാണ് മുറേയിപ്പോള്. ഇന്ന് പുറത്തിറങ്ങിയ പുതിയ പട്ടികയില്‍ റോജര്‍ ഫെഡറര്‍ അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
ഒരു ദശകത്തിനിടെ ഫെഡററുടെ മോശം റാങ്കാണിത്. ഡേവിഡ് ഫെറര്‍ മൂന്നാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നപ്പോള്‍ റാഫേല്‍ നദാല്‍ നാലാമതെത്തി. അതിനിടെ 77 വര്‍ഷത്തിനിടെ വിംബിള്‍ടണ്‍ കിരീടം ഉയര്‍ത്തുന്ന താരമെന്ന നിലയില്‍ മുറെയെ ബ്രിട്ടീഷ് പ്രധാനമന്ത്രിയും രാജ്ഞിയും അനുമോദിച്ചു.
കഴിഞ്ഞ ലണ്ടന്‍ ഒളിംബിക്സിനെ അനുസ്മരിപ്പിക്കുന്ന പ്രകടനമായിരുന്നു വിംബില്‍ഡണ്‍ നേട്ടത്തിലൂടെ ആന്റി മുറെയുണര്ത്തിയതെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു.
എന്നാല്‍ വിംബിള്‍ടണ്‍ വിജയത്തില്‍ രാജ്ഞി അനുമോദനം സന്ദേശത്തിലൂടെ അയക്കുകയായിരുന്നു. ടെന്നീസിന്റെ കൊടുമുടിയായ വിംബിള്‍ടണ്‍ കീരീടം സ്വന്തമാക്കിയെന്നായിരുന്നു മുറെ തന്റെ നേട്ടത്തോടെ പറഞ്ഞത്. ഇപ്പോഴും ഈ നേട്ടത്തെ വിശ്വസിക്കാന്‍ പറ്റുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വിംബിള്‍ടണ്‍ നേട്ടത്തിന് ശേഷം ആറ് ഗ്രാന്റ്സ്ലാമുകള്‍ കൂടി ഇനിയും മുറെ സ്വന്തമാക്കുമെന്നാണ് മുന്‍ ഒന്നാം നമ്പര്‍ താരം മക്കെന് റോയ് പറഞ്ഞത്. അഭിനന്ദന പ്രവാഹങ്ങളും അനുമോദനങ്ങളാലും മുറെയെ ടെന്നീസ് ലോകം വാനോളം ഉയര്‍ത്തി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: