പോര്‍ട്ട് ഓഫ് സ്പെയിന്: തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ക്കുശേഷം ടീം ഇന്ത്യ വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തി. വിന്‍ഡീസില്‍ നടക്കുന്ന ത്രിരാഷ്ട്രപരമ്പരയിലെ നിര്‍ണായക മത്സരത്തില്‍ വിന്‍ഡീസിനെ തകര്‍ത്താണ് ടീം ഇന്ത്യ ബോണസ് പോയിന്റോടെ ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമം വഴി 102 റണ്‍സിനാണ് ഇന്ത്യ വിജയം കുറിച്ചത്. സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട അന്നുതന്നെ ഉജ്ജ്വല സെഞ്ച്വറിയുമായി മുന്നില്‍ നിന്ന് നയിച്ച വിരാട് കോഹ്ലിയാണ് മാന്‍ ഓഫ് ദി മാച്ച്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ് നേടി. ഇന്ത്യക്ക് വേണ്ടി കോഹ്ലി (102), ശിഖര്‍ ധവാന് (69), രോഹിത് ശര്‍മ്മ (46) എന്നിവര്‍ മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു. മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസ് പത്തോവറില്‍ രണ്ടിന് 56 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് മഴയെത്തിയത്. മഴ മാറി കളി പുനരാരംഭിച്ചപ്പോള്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിന്‍ഡീസ് വിജയലക്ഷ്യം 39 ഓവറില്‍ 274 റണ്‍സായി പുനര്‍നിര്‍ണയിച്ചു. എന്നാല്‍ വിന്‍ഡീസ് 34 ഒാവറില്‍ 171 റണ്‍സിന് ഓള് ഔട്ടായതോടെയാണ് ഇന്ത്യക്ക് ഉജ്ജ്വല വിജയം കരസ്ഥമാക്കിയത്. വിന്‍ഡീസ് നിരയില്‍ 45 റണ്‍സെടുത്ത ചാള്‍സാണ് ടോപ് സ്കോറര്‍. റോച്ച് 34 റണ്‍സും നേടി. ഗെയ്ല് പത്തു റണ്‍സാണ് നേടാനായത്. ഫാസ്റ്റ് ബൗളര്‍മാരായ ഭുവനേശ്വര്‍കുമാറിന്റെയും ഇഷാന്ത് ശര്‍മ്മയുടെയും മികച്ച പ്രകടനമാണ് ഇന്ത്യക്ക് കൂറ്റന്‍ വിജയം സമ്മാനിച്ചത്.
നേരത്തെ ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ ബ്രാവോ ഇന്ത്യയെ ബാറ്റിംഗിനയച്ചു. ആദ്യ രണ്ട് മത്സരങ്ങളിലും കണ്ട പിഴവുകളൊന്നും ആവര്‍ത്തിക്കാതിരുന്ന ഇന്ത്യയെയാണ് നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ കണ്ടത്. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും ചേര്‍ന്ന് ഉജ്ജ്വലമായ തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 123 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 77 പന്തുകളില്‍ നിന്ന് 8 ബൗണ്ടറികളും രണ്ട് സിക്സറുമടക്കം 69 റണ്‍സെടുത്ത ധവാനെ റോച്ചിന്റെ പന്തില്‍ ഡാരന്‍ ബ്രാവോ പിടികൂടിയതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. അധികം വൈകാതെ രോഹിത് ശര്‍മ്മയെയും ഇന്ത്യക്ക് നഷ്ടമായി. 46 റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ ബെസ്റ്റിന്റെ പന്തില്‍ രാംദിന് പിടികൂടുകയായിരുന്നു. പിന്നീട് ഇടയ്ക്കിടക്ക് ഇന്ത്യന്‍ വിക്കറ്റുകള്‍ വീണതോടെ കഴിഞ്ഞ മത്സരങ്ങളിലെ പിഴവ് ഇവിടെയും ആവര്‍ത്തിക്കുകയാണെന്ന് തോന്നിച്ചു. സ്കോര്‍ 156-ല്‍ എത്തിയപ്പോള്‍ 10 റണ്‍സെടുത്ത സുരേഷ് റെയ്നയും 168-ല്‍ എത്തിയപ്പോള്‍ 6 റണ്‍സെടുത്ത ദിനേശ് കാര്‍ത്തികും 210-ല്‍ നില്‍ക്കേ 27 റണ്‍സെടുത്ത മുരളി വിജയും 221-ല്‍ എത്തിയപ്പോള്‍ രണ്ട് റണ്‍സെടുത്ത രവീന്ദ്ര ജഡേജയും മടങ്ങി. ഒന്നിന് 123 എന്ന ശക്തമായ നിലയില്‍ നിന്ന് 98 റണ്‍സ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. ഇതോടെ 42 ഓവറില്‍ ആറിന് 222 എന്ന നിലയിലായി ഇന്ത്യ. അടുത്ത ഓവറിലെ മൂന്നാം പന്തില്‍ കോഹ്ലി അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കി. 55 പന്തില്‍ നിന്ന് 7 ബൗണ്ടറികളോടെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ അര്‍ദ്ധസെഞ്ച്വറി പിറന്നത്. ഇതിനുശേഷം കോഹ്ലി വിശ്വരൂപം പൂണ്ടു. ആ ബാറ്റില്‍ നിന്ന് ബൗണ്ടറികളും സിക്സറുകളും നിര്‍ഗളം പ്രവഹിച്ചതോടെ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക് നീങ്ങി. അവസാന എട്ട് ഓവറില്‍ 89 റണ്‍സാണ് കോഹ്ലിയും അശ്വിനും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. ഇതില്‍ 25 റണ്‍സ് മാത്രമായിരുന്നു അശ്വിന്റെ സംഭാവന. അവസാന ഓവറിലെ മൂന്നാം പന്തില്‍ വിരാട് കോഹ്ലി സെഞ്ച്വറി തികച്ചു. 81 പന്തില്‍ നിന്ന് 13 ബൗണ്ടറികളും രണ്ട് സിക്സറുകളുമടങ്ങിതാണ് കോഹ്ലിയുടെ ഇന്നിംഗ്സ്. കോഹ്ലിയുടെ 14-ാം ഏകദിന സെഞ്ച്വറിയാണിത്. ഇന്നിംഗ്സിലെ അവസാന പന്തില്‍ കോഹ്ലി പുറത്തായി. ഡ്വെയ്ന്‍ ബ്രാവോയുടെ പന്തില്‍ സമിക്ക് ക്യാച്ച് നല്‍കിയാണ് കോഹ്ലി മടങ്ങിയത്. വിന്‍ഡീസിന് വേണ്ടി ബെസ്റ്റ് രണ്ട് വിക്കറ്റ് വീഴ്ത്തി.
312 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന വെസ്റ്റിന്‍ഡീസിനെ തുടക്കത്തില്‍ തന്നെ പ്രതിരോധത്തിലാക്കാന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍കുമാറിന് കഴിഞ്ഞു. സ്കോര്‍ 14 റണ്‍സിലെത്തിയപ്പോള്‍ അപകടകാരിയായ ഗെയിലിനെ (10) ഭുവനേശ്വര്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികിന്റെ കൈകളിലെത്തിച്ചു. സ്കോര്‍ 25-ല്‍ എത്തിയപ്പോള്‍ ഒരു റണ്‍സെടുത്ത ഡാരന്‍ ബ്രാവോയെ ഭുവനേശ്വറിന്റെ പന്തില്‍ അശ്വിന് ഒന്നാം സ്ലിപ്പില്‍ പിടികൂടി. പിന്നീട് ചാള്‍സും സാമുവല്‍സും ചേര്‍ന്ന് സ്കോര്‍ മുന്നോട്ടുനീക്കി. എന്നാല്‍ വിന്‍ഡീസ് സ്കോര്‍ 10 ഓവറില്‍ രണ്ടിന് 56 റണ്‍സ് എന്ന നിലയില്‍ നില്‍ക്കേ മഴ കളി തടസ്സപ്പെടുത്തി.
പിന്നീട് മഴമാറി കളി പുനരാരംഭിച്ച് അധികം വൈകാതെ സാമുവല്‍സിനെ ആതിഥേയര്‍ക്ക് നഷ്ടമായി. ആറ് റണ്‍സെടുത്ത സാമുവല്‍സിനെ ഇഷാന്ത് ശര്‍മ്മയുടെ പന്തില്‍ ദിനേശ് കാര്‍ത്തിക് പിടികൂടി. പിന്നീടെത്തിയ പൊള്ളാര്‍ഡിനെ നേരിട്ട ആദ്യ പന്തില്‍ തന്നെ ഭുവനേശ്വര്‍കുമാര്‍ അശ്വിന്റെ കൈകളിലെത്തിച്ചതോടെ വിന്‍ഡീസ് നാലിന് 65 എന്ന നിലയില്‍ തകര്‍ന്നു. സ്കോര്‍ 69-ല്‍ എത്തിയപ്പോള്‍ 45 റണ്‍സെടുത്ത ചാള്‍സിനെയും വിന്‍ഡീസിന് നഷ്ടമായി. ഈ തകര്‍ച്ചയില്‍ നിന്ന് വിന്‍ഡീസിന് പിന്നീട് കരകയറാന്‍ കഴിഞ്ഞില്ല. സ്കോര്‍ 91-ല്‍ എത്തിയപ്പോള്‍ 9 റണ്‍സെടുത്ത രാംദിനും 108-ല്‍ എത്തിയപ്പോള്‍ 14 റണ്‍സെടുത്ത ഡ്വെയ്ന്‍ ബ്രാവോയും 113-ല്‍ എത്തിയപ്പോള്‍ 12 റണ്‍സെടുത്ത സമിയും മടങ്ങി. ബ്രാവോയെയും രാംദിനെയും സമിയെയും മടക്കിയത് ഉമേഷ് യാദവാണ്. ഇതോടെ എട്ടിന് 113 എന്ന നിലയിലായി വിന്‍ഡീസ്. ഒമ്പതാം വിക്കറ്റില്‍ റോച്ചും നരേയ്നും ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാരെ പ്രതിരോധിച്ചുനിന്നു. ഒടുവില്‍ സ്കോര്‍ 171-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞത്. 21 റണ്‍സെടുത്ത നരേയ്നെ രവീന്ദ്ര ജഡേജയുടെ പന്തില്‍ ഇഷാന്ത് ശര്‍മ്മ പിടികൂടി. തൊട്ടടുത്ത പന്തില്‍ റോച്ചിനെ ജഡേജ ക്ലീന്‍ ബൗള്‍ഡാക്കുകയും ചെയ്തതോടെ വിന്‍ഡീസ് ഇന്നിംഗ്സ് 171 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യക്ക് വേണ്ടി ഭുവനേശ്വര്‍കുമാര്‍ 8 ഓവറില്‍ 29 റണ്‍സ് വഴങ്ങിയും ഉമേഷ് യാദവ് 32 റണ്‍സ് വഴങ്ങിയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഇഷാന്ത്് ശര്‍മ്മയും രവീന്ദ്രജഡേജയും രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. ഒമ്പതിന് ശ്രീലങ്കക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: