കൊല്ലം: ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിനതിരെ കൊല്ലത്ത് യുവജനസംഘടനകളുടെ പ്രതിഷേധം.
നവീകരിച്ച കൊല്ലം പ്രസ് ക്ലബ് മന്ദിരം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിയെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രസ് ക്ലബ് മന്ദിരത്തിന് പുറത്ത് കരിങ്കൊടി കാട്ടി.
റെയില്‍വേ ഗോഡൗണിനകത്ത് നിന്ന പ്രവര്‍ത്തകര്‍ മന്ത്രി എത്തിയതോടെ പോലീസ് വലയം ഭേദിച്ച് കരിങ്കൊടി വീശി മുദ്രാവാക്യം വീശി പാഞ്ഞടുക്കുകയായിരുന്നു. ഇവരെ എസിപി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് തടഞ്ഞു. യുവമോര്‍ച്ചാ പ്രവര്‍ത്തകരായ വിഷ്ണുവിജയന്‍, വിഷ്ണുമോഹന് മേലില, കലയപുരം വിഷ്ണു, വിനീത്, അഭിലാഷ് എന്നിവരെ പ്രസ് ക്ലബിന് മുന്നിലിട്ട് പോലീസ് തല്ലിചതച്ചു. ഇന്നലെ വൈകിട്ട് മൂന്നരയോടെ കൊല്ലത്തെത്തിയ മന്ത്രിക്ക് കനത്ത സുരക്ഷാസന്നാഹമാണ് പോലീസ് ഒരുക്കിയത്. ആറിന് മന്ത്രി മടങ്ങിപോകുന്നത് വരെ റോഡ് പൂര്‍ണമായും ബ്ലോക്ക് ചെയ്തായിരുന്നു പോലീസിന്റെ കരുതല്‍ നടപടി.
മന്ത്രിക്കെതിരെ കരിങ്കൊടി വീശാന്‍ തയ്യാറെടുത്തിരുന്ന ജനാധിപത്യ മഹിളാഅസോസിയേഷന്‍ പ്രവര്‍ത്തകരെ നേരത്തെ തന്നെ അറസ്റ്റ് ചെയ്ത് നീക്കി. പക്ഷേ എല്ലാം ഭദ്രമെന്ന് കരുതി പ്രസ് ക്ലബിലേക്ക് നീങ്ങിയ മന്ത്രിയെ ചിന്നക്കടയില്‍ ഒരു സംഘം എഐവൈഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു.
അവരെ അറസ്റ്റ് ചെയ്ത് നീക്കി വണ്ടിയില്‍ നിന്നും പുറത്തിറങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി വിഷ്ണുവിജയന്റെ നേതൃത്വത്തില്‍ മന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയത്. പരിപാടി കഴിഞ്ഞ് മന്ത്രി മടങ്ങിപോകുമ്പോഴും പ്രതിഷേധം അടങ്ങിയില്ല. പുറത്തിറങ്ങിയ മന്ത്രിയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവരെ നേരിട്ടു. സംഘര്‍ഷത്തില്‍ ഡിവൈഎഫ്ഐ നേതാവ് മുരളീധരനെ അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: