കണ്ണൂര്‍: പാലക്കാട് ഡിവിഷന് വിഭജിച്ച് മംഗ്ലുരു ഡിവിഷന് രൂപീകരിക്കാനുള്ള നീക്കം രണ്ടു ഡിവിഷന് വേണമെന്ന കേരളത്തിന്റെ വര്‍ഷങ്ങളായുളള ആവശ്യത്തിന് കനത്ത തിരിച്ചടിയാകുമെന്ന് സൂചന.
പാലക്കാട് വിഭജിച്ച് മംഗ്ലുരു രൂപീകരിച്ചാല്‍ വളരെ ചെറിയ മേഖല ഉള്‍കൊള്ളുന്ന പ്രദേശം എന്ന നിലയില്‍ പാലക്കാട് ഡിവിഷന് തന്നെ ഇല്ലാതാകും. കേരളത്തിന് ഒറ്റ ഡിവിഷന് എന്ന ആശയം നടപ്പാക്കുന്നതിന്റെ തുടക്കമാണ് പാലക്കാട് വിഭജിക്കുക എന്നത്. തിരുവനന്തപുരം ഡിവിഷനിലെ നാഗര്‍കോവില്‍ മേഖലയും പാലക്കാട് ഡിവിഷനിലെ പോത്തന്നൂര്‍, പനമ്പൂര്‍ ഭാഗവും ഒഴിവാക്കിയാണ് കേരളത്തിന് മാത്രമായി ഡിവിഷന് എന്ന ആശയം റെയില്‍വേ മുന്നോട്ട് വയ്ക്കുന്നത്.
റെയില്‍വേ വികസനത്തിന് കേരളത്തിന് സ്വന്തമായ സോണ്‍ എന്ന ആശയത്തെ അട്ടിമറിക്കാനാണ് കര്‍ണാടക, തമിഴ്നാട് ലോബികള്‍ ശ്രമിക്കുന്നത്. തിരുവനന്തപുരം ഡിവിഷനിലെ നെയ്യാറ്റിന്‍കര, നാഗര്‍കോവില്‍ ഭാഗം കേരളത്തില്‍ നിന്ന് മാറ്റി തിരുനെല്‍വേലി ഡിവിഷന് രൂപീകരിക്കാനുള്ള ശ്രമം ഒരുവര്‍ഷം മുമ്പേ നടത്തിയിരുന്നു. അതോടൊപ്പം പാലക്കാട് ഡിവിഷനിലെ മഞ്ചേശ്വരം മുതല്‍ പനമ്പൂര്‍ വരെയും മൈസുരു ഡിവിഷന്റെ ചില ഭാഗവും ഉള്‍പ്പെടുത്തി മംഗ്ലുരു ഡിവിഷനും രൂപീകരിക്കുക എന്നതായിരുന്നു ഉദ്യേശം. കേരളത്തിലെ ജനപ്രതിനിധികളും മാധ്യമങ്ങളും ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് റെയില്‍വേ തത്കാലം പിന്‍വാങ്ങിയത്. എന്നാല്‍ അവസരം ഒത്തുവന്നപ്പോള്‍ ഇതിനുള്ള ശ്രമം വീണ്ടും തുടങ്ങി. അതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം മംഗ്ലുരുവില്‍ കേന്ദ്രമന്ത്രി ഓസ്കാര്‍ ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ റെയില്‍വേ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ത്തത്.
പൊതു തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പുതിയ ഡിവിഷന് രൂപീകരണത്തിനുള്ള നീക്കത്തിന് തമിഴ്നാട്, കര്‍ണാടക പ്രാദേശികകക്ഷികള്‍ ശ്രമം തുടങ്ങിയത്.
കേരളത്തിലെ കേന്ദ്രമന്ത്രിമാരുടെ ഇടപെടല്‍ ഇല്ലെങ്കില്‍ വിഭജനം ഉടന്‍ നടന്നേക്കും. കര്‍ണാടക ലോബിയുടെ കണ്ണ് പനമ്പൂര്‍, കങ്കനാടി ഭാഗമാണ്. പാലക്കാട് ഡിവിഷനിലെ ചരക്ക് ഗതാഗതത്തില്‍ കൂടുതല്‍ ലാഭം നല്കുന്ന ഈ ഭാഗം ഒഴിവായാല്‍ പാലക്കാട് ഡിവിഷന് പിന്നെ നിലനില്‍പ്പില്ല.
റെയില്‍വെയില്‍ യാത്രാ ഇനത്തില്‍ കൂടുതല്‍ വരുമാനം നല്‍കുന്നത് കേരളത്തില്‍ നിന്നാണ്. ആറ് വര്‍ഷം മുന്നേ സേലം ഡിവിഷന് രൂപീകരിക്കാന്‍ വേണ്ടി പാലക്കാട് ഡിവിഷന്റെ തിരുപ്പത്തൂര്‍ മുതല്‍ മധുക്കര വരെയും തിരുച്ചിറ പോര്‍ട്ട്-ഈറോഡ്, കോയമ്പത്തൂര്‍-ഊട്ടി എന്നീ ഭാഗങ്ങള്‍ ഒഴിവാക്കിയിരുന്നു. ഇപ്പോള്‍ മധുക്കര മുതല്‍ കര്‍ണാടകത്തിലെ പനമ്പൂര്‍ വരെയുള്ള 380 കിലോമീറ്ററിലാണ് ഡിവിഷന് സ്ഥിതി ചെയ്യുന്നത്. നേരത്തെ 1200 കിലോമീറ്ററുണ്ടായിരുന്നു. കണ്ണൂര്‍-ബംഗ്ലുരു യശ്വന്ത്പൂര്‍ എക്സ്പ്രസിന്റെ പകുതി കോച്ച് കാര്‍വാറിലേക്ക് നീട്ടിയതും ഇതിനിടെയാണ്.
കേരളത്തിന് റെയില്‍വേ സോണ്‍ എന്ന ആവശ്യം ശക്തമായിട്ട് വര്‍ഷങ്ങളായി. ഇതിന് പകരമായി രണ്ട് വര്‍ഷം മുന്നേ ചീഫ് അക്കൗണ്ടിംഗ് ഓഫീസ് അനുവദിച്ചിരുന്നു. എന്നാല്‍ ആവശ്യത്തിന് ജീവനക്കാരെ നിശ്ചയിക്കാനോ ഫിനാന്‍സ് വിഭാഗം അനുവദിക്കാനോ തയ്യാറായിട്ടില്ല. സാമ്പത്തിക പ്രയാസം പറഞ്ഞ് കേരളത്തിലെ റെയില്‍വേ വികസനം തടസ്സപ്പെട്ട ഘട്ടത്തിലാണ് കേരളത്തെ വെട്ടിമുറിച്ച് പുതിയ ഡിവിഷന് രൂപീകരിക്കാനുള്ള റെയില്‍വേ നീക്കം. നീക്കത്തില്‍ നിന്ന് റെയില്‍വേ പിന്മാറണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. റെയില്‍വേ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധിക്കണമെന്നും ജന പ്രതിനിധികള്‍ ഇടപെടണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: