മുംബൈ: സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്നു പ്രഖ്യാപിക്കും. തുടര്‍ച്ചയായ കളികളുടെയും പരിക്കുകളുടെയും പശ്ചാത്തലത്തില്‍ സീനിയര്‍ താരങ്ങളില്‍ ചിലരെ ഒഴിവാക്കിയേക്കും. അഞ്ച് ഏകദിന മത്സരങ്ങളിലാണ് ഇന്ത്യയും സിംബാബ്വെയും കൊമ്പുകോര്‍ക്കുന്നത്. ആദ്യമത്സരം ജൂലൈ 24ന്. ആഗസ്റ്റ് മൂന്നിന് പരമ്പര അവസാനിക്കും.
ചാമ്പ്യന്‍സ് ട്രോഫി കിരീടം സ്വന്തമാക്കിയ ടീമില്‍ ഒരു മാറ്റവും വരുത്താതെയാണ് ഇന്ത്യന്‍ വിന്‍ഡീസില്‍ പോയത്. എന്നാല്‍ നായകന് മഹേന്ദ്ര സിങ് ധോണി പരിക്കേറ്റു കരയ്ക്കുകയറി. ഈ സാഹചര്യത്തില്‍ സിംബാബ്വെ പര്യടനത്തില്‍ ധോണിക്ക് വിശ്രമം അനുവദിച്ചേക്കും.
അങ്ങനെയെങ്കില്‍ സീനിയര്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന് തിരിച്ചുവരവിന് അവസരം ഒരുങ്ങും. പരിചയസമ്പന്നനായ താരമെന്ന നിലയിലാവും ഗംഭീറിനെ പരിഗണിക്കുക.
വിന്‍ഡീസ് പര്യടനത്തിനുള്ള സാധ്യതാ ടീമില്‍ ഗംഭീറിനെ ഉള്‍പ്പെടുത്തിയെങ്കിലും അവസാനം തഴയുകയായിരുന്നു. ഗംഭീര്‍ വന്നാല്‍ മുരളി വിജയ് വഴിമാറും.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒരു മത്സരത്തിലും വിജയ് കളിക്കാനിറങ്ങിയിരുന്നില്ല. ത്രിരാഷ്ട്ര കാപ്പില്‍ ശ്രീലങ്കയോട് ബാറ്റ് ചെയ്തെങ്കിലും ദീര്‍ഘമായ ഇന്നിങ്ങ്സിനു പരാജയപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗംഭീറിന് വഴിതെളിയുന്നത്. ധോണിക്ക് പകരംവന്ന അമ്പാട്ടി റായിഡുവിനെയും ഇര്ഫാന് പഠാന് പകരമെത്തിയ ഷാമി അഹമ്മദിനെയും നിലനിര്‍ത്തും. സാധ്യതാ ടീമിലുണ്ടായിരുന്ന മനോജ് തിവാരിക്ക് പരിക്കേറ്റതിനാല്‍ മധ്യനിരയിലെ ഒഴിവില്‍ ചേതേശ്വര്‍ പൂജാരയും കണ്ണുവയ്ക്കുന്നുണ്ട്. പേസ് ബൗളര്‍മാരുടെ കൂട്ടത്തില്‍ പ്രവീണ്‍ കുമാര്‍ തിരിച്ചെത്തിയേക്കും.
രാഹുല്‍ ശര്‍മയെ മറികടന്ന് അമിത് മിശ്ര സ്പിന്‍ അറ്റാക്കില്‍ ഇടംനേടുമെന്നാണ് സൂചന. ത്രിരാഷ്ട്ര കപ്പിനുള്ള ടീമിലെ അംഗമായ മിശ്ര ഇതുവരെ പന്തെറിഞ്ഞിട്ടില്ല.അതിനാല്‍ ഹരിയാന സ്പിന്നര്‍ക്ക് ഒരവസരംകൂടി നല്‍കാനാവും സെലക്റ്റര്‍മാരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: