ബ്രസീല്‍ ഫുട്ബോളിലെ അധികമാരാലും ശ്രദ്ധിക്കപ്പെടാത്ത താരമാണ് ഒമ്പതാം നമ്പര്‍ ജേഴ്സിയണിയുന്ന ഫ്രെഡ്. സൂപ്പര്‍ താരം നെയ്മറുടെ നിഴലില്‍ ഒതുങ്ങികൂടേണ്ടിവരുന്ന താരം കൂടിയാണ് ഫ്രെഡറികോ ഷാവേസ് ഗ്യൂഡസ് എന്ന ഫ്രെഡ്. ഇതുതന്നെയാണ് ഫ്രെഡിന്റെ വിജയവും. എതിര് നിരക്കാര്‍ നെയ്മറിനെ ലക്ഷ്യം വെക്കുമ്പോള്‍ ബ്രസീലിനുവേണ്ടി ഗോളടിച്ചു കൂട്ടുന്നതും ഈ ഒമ്പതാം നമ്പറുകാരനാണ്. ഇങ്ങനെ മണ്ണും ചാരി നിന്ന് ഫ്രെഡ് ഇക്കഴിഞ്ഞ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ സ്പാനിഷ് താരം ഫെര്‍ണാണ്ടോ ടോറസിനൊപ്പം അഞ്ച് ഗോളുകളാണ് അടിച്ചുകൂട്ടിയത്.
ബ്രസീലിയന്‍ ഫുട്ബോളില്‍ സൂപ്പര്‍താരങ്ങള്‍ അരങ്ങുവാഴുമ്പോള്‍ മറ്റുള്ളവര്‍ ഇവരുടെ പ്രഭയ്ക്ക് മുന്നില്‍ പിന്തള്ളപ്പെട്ടുപോകുന്നത് സര്‍വസാധാരണമാണ്. പെലെ യുഗത്തില്‍ ഗരിഞ്ചയ്ക്ക് ഈ വിധി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എന്നാല്‍ ഫ്രെഡിനെ അധികമാരും ശ്രദ്ധിക്കാത്തത് നെയ്മറുടെ പ്രഭാവംകൊണ്ടാണെന്ന് പറയാനാകില്ല. ലൂയി ഫിലിപ്പ് സ്കൊളാരി ബ്രസീലിന്റെ പരിശീലകനായി സ്ഥാനമേറ്റതോടെയാണ് ഫ്രെഡിന്റെ ശുക്രദശ ഉദിച്ചത്.
ഈ മുന്നേറ്റക്കാരനെ ടീമിലെടുത്തതിന്റെ പേരില്‍ സ്കൊളാരി ഏറെ പഴികേട്ടിരുന്നു. പഴയ പടക്കുതിരകളായ ലൂയിസ് ഫാബിയാനോക്ക് പ്രായമായതും, ലിയനാര്‍ഡോ ഡാമിയോക്ക് പരിക്കേറ്റതുമാണ് ഫ്രെഡിനെ ടീമിലെടുക്കാന്‍ സ്കൊളാരിയെ പ്രേരിപ്പിച്ചത്. ഏത് ആംഗിളില്‍നിന്നും ഗോളടിക്കാനുള്ള കഴിവ് ഒഴിച്ചുനിര്‍ത്തിയാല്‍ ഫ്രെഡ് ഒരു അസാമാന്യ പ്രതിഭയൊന്നുമായിരുന്നില്ല. എന്നാല്‍ സ്കൊളാരിയുടെ ശിക്ഷണത്തില്‍ ഫ്രെഡ് അടിമുടി മാറി. എതിര് താരങ്ങളുടെ കാലില്‍ നിന്ന് പന്ത് റാഞ്ചിയെടുത്ത് കുതിക്കാനും ബോക്സിനുള്ളില്‍ പ്രവേശിച്ചശേഷം ഇടതുവലതു കാല് കൊണ്ട് വലയിലേക്ക് നിറയൊഴിക്കാനും കഴിവുള്ള മികച്ചൊരു സ്ട്രൈക്കറാക്കി സ്കൊളാരി കുറഞ്ഞകാലം കൊണ്ട് ഫ്രെഡിനെ മാറ്റിയെടുത്തു. ഇന്ന് ഏത് പ്രതിരോധനിരയും പേടിക്കുന്ന അപകടകരമായ സ്ട്രൈക്കറായി ഈ 29 കാരന് മാറി.
2002-ല്‍ അമേരിക്ക മിനെയ്റോയിലൂടെയാണ് ഫ്രെഡ് ബ്രസീല്‍ ഫുട്ബോളില്‍ അവതരിക്കുന്നത്. 2004വരെ അവിടെ തുടര്‍ന്ന ഫ്രെഡ് 29 മത്സരങ്ങളില്‍ നിന്ന് 9 ഗോളുകള്‍ നേടി. അതേ വര്‍ഷം ക്രൂസിറോയ്ക്കുവേണ്ടി കളിച്ചു. 2005 വരെ ക്രൂസിറോയില് തുടര്‍ന്ന ഫ്രെഡ് നേടിയത് 43 മത്സരങ്ങളില്‍ നിന്ന് 24 ഗോളുകള്‍. ഈ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ 2005-ല്‍ ദേശീയ ടീമില്‍ ഇടംപിടിച്ചു. 2005-ല്‍ ഫ്രഞ്ച് ടീമായ ലിയോണിലെത്തി. 2009വരെ അവിടെ തുടര്‍ന്ന ഫ്രെഡ് 87 മത്സരങ്ങളില്‍ നിന്ന് 34 ഗോളുകള്‍ നേടി. എന്നാല്‍ ലിയോണിലെ നാലുവര്‍ഷം ഫ്രെഡിന് നിരാശ മാത്രമാണ് സമ്മാനിച്ചത്. കഴിഞ്ഞത് നിരാശ മാത്രമാണ് സമ്മാനിച്ചത്. ഫ്രഞ്ച് ലീഗിലെ ആദ്യ സീസണില്‍ രണ്ടാമത്തെ ടോപ് സ്കോററായ ഫ്രെഡിന് പിന്നീട് പരിക്ക് തിരിച്ചടിയായി. കൂടാതെ മിലാന് ബാരോസ്, കരീം ബെന്‍സേമ എന്നിവര്‍ ലിയോണിലെത്തിയതോടെ ടീമിലെ സ്ഥിരം സ്ഥാനവും നഷ്ടമായി. തുടര്‍ന്ന് ബ്രസീല്‍ 2009ല്‍ ലീഗിലെ ഫഌമിനസില് ചേര്‍ന്നു. ഇതിനിടയില്‍ ദേശീയ ടീമിനുവേണ്ടി ഇടയ്ക്കിടെ തലകാണിച്ചു. കഴിഞ്ഞ ലോകകപ്പിന്റെ യോഗ്യതാ റൗണ്ട് പോരാട്ടങ്ങള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെട്ടില്ലെങ്കിലും ലോകകപ്പിന്റെ ഫൈനല്‍ റൗണ്ടില്‍ കളിച്ചു. പിന്നാലെ കോപ അമേരിക്കയും കളിച്ചു. പിന്നീട് ഫ്രെഡിന് സ്ഥാനമുണ്ടായില്ല. ഒടുവില്‍ കഴിഞ്ഞ വര്‍ഷം സ്കൊളാരി വീണ്ടും പരിശീലകനായി എത്തിയതോടെ ഫ്രെഡും ടീമില്‍ ഇടംപിടിച്ചു. തന്നെ ടീമിലെടുത്ത കോച്ചിന്റെ വിശ്വാസം കാത്തുസൂക്ഷിച്ച ഫ്രെഡ് കാനറികളെ കോണ്‍ഫെഡറേഷന്‍ കപ്പ് വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. അഞ്ച് ഗോളുകള്‍ നേടിയ ഫ്രെഡ് ചാമ്പ്യന്‍ഷിപ്പിന്റെ സില്‍വര്‍ ഷൂ സ്വന്തമാക്കുകയും ചെയ്തു.
സ്പോര്‍ട്സ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: