താഹിതി എന്ന രാജ്യത്തെ ഫുട്ബോള്‍ പ്രേമികള്‍ ഇനി നെഞ്ചില്‍ താലോലിക്കും. ഒന്നു ചിന്തിച്ചിട്ട് അവര്‍ ഒന്നടങ്കം പറയും സമ്മതിക്കണം… താഹിതിയെ. വെറും രണ്ട് ലക്ഷത്തോളം ജനങ്ങള്‍ മാത്രം വസിക്കുന്ന ചെറു രാജ്യം. അതായത് നമ്മുടെ ആലപ്പുഴയെക്കാളും ചെറുത്. എന്നിട്ടും വമ്പന്‍ ടീമുകളായ സ്പെയിന്, ബ്രസീല്‍, ഇറ്റലി, യുറഗ്വെ എന്നിവര്‍ക്കൊപ്പം കോണ്‍ഫഡറേഷന്‍ കപ്പില്‍ കളിക്കാനിറങ്ങിയതോടെ ഫുട്ബോള്‍ പ്രേമികളുടെ മനസ്സില്‍ താഹിതി വലിയ രാജ്യമായി മാറി കഴിഞ്ഞു. ഏറെ പരിമിതികളുണ്ടായിട്ടും ഫുട്ബോള്‍ റാങ്കിങ്ങില്‍ ഇന്ത്യയേക്കാള്‍ ഒമ്പത് പടി മുന്നിലാണ് താഹിതിയെന്ന ഈ തെക്കന്‍ പസഫിക് സമുദ്രത്തിലെ ചെറു രാജ്യം. റാങ്കിങ്ങില്‍ 138-ാം സ്ഥാനത്താണ് താഹിതി. ഇന്ത്യയാകട്ടെ 147-ാം സ്ഥാനത്തും. 2012ലെ ഓഷ്യാനിയ നേഷന്‍സ് കപ്പില്‍ ജേതാക്കളായതോടെയാണ് താഹിതിക്ക് കോണ്‍ഫഡറേഷന്‍സ് കപ്പ് പോലൊരു വമ്പന്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കളിക്കാനവസരം ലഭിച്ചത്. ന്യൂസിലാന്റിനും ഓസ്ട്രേലിയക്കും ശേഷം ഓഷ്യാന മേഖലയില്‍ ഒരു കിരീടാവകാശി ഉണ്ടായതും താഹിതിയിലൂടെയാണ്. തെഹാവൂ കുടുംബത്തിലെ നാല്‍വര്‍ സംഘത്തിന്റെ കരുത്തിലാണ് താഹിതി ആദ്യ കിരീടം സ്വന്തമാക്കിയത്. ലോറെന്‍സോ തെഹാവു, ആല്വിന് തെഹാവു, ജോനാഥന് തെഹാവൂ, പിതൃസഹോദര പുത്രന് തിയൊനുയി എന്നിവരാണ് ഈ നാല്‍വര്‍ സംഘം. ഓഷ്യാന ചാമ്പ്യന്‍ഷിപ്പില്‍ തഹിതി നേടിയ 20 ഗോളില്‍ 15 എണ്ണവും തെഹാവു സഹോദരന്മാരാണ് നേടിയത്. പ്രതിരോധനിരയിലെ കരുത്തന് നിക്കോളാസ് വല്ലാറാണ് ടീം നായകന്. പ്രതിരോധത്തിന് മുന്‍തൂക്കം കൊടുത്ത് 4-4-2 ശൈലിയാണ് പൊതുവേ താഹിതി അവലംബിച്ചു വരുന്നത്. കോച്ച് എഡ്ഡി എറ്റേറ്റയുടെ കീഴില്‍ കളത്തിലിറങ്ങിയ താഹിതിക്ക് അത്ര മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാനായില്ലെങ്കിലും ഈ വമ്പന്‍ ടീമുകള്‍ക്കൊപ്പം കളിക്കാനായ ചാരിതാര്‍ത്ഥ്യത്തിലാണ് ഇവര്‍. 2013ലെ കോണ്‍ഫഡറേഷന്‍ കപ്പില്‍ ജൂണ്‍ 17ന് നൈജീരിയക്കെതിരെയുള്ള അരങ്ങേറ്റ മത്സരത്തില്‍ താഹിതി 6-1ന് പരാജയപ്പെട്ടെങ്കിലും ജോനാഥന് തെഹാവുവിന്റെ ഹെഡറിലൂടെ ഒരു ഗോള്‍ നേടാനായി എന്നതായിരുന്നു അവരുടെ ആശ്വാസം. ജൂണ്‍ 20നായിരുന്നു അവരുടെ രണ്ടാം മത്സരം. എതിരാളികളാകട്ടെ സ്പാനിഷ് ചെമ്പടയും. താഹിതിയുടെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായിരുന്നു സ്പെയിനിനെതിരെ നടന്ന ആ മത്സരം. 10- പൂജ്യത്തിനായിരുന്നു അവര്‍ സ്പെയിനിനോട് പരാജയപ്പെട്ടത്. ജൂണ്‍ 23ന് നടന്ന കളിയിലാകട്ടെ 8-3നാണ് താഹിതി യുറഗ്വേയോട് പരാജയപ്പെട്ടത്. അകെ 24 ഗോള്‍ തങ്ങളുടെ ഗോള്‍ വലയില്‍ വീണപ്പോള്‍ ഒരെണ്ണം മാത്രമാണ് താഹിതിക്ക് മടക്കാനായത്. എന്നാല്‍ ഫെയര്‍ പ്ലേയെ തുടര്‍ന്ന് അംഗീകാരവും അനുമോദനവും ലഭിച്ച ടീമായി താഹിതി മാറി. മോശം റെക്കോര്‍ഡുകളും വമ്പന്‍ പരാജയങ്ങളുമാണ് താഹിതിക്ക് ഏറ്റുവാങ്ങേണ്ടി വന്നതെങ്കിലും ബ്രസീലിയന്‍ ജനതയുടെ മനസ്സിലും ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികളുടെ മനസ്സിലും താഹിതി എന്ന ടീം കൂടുക്കൂട്ടി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: