കൊളംബൊ: മദ്യപിച്ചു ലക്കുകെട്ട ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ആകാശത്ത് സഞ്ചരിച്ചുകൊണ്ടിരുന്ന ബ്രിട്ടീഷ് എയര്‍വെയ്സ് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചു. വിമാനം 35,000 അടി ഉയരത്തില്‍ പറക്കുമ്പോഴാണ് മദ്യപിച്ച് ലക്കുകെട്ട താരം വിമാനത്തില്‍ വാതില്‍ ബലമായി തുറക്കാന്‍ ശ്രമിച്ചത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉത്തരവിട്ടു. ലങ്കയുടെ എ ക്ലാസ് ടീമംഗമാണ് വന്‍ അപകടത്തിന് കാരണമായേക്കാവുന്ന പ്രവൃത്തി ചെയ്തത്. വെസ്റ്റിന്‍ഡീസില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷം സെന്റ് ലൂസിയയില്‍ നിന്നും ലണ്ടന്‍ ഗാഡ്വിക്ക് വിമാനത്താവളത്തിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.
ടോയ്ലറ്റിന്റെ വാതിലാണെന്ന് തെറ്റിധരിച്ചാണ് ശ്രീലങ്കന്‍ കളിക്കാരന് പുറത്തേക്കുള്ള വാതില്‍ തുറക്കാന്‍ ശ്രമിച്ചത്. വിചാരിച്ചത്ര വേഗത്തില്‍ വാതില്‍ തുറക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് കളിക്കാരന് ആകാവുന്നത്ര ബലം ഉപയോഗിച്ച് വാതില്‍ തുറക്കാന്‍ പരിശ്രമിച്ചതായി ദൃക്സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് സഹകളിക്കാര്‍ ഇടപെട്ടാണ് വന്‍ അപകടം ഒഴിവാക്കിയത്.
സംഭവം വളരെ ഖേദകരമാണെന്നും ബോര്‍ഡ് ടീം മാനേജരുമായി വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. മാനേജര്‍ നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തും. കുറ്റം ചെയ്തതായി തെളിഞ്ഞാല്‍ കളിക്കാരനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബോര്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു.
ശ്രീലങ്കന്‍ എ ടീം വെസ്റ്റ് ഇന്‍ഡീസില്‍ നാലുദിനം നീണ്ടുനില്‍ക്കുന്ന രണ്ട് ടെസ്റ്റുകളും 50 ഓവര്‍-ട്വന്റി 20 മത്സരങ്ങളും കളിക്കാനാണ് എത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: